
“കൊല്ലാൻ അവൻ ഇനിയും ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും..”ത്രസിപ്പിക്കുന്ന സിനിമാ ഡയലോഗാണ്; “താഴ്വാര”ത്തിലെ മോഹൻലാലിന് വേണ്ടി എം.ടി. എഴുതിയത്. സാമൂഹ്യമാധ്യമലോകത്ത് കാലാകാലങ്ങളായി നടക്കുന്ന “വധശ്രമ”ങ്ങളെ കുറിച്ചോർക്കുമ്പോൾ ഈ ഡയലോഗാണ് ഓർമ്മവരിക. കൊല്ലാൻ ശ്രമിച്ചുകൊണ്ടേയിരിക്കും സോഷ്യൽ മീഡിയ. മരിക്കാതെ നോക്കേണ്ടത് നമ്മുടെ ബാധ്യത, ഉത്തരവാദിത്വം.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഏറ്റവുമധികം “വധശ്രമം” നേരിട്ടവരിലൊരാൾ ഗാനഗന്ധർവൻ യേശുദാസ് ആവണം. ഭാഗ്യവശാൽ ഇത്തവണ നേരിയ വ്യത്യാസത്തിൽ രക്ഷപ്പെട്ടു അദ്ദേഹം. “യേശുദാസ് ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ” എന്നാണ് കഴിഞ്ഞ ദിവസം കാലത്ത് അയച്ചുകിട്ടിയ സന്ദേശം. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. ആദ്യം ലഭിച്ചത് മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ നിന്ന്. പതുക്കെ സാധാരണക്കാരും സത്യാവസ്ഥ അറിയാനുള്ള ആഗ്രഹവുമായി വന്നെത്തിത്തുടങ്ങി. നാലഞ്ച് വർഷമായി അമേരിക്കയിലാണ് യേശുദാസ് എന്നറിയാത്തവർ പോലുമുണ്ടായിരുന്നു ചോദ്യകർത്താക്കളിൽ. വാർത്തകളുടെ ഈ വിസ്ഫോടനകാലത്തും ആളുകൾ പലതും അറിയാതെ പോകുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. വാട്സാപ്പിൽ അയച്ചുകിട്ടുന്ന നുണകളിലും അർദ്ധസത്യങ്ങളിലും അഭിരമിക്കുകയാണല്ലോ നമ്മൾ.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല യേശുദാസിന്റെ ദുര്യോഗം. 1970 കളിൽ സ്കൂൾ പഠനകാലത്ത് ഒരു നാൾ സഹപാഠികൾ പരസ്പരം കുശുകുശുക്കുന്നത് കേട്ടു ഞെട്ടിത്തരിച്ചത് ഓർമ്മയുണ്ട്. യേശുദാസ് വിമാനാപകടത്തിൽ പെട്ടു എന്നതായിരുന്നു അന്ന് കേട്ട വാർത്ത. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് ചിലർ. ഇല്ലെന്ന് മറ്റു ചിലർ. സാമൂഹ്യ മാധ്യമങ്ങളോ മൊബൈൽ ഫോണോ ഒന്നും സ്വപ്നങ്ങളിൽ പോലുമില്ലാത്ത കാലം. കേൾക്കുന്നത് ശരിയോ എന്നറിയാൻ പിറ്റേന്ന് പത്രം വരും വരെ കാത്തിരിക്കണം. വല്ലാത്തൊരു കാത്തിരിപ്പായിരുന്നു അത്.
പിറ്റേന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിൽ അടിസ്ഥാനരഹിതമായ ആ അപകട വാർത്തക്ക് ലഭിച്ച പ്രചാരത്തെ കുറിച്ചൊരു സ്പെഷൽ സ്റ്റോറി തന്നെ ഉണ്ടായിരുന്നു എന്നാണോർമ്മ. ഒരു പക്ഷേ വ്യാജ മരണവാർത്തകളെ കുറിച്ച് മലയാള പത്രങ്ങളിൽ ആദ്യമായി അടിച്ചുവന്ന സ്റ്റോറി. പിന്നേയും മുറയ്ക്ക് വന്നുകൊണ്ടിരുന്നു “മരണ”വാർത്തകൾ.
പതിറ്റാണ്ടുകൾ പലതു കഴിഞ്ഞു. വാർത്താലോകം വിരൽത്തുമ്പിലായി. കേൾക്കുന്നതെന്തും ശരിയോ തെറ്റോ എന്ന് ഉറപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഇന്ന് യഥേഷ്ടം. എന്നിട്ടും വ്യാജ ദുരന്ത വാർത്തകൾ അന്തരീക്ഷത്തിൽ പാറിപ്പറന്നുകൊണ്ടേയിരിക്കുന്നു. ഈ വിവരവിപ്ലവ കാലത്തും ആളുകൾ ചിലരെങ്കിലും അവ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്യുന്നു എന്നതാണ് അതിലും വലിയ ട്രാജഡി. യേശുദാസ് അമേരിക്കയിലെ ഡാളസിലാണെന്ന് കേൾക്കേണ്ട താമസം അദ്ദേഹം ഡയാലിസിസിന് വിധേയനായികൊണ്ടിരിക്കുന്നു എന്ന വാർത്ത അന്തരീക്ഷത്തിൽ പറത്തിവിട്ട വിരുതന്മാരുള്ള നാടാണിത്.
