
താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു എന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിയെന്ന് നടി ശ്വേതാ മേനോൻ. അദ്ദേഹം വലിയ മാനസിക സമ്മർദത്തിലൂടെ കടന്നുപോയിട്ടുണ്ടാവണമെന്ന് അവർ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.
“അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ എന്തുകൊണ്ട് സംസാരിച്ചില്ല എന്നത് അദ്ദേഹമാണ് പറയേണ്ടത്. സ്ത്രീകൾ സംഘടനയുടെ തലപ്പത്തേക്ക് വരണം. ഇക്കാര്യം ജനറൽ ബോഡിയിലും പറഞ്ഞിട്ടുണ്ടായിരുന്നു. ആർക്കുവേണമെങ്കിലും പ്രസിഡന്റാവാം. പുതിയ ആളുകൾ മുന്നോട്ടുവരണം. പ്രസിഡന്റാവണമെന്ന് ആഗ്രഹമില്ല. കുറച്ച് നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.
എപ്പോഴും പ്രതികരിക്കുന്നയാളാണ് ഞാൻ. പരാതിയുള്ള എല്ലാവരും മുന്നോട്ടുവരണം. മാറ്റം ഒരാൾ വിചാരിച്ചാൽ മാത്രം നടക്കില്ല. അതൊരു വലിയ കാര്യമാണ്. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങൾകൂടി മാധ്യമങ്ങൾ പറയണം. ഞാൻ സംഘടനയിലുള്ളപ്പോൾ യാതൊരു പരാതിയും വന്നിട്ടില്ല. ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്.
രഞ്ജിത്തിനെതിരായ ആരോപണത്തേക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ല. എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത് കോഴിക്കോട് മുക്കത്താണ്. അതുകഴിഞ്ഞ് രണ്ടുമൂന്നുമാസം കഴിഞ്ഞിട്ടാണ് മറ്റു ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. അപ്പോൾ ആരൊക്കെയാണ് അഭിനേതാക്കളായുണ്ടായിരുന്നതെന്ന് അറിയില്ല. ആ നടിയുടെ അഭിമുഖം കണ്ടപ്പോഴാണ് അങ്ങനെയൊരു സംഭവം നടന്നതായി അറിയാൻ കഴിഞ്ഞത്.
അമ്മ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് വരിക എന്നത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. സിനിമ എന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയം കൊണ്ടുവരാതെ നോക്കിയാൽ നന്നാവും. കുറച്ചുകൂടി സൗഹാർദപരമായി പെരുമാറുന്നവരും പെട്ടന്ന് തീരുമാനങ്ങളെടുക്കുന്നവരുമാണ് വരേണ്ടത്.” ശ്വേതാ മേനോൻ പറഞ്ഞു.