കോഴിക്കോട്: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണത്തലപ്പത്തേക്ക് യുവാക്കളായ ഭാരവാഹികള്‍ വരണമെന്ന് നടി ഉഷ ഹസീന. അങ്ങനെ വന്നാല്‍ സംഘടന നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നാണ് വിശ്വാസം. സ്ത്രീകളുടെ ആവശ്യം മനസിലാക്കുന്ന വനിതാ അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു ഉഷ ഹസീന.
‘അമ്മ സംഘടന മോശമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ചില ആളുകളുടെ പെരുമാറ്റവും പ്രവര്‍ത്തനരീതിയും ശരിയല്ലെന്നാണ് പറഞ്ഞത്. സംഘടന നിലനില്‍ക്കണം. മാറ്റം ആവശ്യമാണ്. ഇനി വരുന്ന ഭരണസമിതിയില്‍ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളുമായി പുതിയ തലമുറയിലെ പൃഥ്വിരാജ്, ചാക്കോച്ചന്, ടൊവീനോ, ആസിഫ് അലി തുടങ്ങിയവരേപ്പോലുള്ള സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നവര്‍ വരണം. സ്ത്രീകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന, പ്രശ്നങ്ങള്‍ മനസിലാക്കുന്ന, അവരോട് സംസാരിക്കാനെങ്കിലും തയ്യാറാവുന്നവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൊണ്ടുവരണം’, അവര്‍ പറഞ്ഞു.
വനിതാ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍, മറ്റ് വനിതാ അംഗങ്ങളെ കേള്‍ക്കാനെങ്കിലും തയ്യാറുള്ളവരെ തിരഞ്ഞെടുക്കണമെന്നും ഉഷ ആവശ്യപ്പെട്ടു. ഇത്തവണയും അത് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അത് പരിഗണിക്കാതെയാണ് വനിതാ അഭിനേതാക്കളെ കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്. അതിന്റെ ഫലമാണ് വാര്‍ത്താസമ്മേളനത്തില്‍ കണ്ടതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ അമ്മ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് അംഗം ജോമോളുടെ പരാമര്‍ശം പരോക്ഷമായി സൂചിപ്പിച്ച് ഉഷ പറഞ്ഞു. സ്ത്രീ ആര്‍ട്ടിസ്റ്റുകൾ പറയുന്നതിന്റെ ഗൗരവം മനസിലാക്കി ചോദ്യംചെയ്യാന്‍ ചങ്കൂറ്റം ഉണ്ടാവാണം. കുറേ കാലമായി ആവശ്യപ്പെടുന്നതാണിത്.
തനിക്കുണ്ടായ അനുഭവങ്ങളും പ്രശ്നങ്ങളുമാണ് അന്ന് പറഞ്ഞതെന്ന്, സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന 1992-ലെ ഉഷയുടെ വീഡിയോയെക്കുറിച്ച് അവര്‍ പ്രതികരിച്ചു. അന്ന് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ടുപോയി. കൂടെനിന്നവര്‍ പോലും കാലുമാറി. ഓരോ കാര്യങ്ങള്‍ക്ക് പ്രതികരിച്ചു, കൈചൂണ്ടി സംസാരിച്ചു എന്നായിരുന്നു പറയുന്നത്. നമ്മള് പോലും അറിയാതെയാണ് അവസരം നഷ്ടപ്പെട്ടത്. സുഹൃത്തുക്കള്‍ സിനിമയിലേക്ക് നിര്‍ദേശിക്കുമ്പോള്‍ വേണ്ട എന്ന് പറഞ്ഞു. കുറേ ആളുകള്‍ ചേര്‍ന്നാണ് ഇതൊക്കെ ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
താന്‍ സിനിമയില്‍ വന്ന സമയത്ത് തിരുവനന്തപുരത്ത് മാത്രമാണ് സിനിമ ഉണ്ടായിരുന്നത്. അവിടെ നായര്‍ ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് ഒരു സംഘം ഉണ്ടായിരുന്നു. എന്നാല്‍, അവരൊന്നും ആളുകളുടെ അവസരം ഇല്ലാതാക്കുകയോ വിലക്കുകയോ ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല. അര്‍ഹതയുള്ള, കഴിവുള്ള ആളുകള്‍ക്ക് അവസരം കിട്ടുമായിരുന്നു. പിന്നീട്, രണ്ട് മൂന്ന് കോക്കസ് ആയി തിരിഞ്ഞു. തിരുവനന്തപുരം ബെല്‍റ്റ്, എറണാകുളം ബെൽറ്റ് എന്നിങ്ങനെ. സിനിമ മധ്യകേരളത്തില്‍ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോഴാണ് ഗ്രൂപ്പുകളും കുറേ ആളുകള്‍ ചേര്‍ന്ന് അവരുടെ കൈയ്ക്കുള്ളില്‍ ഒതുക്കി, ഇഷ്ടമുള്ളവരെ നിര്‍ത്താം അല്ലാത്തവരെ ഒതുക്കാം എന്ന രീതി വന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]