
സിനിമയിൽ പതിനഞ്ചുവർഷം പിന്നിടുന്ന ആസിഫലി പുതിയചിത്രം തലവന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു
സൗഹൃദത്തിലും അഭിനയത്തിലും ഹിറ്റ് ജോഡിയായ രണ്ടുപേർ. വീണ്ടും ബിജു മേനോനൊപ്പം ചേരുമ്പോൾ എന്തൊക്കെയാണ് ആസിഫിന്റെ സന്തോഷങ്ങൾ
മികച്ച താരജോഡികളാണ് ഞങ്ങളെന്ന് ബിജുച്ചേട്ടനും ഞാനും തമാശയ്ക്ക് പറയാറുണ്ട്. വെള്ളിമൂങ്ങ, അനുരാഗകരിക്കിൻവെള്ളം തുടങ്ങി എത്രയോ സിനിമകളിൽ ഞങ്ങളൊന്നിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിലെ സൗഹൃദം വളർന്നത് അനുരാഗകരിക്കിൻ വെള്ളം ചെയ്യുമ്പോഴാണ്. സിനിമകളെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും ചർച്ചചെയ്യാനും ആ സൗഹൃദത്തിലൂടെ സാധിച്ചു. ബിജുച്ചേട്ടന്റെകൂടെ വർക്കുചെയ്യുന്നത് ഒരു ഫൺറൈഡുപോലെയാണ്. സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വർക്ക് ചെയ്യുന്നതിനൊരു കംഫർട്ടുണ്ട്. അദ്ദേഹം സീനിയറാണ്, ഒരുപാട് അനുഭവപരിചയമുള്ളതുകൊണ്ട് നമുക്കും ഗുണംചെയ്യും. എന്റെ ഒരു സല്യൂട്ട് കൃത്യമായില്ലെങ്കിൽപ്പോലും അത് ശരിയാക്കിത്തരുന്നത് ബിജുച്ചേട്ടനാണ്. അത്രയും തഴക്കവും അനുഭവപരിചയവും അദ്ദേഹത്തിനുണ്ട്. ബിജുച്ചേട്ടൻ ധാരാളം പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതുമാത്രമല്ല, അദ്ദേഹത്തിന്റെ അച്ഛനൊരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വളർന്നത് പോലീസ് ക്വാർട്ടേഴ്സിലാണ്. എല്ലാ രീതിയിലും പോലീസുകാരുടെ പെരുമാറ്റവും ശരീരഭാഷയുമെല്ലാം അറിയുന്നയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഞങ്ങളെ എല്ലാവരെക്കാളും ഒരു പോലീസ് സ്റ്റോറി ജഡ്ജ് ചെയ്യാൻ പറ്റും. ഈ സിനിമയ്ക്ക് അദ്ദേഹം യെസ് പറഞ്ഞത് വലിയൊരു ധൈര്യമായിരുന്നു. സിനിമയുടെ ട്രെയിലറും പോസ്റ്ററും കണ്ടപ്പോൾ എല്ലാവരും അയ്യപ്പനും കോശിയും സിനിമപോലെ എന്ന് പറഞ്ഞിരുന്നു. രണ്ട് ഹീറോകൾ, അവർക്കിടയിലുണ്ടാവുന്ന ഈഗോക്ലാഷ്… അതിനൊക്കെ സാധ്യതയുള്ളതുപോലെ. പക്ഷേ, ഇത് രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള, സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടാവുന്ന പ്രശ്നങ്ങളും അവരുടെ കേസന്വേഷണവുമാണ്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലവൻ.
