തിരുവനന്തപുരം: നാടകങ്ങളിലൊന്നും അഭിനയിച്ച് പരിചയമില്ലാത്ത എന്നെ ഇരകൾ എന്ന സിനിമയിലൂടെ അഭിനേതാവാക്കിയത് കെ.ജി.ജോർജായിരുന്നുവെന്ന് നടൻ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ. അദ്ദേഹം പറഞ്ഞുതന്നതു കേട്ടാണ് ഞാൻ അഭിനയിച്ചത്. കല്ലിൽ തന്റെ ശില്പം കാണുന്ന ശില്പിക്കു സമാനമായിരുന്നു അദ്ദേഹത്തിന്റെ സംവിധാനമികവ്.
തിരുവനന്തപുരത്ത് പഠിക്കുമ്പോൾ ഗാന്ധിമതി ബാലന്റെ നിർമാണക്കമ്പനിയിൽവെച്ചാണ് കെ.ജി.ജോർജിനെ കാണുന്നത്. പിന്നീട് നടൻ സുകുമാരൻ ‘ഇരകൾ’ എന്ന സിനിമ നിർമിക്കാൻ തുടങ്ങുമ്പോൾ, ഗാന്ധിമതി ബാലന്റെ ഓഫീസിൽക്കണ്ട ചെറുപ്പക്കാരൻ ഈ കഥാപാത്രത്തിനു യോഗ്യനാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം സുകുമാരനും ഭാര്യ മല്ലികയും ഗാന്ധിമതി ബാലൻ ചേട്ടനുംകൂടി വീട്ടിൽവന്ന് നിർബന്ധിച്ച് എന്നെ സിനിമയിൽ അഭിനയിക്കാൻ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ആദ്യമായി അഭിനയിക്കാൻ ചെന്ന ഒരാളോടെന്ന പോലെയല്ല ജോർജ് സാർ പെരുമാറിയത്. പറഞ്ഞുതരുന്ന ഓരോ കാര്യങ്ങളും അതുപോലെ ഭംഗിയായി ചെയ്യാൻ നമ്മളെ പ്രാപ്തരാക്കുന്ന ഒരു മാസ്മരിക ശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾക്ക്. നവാഗതരോടു മാത്രമല്ല, പ്രമുഖ നടിയായിരുന്ന ശ്രീവിദ്യയോടുപോലും തന്റെ സിനിമയിൽ എന്താണ് വേണ്ടതെന്ന് അഭിനയിച്ചു കാണിക്കുകയും, ചില സന്ദർഭങ്ങളിൽ എങ്ങനെയാണ് കരയേണ്ടത് എന്നുവരെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു ജോർജ് സാർ.
അദ്ദേഹത്തിനു മുന്നിൽ അഭിനയിക്കുമ്പോൾ ഒരു പ്രയാസവും തോന്നിയില്ല. തിലകൻ, ഇന്നസെന്റ്, ശ്രീവിദ്യ എന്നിവർക്കൊപ്പം അനായാസമായി അഭിനയിച്ചു. പിന്നീട് അധികം സിനിമകൾ ഇല്ലാതിരുന്ന സമയത്ത് ഡെന്നിസ് ജോസഫിനോട് എനിക്ക് അവസരം നൽകാൻ അദ്ദേഹം ശുപാർശ ചെയ്തിരുന്നു. കൊണ്ടുവന്നയാൾക്ക് അധികം അവസരം നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്ന വേദനയും കെ.ജി.ജോർജിനുണ്ടായിരുന്നതായി ഗണേഷ്കുമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]