സൽമാൻ ഖാന് മുന്നിൽ പണ്ട് പൊട്ടിക്കരഞ്ഞ അനുഭവം ഓർത്തെടുത്ത് സംവിധായകൻ കരൺ ജോഹർ. ആദ്യചിത്രമായ ‘കുച്ച് കുച്ച് ഹോതാ ഹേ’യുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. 1998-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി, സൽമാൻ ഖാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. പ്രബാൽ ഗുരുംഗുമായുള്ള സംഭാഷണത്തിനിടെയാണ് സൽമാൻ ഖാനുമായുള്ള ഓർമകൾ കരൺ ജോഹർ പങ്കുവെച്ചത്.
‘കുച്ച് കുച്ച് ഹോതാ ഹേ’യിൽ സൽമാൻ ഖാൻ അവതരിപ്പിച്ച അമൻ മെഹ്റ എന്ന കഥാപാത്രത്തിനായി ആദ്യം ചന്ദ്രചുർ സിങ്, സെയ്ഫ് അലി ഖാൻ ഉൾപ്പടെയുള്ളവരെ സമീപിച്ചിരുന്നതായി കരൺ ജോഹർ വെളിപ്പെടുത്തി.
‘ചന്ദ്രചുർ സിങ്ങും സെയ്ഫ് അലി ഖാനും കഥാപാത്രം നിരസിച്ചതോടെ ഞാൻ വിഷാദത്തിലായി. ഒരു പാർട്ടിക്കിടെ എന്നെ കണ്ടപ്പോൾ കഥ പറയാൻ നേരിട്ട് വരാൻ സൽമാൻ ഖാൻ പറഞ്ഞു. ഒരുപാട് കാത്തിരുന്നതിന് ശേഷമാണ് അദ്ദേഹത്തോട് കഥ പറയാൻ സാധിച്ചത്. ഇന്റർവെൽ ഭാഗമെത്തിയപ്പോഴേക്കും സൽമാൻ ഖാൻ സിനിമ ചെയ്യാമെന്നേറ്റു. ഇതുകേട്ടതും ഞാൻ ഞെട്ടിപ്പോയി. കഥയുടെ രണ്ടാം പകുതിയിലാണ് സൽമാന്റെ കഥാപാത്രം വരുന്നതെന്ന് പറഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നത് തനിക്കറിയാമെന്നും ഞാൻ എങ്ങനെ കഥ പറയുമെന്ന് അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂവെന്നും സൽമാൻ പറഞ്ഞു.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം ‘സാജൻജി ഘർ ആയേ’ എന്ന ഗാനമാണ് എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ചിത്രീകരണം തുടങ്ങാറായപ്പോൾ കീറലുകളുള്ള ഒരു ജീൻസും കറുത്ത ടീ ഷർട്ടും ധരിച്ച് സൽമാൻ ഖാൻ എത്തി. ഞങ്ങൾ അദ്ദേഹത്തിനായി ഒരു സ്യൂട്ട് തയാറാക്കി വെച്ചിരുന്നതാണ്. സൽമാൻ ഖാനോട് എനിക്ക് ഭയമായിരുന്നു, ഇന്നും അങ്ങനെ തന്നെ. ഒരു വരനും കീറിയ ജീൻസ് ട്രെൻഡ് ആക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരി എന്ന് പറഞ്ഞെങ്കിലും എന്റെ രക്തസമ്മർദ്ദം കൂടുന്നുവെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. സെറ്റ് വളരെ ഗംഭീരമാണെന്നും കജോൾ മനോഹരമായ ലെഹംഗ ധരിച്ചാണ് എത്തുന്നതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ സൽമാൻ ഖാന് ടീ ഷർട്ടിൽ തന്നെ ചെയ്യണമെന്ന് പറഞ്ഞു. മടിയോടെ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. പിന്നാലെ സൽമാൻ ഖാന് മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു.
എന്റെ ആദ്യ ചിത്രമാണെന്നും ദയമായി സ്യൂട്ട് ധരിക്കണമെന്നും ഞാൻ അപേക്ഷിച്ചു. പെട്ടെന്ന് തന്നെ സ്യൂട്ട് ധരിക്കാമെന്ന് സൽമാൻ ഖാൻ സമ്മതിച്ചു. എന്നോട് കരച്ചിൽ നിർത്താനും ആവശ്യപ്പെട്ടു. കരയുന്നതിനിടെ ഷാരൂഖ് ഖാൻ അവിടെയെത്തുകയും എന്നെ കളിയാക്കുകയും ചെയ്തു’, കരൺ ജോഹർ പറഞ്ഞു. ‘കുച്ച് കുച്ച് ഹോതാ ഹേ’യുടെ ചിത്രീകരണത്തിലുടനീളം സൽമാൻ ഖാൻ അതിശയകരമായ പിന്തുണ നൽകിയെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യാണ് കരൺ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം.