വാഗ്ദാനങ്ങള് പാഴ്വാക്കുകളായി;രവീന്ദ്രന് മാസ്റ്ററുടെ ഭാര്യയ്ക്ക് നഷ്ടപ്പെടാന് പോകുന്നത് കിടപ്പാടം
ശരത്കൃഷ്ണ
കൊച്ചിപാലച്ചുവടിലെ വാടകവീട്ടിൽ രവീന്ദ്രന്റെ ഛായാചിത്രത്തിന് മുന്നിൽ ഭാര്യ ശോഭ, ശോഭ രവീന്ദ്രൻ
കൊച്ചി: വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകളായപ്പോൾ സംഗീതസംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭയ്ക്ക് നഷ്ടപ്പെടാൻപോകുന്നത് കിടപ്പാടമാണ്. വാടകവീട്ടിലിരുന്ന് ആരോടും പരാതിയില്ലാതെ അവർ പറയുന്നു: ‘‘മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്ലാറ്റായിരുന്നു എനിക്കത്. ഇപ്പോൾ വിൽക്കാതെ നിവൃത്തിയില്ല’’.
12 ലക്ഷത്തിന്റെ കടമുണ്ട് ശോഭയ്ക്ക്. താമസം വെണ്ണല പാലച്ചുവടുള്ള ഒരുവീടിന്റെ മുകൾനിലയിൽ. അതിനിടവന്നതിന്റെ പിറകിൽ വാക്കുതെറ്റിച്ച പലരുമുണ്ട്.
ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു ഒന്പതുവർഷംമുന്പ് ‘രവീന്ദ്രസംഗീതസന്ധ്യ’യെന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. കൊതിച്ചയിടത്ത് ഒരു വീട് കിട്ടുമല്ലോയെന്ന സന്തോഷത്തിൽ ഗായകരെയും അഭിനേതാക്കളെയുമെല്ലാം ക്ഷണിച്ചത് ശോഭ നേരിട്ടുതന്നെ.
പരിപാടിയിൽ യേശുദാസും ചിത്രയുമുൾപ്പെടെ മലയാളഗാനശാഖ ഏതാണ്ട് മുഴുവനുമെത്തി. എല്ലാവരും പാടിയത് പ്രതിഫലം വാങ്ങാതെ. ഗ്രൗണ്ട്പോലും സൗജന്യമായി കിട്ടി. ഒടുവിൽ വേദിയിൽവെച്ചുതന്നെ ഫ്ളാറ്റിന്റെ താക്കോൽ ശോഭയ്ക്ക് കൈമാറി.
നിർമാതാക്കളായ ക്രിസ്റ്റൽ ഗ്രൂപ്പ് സ്പോൺസർമാരെന്നനിലയിൽ നൽകിയതായിരുന്നു ഫ്ളാറ്റ്. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനൽ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്. സ്പോൺസർഷിപ്പുൾപ്പെടെ ആകെ ഒന്നരക്കോടിയിലധികം രൂപ സംഘാടകർക്ക് ലഭിച്ചു. ഇതിൽനിന്ന് ശോഭയ്ക്ക് നൽകിയത് വെറും മൂന്നുലക്ഷം.
ഏപ്രിലിൽത്തന്നെ ഫ്ലാറ്റിലേക്ക് താമസം മാറി. അവിടെ വൈദ്യുതികണക്ഷൻപോലുമില്ലായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്ളാറ്റ് രജിസ്റ്റർചെയ്ത് നൽകാൻ ക്രിസ്റ്റൽ ഗ്രൂപ്പ് തയ്യാറായതുമില്ല. തരാമെന്നുപറഞ്ഞ തുകയ്ക്കായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ പലവട്ടം സമീപിച്ചെങ്കിലും അവർ പലതും പറഞ്ഞൊഴിഞ്ഞു.
പിന്നീടാണറിഞ്ഞത് ആ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഓരോ ഫ്ലാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവെച്ചുകൊണ്ട് ക്രിസ്റ്റൽ ഗ്രൂപ്പ് വായ്പയെടുത്തിരുന്നുവെന്ന്. ഒടുവിൽ താമസക്കാരുടെ അസോസിയേഷന് ഫ്ലാറ്റുകളെല്ലാം കൈമാറി അവർ കൈകഴുകി. വായ്പയുടെ ബാധ്യത താമസക്കാരുടേതുമായി. ഫ്ലാറ്റ് കൈമാറുന്ന വിവരമറിഞ്ഞ് മൂന്നുലക്ഷം രൂപ കടംവാങ്ങി ശോഭതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കുകയുംചെയ്തു.
അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാതിരുന്ന ഫ്ലാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയുംചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകൾനിലയിലേക്ക് താമസംമാറ്റി. മൂന്നരമാസം എന്നുപറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഇപ്പോൾ ഒന്നരവർഷമായിട്ടും തീർന്നിട്ടില്ല. ഇടയ്ക്ക് ക്രിസ്റ്റൽ ഗ്രൂപ്പിന്റെ വായ്പക്കുടിശ്ശികയിലേക്കായി രണ്ടുലക്ഷം അസോസിയേഷനു കൊടുത്തെങ്കിലും ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണിക്കാണ് ഉപയോഗിച്ചത്.
മറ്റുതാമസക്കാരെല്ലാം വായ്പക്കുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തത്കാലത്തേക്ക് അസോസിയേഷൻ നൽകി. അത് പലിശസഹിതം ഇപ്പോൾ 12 ലക്ഷം രൂപയായി. ഈ തുക നൽകിയെങ്കിൽമാത്രമേ ഫ്ലാറ്റിന്റെ രേഖകൾ ശോഭയ്ക്ക് കിട്ടൂ.
‘‘ഞാൻ പട്ടിണിയിലും ദാരിദ്ര്യത്തിലുമൊന്നുമല്ല. വിവാദമുണ്ടാക്കാനും ആഗ്രഹമില്ല. പക്ഷേ, ഇപ്പോൾ 12 ലക്ഷം എനിക്ക് വലുതാണ്. അത് അടയ്ക്കാൻ നിർവാഹമില്ലാത്തതുകൊണ്ടാണ് ഫ്ലാറ്റ് വിൽക്കാനുള്ള ആലോചന’’ -ശോഭയുടെ വാക്കുകൾ.
ഇതിനിടെ പല നുണകളും പ്രചരിക്കുന്നതായും അവർ സങ്കടപ്പെടുന്നു. ‘‘പരിപാടിക്കുശേഷം എനിക്ക് 50 ലക്ഷം രൂപ ലഭിച്ചു എന്നാണ് പറയുന്നത്. ദാസേട്ടൻ പുതിയ ഫ്ലാറ്റ് വാങ്ങിത്തന്നുവെന്നും ചിലർ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കിട്ടിയെങ്കിൽ പിന്നെ ഞാൻ പന്ത്രണ്ടുലക്ഷം അടയ്ക്കാൻ പെടാപ്പാടുപെടുന്നത് എന്തിനാണ്?’’ -ശോഭ ചോദിക്കുന്നു.
Content Highlights: raveendran master wife sobha in crisis, about to loose her home, Malayalam Movies
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]