ചെന്നൈ: താരനിശ നടത്താനുള്ള സംഘടനയല്ല അമ്മയെന്നും സ്ത്രീകളുടെ പ്രശ്നങ്ങളിൽ ശക്തമായി ഇടപെടണമെന്നും നടി ഉർവശി. ഹേമ കമ്മിറ്റി വിഷയത്തിൽ അമ്മ എക്സിക്യുട്ടീവ് ചേർന്ന് ഉടൻനടപടി സ്വീകരിക്കണമെന്നും വത്സരവാക്കത്തെ വീട്ടിൽവെച്ച് ഉർവശി പറഞ്ഞു.
സർക്കാരല്ല, അമ്മയാണ് ആദ്യം നിലപാടെടുക്കേണ്ടത്. പരാതിയുള്ളവർ കൂട്ടത്തോടെ രംഗത്തെത്തുന്ന സ്ഥിതിയുണ്ടാക്കരുത്. സംഘടനയിലെ ആജീവനാന്ത അംഗമെന്ന നിലയിൽ ഉടൻ ഇടപെടണമെന്നാണ് തന്റെ ആവശ്യമെന്നും ഉർവശി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ഉയർന്ന ആരോപണം നിസ്സാരമായി കാണരുത്. മുറിയിൽനിന്ന് ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് കേൾക്കുമ്പോൾ ഭയമാകുന്നു. അന്യഭാഷക്കാരിയായ ആ നടി അവരുടെ നാട്ടിൽ എന്തെല്ലാമായിരിക്കും പറഞ്ഞിട്ടുണ്ടാവുക.
തന്നെക്കുറിച്ച് ഒരു കുറ്റം ഉയർന്നുവന്നാൽ സ്ഥാനംവേണ്ടെന്ന് ആദ്യം പറയേണ്ടത് താൻതന്നെയായിരിക്കണം. മാറിനിന്ന് അന്വേഷണം നേരിടാമെന്ന് പറയുന്നതാണ് പക്വത. സിനിമയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ അത്യാവശ്യമാണ്. എല്ലാ മേഖലയിലുമെന്നപോലെ സിനിമയിലും മോശംപ്രവണതകളുണ്ട്. അതിനെതിരേ വ്യക്തമായ വ്യവസ്ഥ സർക്കാർ തലത്തിലുമുണ്ടാവണം. അമ്മ അതിന് മുൻകൈയെടുക്കണം.
താരപദവി ഉള്ളതുകൊണ്ട് മുൻപ് ഒരു പേഴ്സണൽ സ്റ്റാഫിനെ വെക്കാൻ തനിക്കനുമതികിട്ടി. പുതുതായിവരുന്ന എല്ലാവർക്കും ഇതു ലഭിച്ചെന്നുവരില്ല. സിനിമാസെറ്റിൽനിന്ന് മോശം നോട്ടംപോലും ഉണ്ടായിട്ടില്ലെന്ന് ഞാൻ പറഞ്ഞാൽ കളവാകും. അതിനു പ്രതികാരമായി ആവർത്തിച്ച് ടേക്കുകൾ എടുപ്പിച്ചിട്ടുണ്ട്.
എന്റെ ചേച്ചിമാരും അച്ഛനമ്മമാരും അമ്മാവനുമെല്ലാം സെറ്റിൽ വന്നുനോക്കും. ചോദിക്കാനും പറയാനും ആളുണ്ട് എന്നൊരുതോന്നൽ ഉള്ളതുകൊണ്ട് കതകിനുമുട്ടാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. വലിയ ദുരനുഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നില്ല. ഞാനെന്നല്ല അമ്മയിലെ ഓരോ അംഗങ്ങളും പ്രതികരിക്കണം. അഭിനേതാക്കളെ അകറ്റിനിർത്താൻ അമ്മയ്ക്ക് സാധിക്കുമെങ്കിൽ അവരെ രക്ഷിക്കാനും സാധിക്കണം.
സിനിമമാത്രമാണ് ഉപജീവനമെന്ന് കരുതുന്ന എത്രയോ പേരുണ്ടിവിടെ. ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംകാലം ജോലിചെയ്തത് എന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.
ഇങ്ങനെ സംഭവിക്കേണ്ട ഒരു മേഖലയല്ല സിനിമ. സ്ത്രീയും പുരുഷനും അന്തസ്സോടെ ഒരുമിച്ച് കൈകോർത്തുനിന്ന് കൂട്ടായി പരിശ്രമിക്കുമ്പോഴാണ് നല്ലസിനിമകൾ ഉണ്ടാവുന്നതെന്നും ഉർവശി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]