പക്ഷിയെപ്പോലെ പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ സഹനത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ‘കപ്പ്’. അവന്റെ മോഹങ്ങൾക്കും ചിറകുപകരുന്നത് തൂവലുകളാണ്. ബാഡ്മിൻ്റൺ കോർട്ടിൽ ഷട്ടിൽ കോക്കുകൊണ്ട് ഈ ചെറുപ്പക്കാരൻ നെയ്യുന്ന പ്രതീക്ഷയുടെ യാത്രയാണ് ചിത്രം. സഞ്ജു വി സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജീവൻ പോലെ സ്നേഹിക്കുന്ന ബാഡ്മിൻ്റണിൽ ഉയരങ്ങൾ സ്വപ്നം കാണുന്ന, കപ്പിനായി മോഹിക്കുന്ന നിധിൻ എന്ന കണ്ണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. എന്തിനും ഏതിനും കണ്ണന് കൂട്ടായി തൂവൽ എന്ന് വിളിപ്പേരുള്ള ചങ്ങാതിയും ഒപ്പമുണ്ട്. മാത്യു തോമസാണ് കണ്ണനായി വേഷമിട്ടിരിക്കുന്നത്. കാർത്തിക് വിഷ്ണുവാണ് ചങ്ങാതിയായി എത്തുന്നത്.
ഇടുക്കിയിലെ വെള്ളത്തൂവൽ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കണ്ണൻ എന്ന പതിനാറുകാരൻ്റെ മോഹങ്ങൾക്ക് ഒരുപാട് വെല്ലുവിളികളുണ്ട്. അതിനെയെല്ലാം തരണം ചെയ്യാനുള്ള യാത്രയിൽ സൗഹൃദവും പ്രണയവും കുടുംബ ബന്ധവുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. കണ്ണന് ഇതെല്ലാം ചിലപ്പോഴൊക്കെ കരുത്തും മറ്റുചിലപ്പോൾ ബലഹീനയും ആകുന്ന കാഴ്ചയും ചിത്രത്തിൽ കാണാം.
താരനിരകൊണ്ട് സമ്പന്നമാണ് ചിത്രം. നിർണായകമായ വേഷത്തിൽ നമിത പ്രമോദും ബേസിൽ ജോസഫും എത്തുന്നുണ്ട്. മനസ്സുനിറക്കുന്ന അതിഥി വേഷവും ചിത്രത്തിലുണ്ട്. ബേസിൽ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രം ചിത്രത്തിലെ പ്രധാന കണ്ണികളിലൊന്നാണ്. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്. ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. ആനന്ദ് റോഷൻ, സന്തോഷ് കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാഡ്മിൻ്റൺ താരമായി 16-കാരൻ്റെ വേഷം മാത്യു തോമസ് ഭദ്രമാക്കി. പതിവ് ശെെലിയിൽ നിന്ന് മാറിയുള്ള കഥാപാത്രം ബേസിൽ മികച്ചതാക്കി. ബാഡ്മിൻ്റൺ കളിയും വെെകാരിക നിമിഷങ്ങളും കൗമാരപ്രണയവുമെല്ലാം സമാസമം ചേർത്ത് ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥാപരിസരത്തോട് ഇണങ്ങിനിൽക്കുന്ന ഗാനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാവുന്നുണ്ട്. ഷാൻ റഹ്മാൻ ആണ് സംഗീതം. പശ്ചാത്തല സംഗീതം ജിഷ്ണു തിലക് നിർവഹിച്ചിരിക്കുന്നു.
നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ. റെക്സൺ ജോസഫ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നു. സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം എന്നിവരാണ്.
‘മരണശേഷവും പറക്കാനാഗ്രഹിക്കുന്ന പക്ഷിച്ചിറകുകളാണത്രേ ഷട്ടിൽ കോക്കുകളാവുന്നത്’, ഈ വാചകങ്ങൾ പോലെ തന്നെയാണ് സിനിമ മുന്നോട്ട് വെക്കുന്ന പ്രതീക്ഷയുടെ കണങ്ങളും. സംവിധായകൻ അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കപ്പി’നുണ്ട്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]