ജിസ് ജോയിയുടെ സ്ഥിരം നായകനാണല്ലോ ആസിഫ്
ഞങ്ങളൊന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെവരെ തുടങ്ങി ജിസ് സംവിധാനംചെയ്ത എല്ലാ ചിത്രങ്ങളിലും അതിഥിവേഷം ഉൾപ്പെടെ ഞാൻ ചെയ്തിട്ടുണ്ട്. മലയാളസിനിമയുടെ ഭാഗമായ കാലംതൊട്ട് ജിസിനെ പലപ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ബൈസിക്കിൾ തീവ്സിന്റെ സ്ക്രിപ്റ്റ് നറേഷൻ സമയത്താണ് വിശദമായി പരിചയപ്പെടുന്നത്. ഒരുപാട് വഴിത്തിരിവുകളും സർപ്രൈസുകളും നിറഞ്ഞൊരു സിനിമയായിരുന്നു അത്. ഞാൻ ജിസിനെ കൂടുതൽ അറിഞ്ഞത് ആ സിനിമയുടെ സെറ്റിൽവെച്ചാണ്. അന്നൊക്കെ ജിസിനോട് തമാശയ്ക്ക് ചോദിക്കും, തന്നെപ്പോലെ ഇത്രയും മാന്യനും മര്യാദക്കാരനുമായ ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ത്രില്ലറിലേക്ക് എത്തിച്ചേരാൻ പറ്റിയതെന്ന്. ആ സിനിമയ്ക്കുശേഷം ഞങ്ങളുടെ സൗഹൃദം വളർന്നു. സൺഡേ ഹോളിഡേയും വിജയ് സൂപ്പറും പൗർണമിയും ചെയ്തപ്പോഴാണ് മലയാളത്തിലെ ഫീൽഗുഡ് സിനിമകളുടെ ബ്രാൻഡ് അംബാസഡറായി ജിസ് മാറുന്നത്. വയലൻസുള്ളതോ രക്തംചിന്തുന്നതോ ആയ സിനിമകളൊന്നും ജിസ് കാണാൻ തിരഞ്ഞെടുക്കാറില്ല. പക്ഷേ, ഇന്നലെവരെ എന്ന സിനിമയുടെ സ്ക്രിപ്റ്റുംകൊണ്ടു വന്നപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. താൻ ഫീൽഗുഡ് സിനിമകൾ മാത്രം ചെയ്യുന്നൊരു സംവിധായകനാവരുതെന്ന് ജിസിന് വാശിയുണ്ട്. തിരുവനന്തപുരത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് തലവന്റെ കഥ പറയാനായി ജിസ് എന്റടുത്തേക്ക് വരുന്നത്. ഇതിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ഒരു സിനിമാറ്റിക് വേർഷനാണ് ‘തലവൻ’. ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ സ്റ്റോറിക്കുവേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. കഥയുടെ ഓരോ ഘട്ടവും പുതുമയുള്ളതും ആവേശമുണ്ടാക്കുന്നതുമാണ്.
കൂമൻ, കുറ്റവും ശിക്ഷയും തുടങ്ങി അടുപ്പിച്ച് പോലീസ് വേഷങ്ങളാണല്ലോ
ആദ്യമൊക്കെ പോലീസ് വേഷങ്ങൾ ചെയ്യാൻ മടിയുണ്ടായിരുന്നു. മുന്നേ നമ്മൾ കണ്ടിരുന്നത് ഹീറോയിക് പോലീസ് കഥാപാത്രങ്ങളായിരുന്നു. മസ്കുലർ ആയിട്ടുള്ള, ടൈറ്റ് ഫിറ്റ് ഷർട്ടും ക്രോപ്പ് ചെയ്ത മുടിയൊക്കെയുള്ള, തമിഴ് സിനിമകളിൽ കണ്ടുകൊണ്ടിരുന്ന പോലീസ് വേഷങ്ങൾ. ഇന്നത് മാറി. നമ്മളെപ്പോലെയുള്ളവരാണ് പോലീസുകാരും. ഇവർ യൂണിഫോം മാറിവന്നാൽ ഒരു സാധാരണക്കാരന്റെ ഫീലാണ്. കൂമൻ, കുറ്റവും ശിക്ഷയും എന്നീ സിനിമകളിലെ എന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ, ഈ സിനിമയുടെ തിരക്കഥതന്നെയാണ് ഉടനെയൊരു പോലീസ് വേഷംകൂടെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഒരുവർഷത്തോളം തിരക്കഥയുടെ ഓരോ പരിണാമഘട്ടത്തിലും ഞാനുമുണ്ടായിരുന്നു. കാർത്തിക് എന്ന കഥാപാത്രം സർവീസിൽ കയറിയിട്ട് മൂന്നുവർഷം ആയതേയുള്ളൂ. സമർഥനായ, ഉത്സാഹവും ആവേശവും എടുത്തുചാട്ടവും ഒക്കെയുള്ളൊരു പോലീസ് ഓഫീസറാണ് അദ്ദേഹം. ആ ഒരു മാനസികനിലയിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകളുണ്ടായിരുന്നു. മാത്രമല്ല, ഞാൻ ചെയ്യുന്നത് മോശമാണെങ്കിൽ അത് തുറന്നുപറയാവുന്ന അടുപ്പവും സ്വാതന്ത്ര്യവുമുള്ള സുഹൃത്താണ് ജിസ്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. ഇതൊരു കൂട്ടായ പരിശ്രമമാണ്. അതുകൊണ്ടുതന്നെ മാനസികസമ്മർദം കുറവായിരുന്നു.
സിനിമയിൽ പതിനഞ്ചു വർഷം തികയുന്നു. ശരിക്കും 2018-നുശേഷമാണ് ആസിഫിന്റെ കരിയർ ഗ്രാഫിൽ ഉയർച്ചയുണ്ടാവുന്നത്
ബാങ്ക് അക്കൗണ്ടിലുണ്ടായ വ്യത്യാസമല്ലാതെ, വ്യക്തിപരമായി കാര്യമായ മാറ്റങ്ങളൊന്നും ഇക്കാലയളവിൽ എനിക്കുണ്ടായിട്ടില്ലെന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. ഒരു സിനിമ ഏറ്റെടുക്കുമ്പോൾ തുടക്കക്കാരന്റെ അതേ ആവേശവും ടെൻഷനും ഇന്നുമുണ്ട്. ഷൂട്ടിങ്ങിന്റെ തലേദിവസം ഉറങ്ങാൻ പറ്റാറില്ല. സിനിമകൾ ചെയ്യുമ്പോൾ അതേരീതിയിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. ഒരു നല്ല സിനിമ സെലക്ട് ചെയ്യാനുള്ള സമവാക്യം ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്. നമ്മൾ ചെയ്യാനുള്ളത് വൃത്തിയായിട്ട് ചെയ്യുക. ഇതൊരു നല്ല സിനിമയാണെന്നോ, നൂറുദിവസം ഓടുമെന്നോ, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നോ ഒക്കെ പറഞ്ഞുകൊണ്ട് ഒരു സിനിമയും തിരഞ്ഞെടുക്കാനാവില്ല. എന്റെ ഫിലിമോഗ്രഫി എടുത്തുനോക്കുകയാണെങ്കിൽ ഭൂരിപക്ഷം സിനിമകളും നിരാശയാണ് നൽകിയിട്ടുള്ളത്. പക്ഷേ, ചില സിനിമകൾ ചെയ്യുന്നത് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും അടുത്തവീട്ടിലെ പയ്യൻ എന്ന ഇമേജുള്ളതുകൊണ്ട് ഒരുപാട് അവസരങ്ങൾ ആളുകൾ തരുന്നതുപോലെയും എനിക്ക് തോന്നിയിട്ടുണ്ട്. തലവൻ ഈ വർഷത്തെ എന്റെ ആദ്യത്തെ സിനിമയാണ്. അർഫാസ് അയൂബ് സംവിധാനംചെയ്ത ലെവൽ ക്രോസ് ആണ് ഇനി റിലീസാവാനുള്ളത്. ഞാനും സുരാജേട്ടനും കേന്ദ്രകഥാപാത്രങ്ങളായ അഡിയോസ് അമിഗോ എന്ന സിനിമയുടെ ഷൂട്ട് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]