പ്രമുഖ നടന്മാർക്കെതിരെ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവർ ആരോപണമുന്നയിച്ചത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. മുകേഷിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ഈ സംഭവങ്ങൾ ശാരീരികമായും മാനസികമായും ഏറെ വേദനിപ്പിച്ചെന്നും മിനു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ആദ്യമായി ദുരനുഭവം നേരിട്ടത് എപ്പോഴായിരുന്നു? ആരിൽനിന്നാണ് ദുരനുഭവം ഉണ്ടായത്?
2008 – 2009 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വരുന്നത്. ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചീഫ് സെക്രട്ടറിയുടെ റോൾ ആയിരുന്നു ചെയ്തത്. സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ബാത്റൂമിൽ പോയി പുറത്തിറങ്ങുമ്പോൾ നടൻ ജയസൂര്യ പിന്നിൽനിന്ന് വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു. കുതറിയോടിയ എന്റെ പിന്നാലെ വന്ന്, സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താൽപര്യമുണ്ടെങ്കിൽ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. പക്ഷേ, പിന്നീട് എനിക്ക് വന്ന അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
നടനും എം,എൽ,എയുമായ മുകേഷിനേതിരേയും ഗുരുതരമായ ആരോപണങ്ങളാണല്ലോ ഉന്നയിക്കുന്നത്?
കലണ്ടർ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. അന്ന് താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ കാര്യമായി എടുത്തില്ല. പിന്നീട് എന്നെ നിരന്തരമായി വിളിക്കുമായിരുന്നു. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയിൽ അഭിനയിക്കുമ്പോൾ എൻറെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയിൽ വന്ന് വാതിലിൽ മുട്ടി. പിന്നീട് അകത്തേക്ക് കയറുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അമ്മയുടെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ മുകേഷ് വിളിക്കുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയുമായിരുന്നു.
അന്ന് മുകേഷ് പറഞ്ഞതുകേട്ട് ഞാൻ ആകെ തരിച്ചിരുന്നുപോയി. പിന്നീട് അമ്മയിലെ അംഗത്വം എനിക്ക് നിഷേധിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ ഇവിടെയുള്ള കമ്മിറ്റി മെമ്പേഴ്സിനൊന്നും മിനുവിനെ അറിയില്ലെന്നാണ് പറഞ്ഞത്. ആരൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ ചോദിച്ചപ്പോൾ ജയസൂര്യയും ഇടവേള ബാബുവും മണിയൻ പിള്ള രാജുവും ഒക്കെയാണ്. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.
അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ഇടവേള ബാബു കലൂരിലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു. തുടർന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു ചെയ്തത്. പിന്നീട് വന്ന പല സിനിമകളിലും റോളുകൾ കിട്ടാതെ മാറിമാറി പോയപ്പോഴാണ് ഇതിന് പിന്നിലെ കാരണം മനസ്സിലായത്. കലയോടുള്ള സ്നേഹം കൊണ്ടാണ് സിനിമയിൽ വന്നത്. പാട്ടുപാടാനും ഡാൻസ് ചെയ്യാനും അറിയാവുന്ന എനിക്ക് നല്ല വേഷങ്ങൾ കിട്ടും എന്ന് കരുതി. പക്ഷേ, ഇവരുടെയെല്ലാം ഇത്തരം പ്രവർത്തികൾ കാരണം ഞാൻ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നു.
ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരം തുറന്നുപറച്ചിലുകളിലേക്ക് എത്തിയത്?
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഇരകളാക്കപ്പെട്ട പെൺകുട്ടികളെല്ലാം പുറത്തുവന്ന് തങ്ങൾ നേരിട്ട ക്രൂരതകളെപ്പറ്റി പറയുന്നത് കണ്ടു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് സർക്കാർ എല്ലാ സംരക്ഷണവും ഒരുക്കുമെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് കണ്ടു. അതൊക്കെയാണ് ഇപ്പോഴത്തെ തുറന്നുപറച്ചിലിന് പ്രാപ്തയാക്കിയത്.
കഴിഞ്ഞദിവസം മുകേഷിനെതിരെ ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, അത് എതിർ പാർട്ടിക്കാർ കരിവാരി തേക്കുവാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് മുകേഷ് പറഞ്ഞത്. ശരിക്കുള്ള സത്യം ജനങ്ങൾ അറിയണമെന്ന് കരുതിയാണ് ഞാൻ ഇപ്പോൾ പ്രതികരിക്കാൻ തയ്യാറായത്. അത്രക്ക് നല്ല വ്യക്തിയല്ല മുകേഷ്. അത് ജനങ്ങൾ നേരിട്ട് അറിയണമെന്ന് തോന്നി. ഞാൻ പണത്തിന് വേണ്ടിയാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് മണിയൻ പിള്ള രാജു പറഞ്ഞു. പക്ഷേ, എനിക്ക് പണം വേണ്ട. പണത്തിനാണെങ്കിൽ വേറെ എന്തൊക്കെ മാർഗങ്ങളുണ്ട്. ഞാൻ വെൽ സെറ്റിൽഡാണ്.
