
ബോക്സോഫീസിൽ ഹോളിവുഡ് ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’, ധനുഷിൻ്റെ ‘രായൻ‘ എന്നിവയ്ക്ക് മികച്ച തുടക്കം. ആദ്യദിനം 12.5 കോടിരൂപയാണ് ധനുഷ് നായകനായെത്തിയ ചിത്രം ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്. ചിത്രത്തിന്റെ സംവിധാനവും ധനുഷ് തന്നെയാണ്.
ആദ്യദിനം ഇന്ത്യയിൽ നിന്ന് ധനുഷ് ചിത്രത്തിനും മുകളിൽ കളക്ഷൻ നേടാൻ മാർവലിൻ്റെ ‘ഡെഡ്പൂൾ ആൻഡ് വോൾവെറി’ന് സാധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 21.5 കോടിരൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് 11.7 കോടിരൂപയും ഹിന്ദി പതിപ്പ് 7.5 കോടിരൂപയും തെലുങ്ക്-തമിഴ് പതിപ്പുകൾ ഓരോ കോടിവീതവും സ്വന്തമാക്കിയിട്ടുണ്ട്.
റയാൻ റെയ്നോൾഡ്സ് ഡെഡ്പൂൾ ആയും ഹ്യൂ ജാക്ക്മാൻ വോൾവെറിൻ ആയും എത്തിയ ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ഒട്ടുമിക്ക ബോക്സോഫീസ് റെക്കോഡുകളും തകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആഗോളതലത്തിലും മികച്ച തുടക്കമാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് ആദ്യദിനം ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആറാം സ്ഥാനത്താണ് ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’. ആദ്യദിനം 53.10 കോടിരൂപ രാജ്യത്തുനിന്നും സ്വന്തമാക്കിയ ‘അവഞ്ചേഴ്സ് എൻഡ്ഗെയിം‘ ആണ് ഒന്നാമത്.
ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ‘രായൻ‘. വമ്പൻ മേക്കോവറിൽ താരമെത്തുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം.
ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]