
ജിയോ ബോബി സംവിധാനംചെയ്ത കാതൽ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും പ്രശംസിച്ച് ബോളിവുഡ് താരം വിദ്യ ബാലൻ.’കാതലി’ൽ മമ്മൂട്ടി ചെയ്ത നായകവേഷം പോലെയൊരു കഥാപാത്രത്തെ ബോളിവുഡിലെ മുൻനിര താരങ്ങൾ, പ്രത്യേകിച്ച് ഖാൻമാർ അവതരിപ്പിക്കില്ലെന്ന് അവർ പറഞ്ഞു. അൺഫിൽട്ടേർഡ് വിത്ത് സാംദിഷ് എന്ന പോഡ്കാസ്റ്റ് ഷോയിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്. ‘കാതൽ’ പോലൊന്ന് ബോളിവുഡിൽ നടക്കാൻ പ്രയാസമാണെന്നും വിദ്യ ബാലൻ അഭിപ്രായപ്പെട്ടു.
അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളതെന്ന കാര്യം ഉൾക്കൊള്ളേണ്ടിയിരിക്കുന്നെന്ന് വിദ്യ ബാലൻ പറഞ്ഞു. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതൽ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തിൽ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമായതിനാലാവാം. അദ്ദേഹമുൾപ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണത്. അവർ ഇതുപോലെയുള്ള കാര്യങ്ങളിൽ കൂടുതൽ തുറന്ന മനസോടെയിരിക്കുമെന്ന് ഞാൻ കരുതുന്നു.അവർ അവരുടെ അഭിനേതാക്കളെ, പ്രത്യേകിച്ച് പുരുഷ സൂപ്പർതാരങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനാൽ അദ്ദേഹം മുന്നോട്ടുപോയി ആ ചിത്രം ചെയ്തു എന്നത് കൂടുതൽ സ്വീകാര്യമാണെന്നും വിദ്യ അഭിപ്രായപ്പെട്ടു.
കാതൽ എന്ന ചിത്രം കണ്ടശേഷം മമ്മൂട്ടിക്ക് അഭിനന്ദനമറിയിക്കാൻ താൻ ദുൽഖറിന് മെസേജയച്ചിരുന്നെന്ന് വിദ്യ ബാലൻ പറഞ്ഞു. ‘മലയാളത്തിലെ വലിയ താരങ്ങളിലൊരാൾ അഭിനയിച്ചു എന്നത് മാത്രമല്ല, ആ ചിത്രം നിർമിക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ, ‘കാതൽ’ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ഹിന്ദി താരങ്ങൾക്കൊന്നും കഴിയുമെന്ന് ഞാൻ കരുതുന്നില്ല.’ വിദ്യ കൂട്ടിച്ചേർത്തു. പുതിയ തലമുറയിലെ ചില താരങ്ങൾ ഈ രീതികൾ തകർക്കുമെന്നും വിദ്യ അഭിപ്രായപ്പെട്ടു. ശുഭ് മംഗൾ സ്യാദാ സാവധാൻ എന്ന ചിത്രത്തിലെ ആയുഷ്മാൻ ഖുറാനയുടെ കഥാപാത്രം വിദ്യ ബാലൻ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി.
2023-ൽ പുറത്തിറങ്ങി പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ‘കാതൽ’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം സ്വവർഗാനുരാഗത്തേക്കുറിച്ചാണ് സംസാരിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. ജ്യോതികയായിരുന്നു നായിക. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തിരക്കഥ രചിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]