
ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശനേക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ സഹതടവുകാരൻ. വിചാരണത്തടവുകാരനായുള്ള ദർശന്റെ ജയിൽ ജീവിതത്തേക്കുറിച്ച് പറഞ്ഞ് സിദ്ധാരൂഢ എന്ന മുൻ സഹതടവുകാരനാണ് രംഗത്തെത്തിയിരിക്കുന്നത്. താൻ ദർശനെ കണ്ടുവെന്നും 12 മിനിറ്റ് സംസാരിച്ചെന്നും ഇയാൾ പറഞ്ഞു.
ന്യൂസ് 18-നോടാണ് ദർശനേക്കുറിച്ച് സിദ്ധാരൂഢ പറഞ്ഞത്. ദർശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്ന് ഇദ്ദേഹം പറഞ്ഞു. ദേഹം വിളറി വെളുത്തിരിക്കുകയാണ്. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയിൽ മുഴുകിയാണ് ദർശൻ ദിവസങ്ങൾ തള്ളി നീക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തി.
“ചിലപ്പോൾ ചെറുതായി നടക്കും. സെല്ലിൽ പുസ്തകവായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകൾ ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് ദർശന്റെ കയ്യിൽ.” സിദ്ധാരൂഢ പറഞ്ഞു. 22 വർഷമായി ജയിലിൽ കഴിയുന്ന സിദ്ധാരൂഢ ഈയിടെയാണ് പരോളിലിറങ്ങിയത്. ദർശന്റെ ആരാധകനായ താൻ ഏതാനും സമയത്തേക്ക് താരത്തെ കാണണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സിദ്ധാരൂഢയ്ക്ക് ദർശനെ കാണാൻ അനുമതി നൽകിയത്.
കഴിഞ്ഞ ദിവസം ദർശന്റെ ഭാര്യ വിജയലക്ഷ്മി കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വസതിയിലെത്തി കണ്ടിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച ദർശനെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണങ്ങൾ ശിവകുമാർ നിഷേധിച്ചു. ദർശന്റെ മകന്റെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി തന്നെ വന്നുകണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും തന്റെ ഭാഗത്തുനിന്നും പോലീസ് അന്വേഷണത്തിൽ ഇടപെടലുണ്ടാവില്ലെന്നും ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]