മണിയൻപിള്ള രാജുവും മോശമായി പെരുമാറി എന്നാണല്ലോ പറഞ്ഞത്?
മണിയൻപിള്ള രാജു വെർബലിയാണ് അബ്യൂസ് ചെയ്തത്. അയാളോടൊപ്പം ചെല്ലണമെന്ന് വളരെ നിർബന്ധിച്ച് പറയുകയായിരുന്നു. നോ പറഞ്ഞിട്ടും വിടാതെ പിന്തുടർന്ന് ആവശ്യപ്പെടുകയായിരുന്നു. ” ഞങ്ങൾ മാസങ്ങളായി ഷൂട്ടിംഗ് ആവശ്യത്തിനായി പുറത്തായിരുന്നു എന്നും അതിനാൽ കൂടെ വരണം എന്നായിരുന്നു ആവശ്യപ്പെട്ടത്. സോ? എന്നാൽ ഇത് സിനിമയാണെന്നും ഇവിടെ ഇങ്ങനെയാണെന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്. അതിനാൽ ഞങ്ങൾ കൂടെ പോകണമെന്നാണോ? അങ്ങനെയെങ്കിൽ ഭാര്യമാരെക്കൂടി സെറ്റിൽ കൊണ്ട് പോയിക്കൂടേ?
പിന്നെയാരൊക്കെയാണ് മോശമായി പെരുമാറിയത്?
ഞാൻ ഒരു ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായിരുന്നു. ചിത്രത്തിന്റെ മറ്റൊരു കോ പ്രൊഡ്യൂസറായ അഡ്വ. ചന്ദ്രശേഖരൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ കാണാൻ വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞ് കൊണ്ടുപോയി. അദ്ദേഹവുമായി സംസാരിച്ചിരിക്കെ അഡ്വ. ചന്ദ്രശേഖരൻ പുറത്തേക്ക് പോവുകയും പിന്നാലെ ഞാൻ പോവുകയാണെന്ന് പറഞ്ഞ് തിരികെ ഇറങ്ങാൻ തുടങ്ങുമ്പോൾ അവിടെയുണ്ടായിരുന്ന ആൾ കടന്നുപിടിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നൊക്കെ ചോദിച്ചപ്പോഴാണ് എന്നെ ട്രാപ്പ് ചെയ്തതാണെന്ന് മനസിലായത്. പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിക്കുകയായിരുന്നു. എന്നെ കൂട്ടിക്കൊടുക്കാനാണ് അഡ്വ. ചന്ദ്രശേഖരൻ ശ്രമിച്ചത്.
സിനിമാ മേഖലയിലുള്ള മറ്റാരെങ്കിലും ഇത്തരം ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ടോ?
വൺവേ ടിക്കറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്റെ അടുത്ത മുറിയിൽ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന അമ്മയേയും മകളേയും പൂട്ടിയിട്ട് അബ്യൂസ് ചെയ്യുകയായിരുന്നു. അന്ന് മകൾക്ക് സിനിമയിൽ വേഷം വാഗ്ദാനം ചെയ്താണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അവരെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചത്. അവർ എന്നോട് സഹായം ചോദിച്ചപ്പോഴാണ് ഞാൻ സംഭവമറിഞ്ഞത്. ചിത്രത്തിലെ നായകനേയോ സംവിധായകനെയോ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ ആരേയും കണ്ടില്ലെന്നും രണ്ടാഴ്ചയായി മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രക്ഷപ്പെട്ട് പൊയിക്കൂടേ എന്ന് ചോദിച്ചപ്പോൾ കൈയിൽ പണമില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പണം കൊടുക്കുകയും അവർ രക്ഷപ്പെടുകയുമായിരുന്നു. ഒരുപക്ഷേ ചിത്രത്തിന്റെ സംവിധായകനോ പ്രൊഡ്യൂസറോ ഒന്നും ഇത് അറിഞ്ഞിരിക്കണമെന്നുമില്ല.
ഈ ആരോപണങ്ങൾക്ക് പിന്നാലെയുള്ള മറ്റ് നീക്കങ്ങൾ എന്താണ്?
സർക്കാർ രൂപീകരിച്ചിട്ടുള്ള അന്വേഷണസംഘത്തിന് മുമ്പാകെ പരാതി കൊടുക്കാനാണ് തീരുമാനം. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. മാധ്യമങ്ങളും പൊതു സമൂഹവും സർക്കാരും നൽകുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ് തരുന്നത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]