ജീവിച്ചിരിക്കുമ്പോഴേ സ്വന്തം മരണവാർത്ത കേൾക്കേണ്ടി വരുക എന്ന ഗതികേട് ഏറ്റവുമധികം അനുഭവിച്ചിരിക്കുക എസ് ജാനകിയായിരിക്കും. വർഷം തോറും വഴിപാടു പോലെ ജാനകിയമ്മയുടെ “വിയോഗ” വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു നിർവൃതിയടയുന്ന നികൃഷ്ടജന്മങ്ങളുണ്ട്. ഇത്തരം വാർത്തകൾ തന്നെ ഞെട്ടിക്കാതായിരിക്കുന്നു എന്ന് ഒരിക്കൽ ജാനകിയമ്മ തന്നെ പറഞ്ഞുകേട്ടതോർക്കുന്നു. “പുരാണത്തിലെ കർണ്ണനെ പോലെ ജീവിച്ചിരിക്കുമ്പോൾ ഒൻപത് തവണ മരണത്തിലൂടെ കടന്നുപോകേണ്ടി വരാനായിരിക്കും എന്റെ യോഗം.” — തമാശ കലർത്തിയാണെങ്കിലും വേദനയോടെ അവർ പറഞ്ഞ വാക്കുകൾ മറന്നിട്ടില്ല. ഭാവഗായകൻ ജയചന്ദ്രനും നടൻ മധുവുമൊക്കെ പല ഘട്ടങ്ങളിലായി ഇത്തരം വധശ്രമങ്ങൾ അതിജീവിച്ചവരാണ്.
എന്തും നർമ്മബോധത്തോടെ കാണുന്ന ശീലമുള്ള ഗായകൻ കെ പി ഉദയഭാനു പങ്കുവെച്ച ഒരനുഭവം കൂടി കേൾക്കുക .
പതിവുപോലെ കാലത്തെ “നഗരപ്രദക്ഷിണ”ത്തിനായി വീട്ടിൽ നിന്നിറങ്ങിയതാണ് ഭാനുച്ചേട്ടൻ. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ ആദ്യം മുന്നിൽ കണ്ടത് വഴിയരികിൽ പരുങ്ങി നിൽക്കുന്ന ഒരാളെ. മുൻപെങ്ങും കണ്ട പരിചയമില്ല. പിന്നിൽ കൈകെട്ടിയാണ് നിൽപ്പ്; എന്തോ മറച്ചുവെക്കാനെന്ന പോലെ. മുഖത്ത് ചിരിയോ കരച്ചിലോ എന്ന് തിരിച്ചറിയാനാവാത്ത ഒരു പ്രത്യേക ഭാവം.
ആകെ മൊത്തം ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്. “എന്താ രാവിലെ തന്നെ? ആരെ കാണാനാ?” — ഗായകന്റെ ചോദ്യം.
മുഖത്ത് പണിപ്പെട്ട് ഒരു ചിരി വരുത്തി തെല്ലൊരു ജാള്യത്തോടെ അപരിചിതൻ പറഞ്ഞു: “സാറിനെത്തന്നെ. അപ്പോൾ ഞാൻ കേട്ടത് ശരിയല്ല അല്ലേ? സമാധാനമായി.” ഒന്നും പിടികിട്ടിയിട്ടില്ല ഉദയഭാനുവിന്. ഇയാൾക്കെന്തിന്റെ കിറുക്കാണ്?
ആഗതൻ പിന്നിൽ കയ്യിൽ മറച്ചുപിടിച്ച സാധനം കൺവെട്ടത്തേക്ക് വന്നത് അപ്പോഴാണ്: ഒരു പുഷ്പചക്രം. വെളിപാട് പോലെ കാര്യങ്ങളുടെ നിജസ്ഥിതി തൽക്ഷണം മനസ്സിലാക്കുന്നു ഉദയഭാനു. തലേന്നായിരുന്നു പ്രശസ്ത സാഹിത്യകാരനും പത്രാധിപരുമായ എ.പി. ഉദയഭാനുവിന്റെ വിയോഗം. ആ ഉദയഭാനുവിനെ പ്രിയഗായകൻ ഉദയഭാനുവായി തെറ്റിദ്ധരിച്ചു അതികാലത്തു തന്നെ “അന്ത്യാഞ്ജലി” അർപ്പിക്കാനായി റീത്തുമായി അവതരിച്ചിരിക്കുകയാണ് ഈ വിദ്വാൻ.
അതേ ദിവസം തന്നെ തേടിവന്ന അനുശോചനസന്ദേശങ്ങളും കുറവല്ലായിരുന്നു എന്ന് ഉദയഭാനു. ഫോണെടുത്ത് ഹലോ പറഞ്ഞാൽ നിശ്ശബ്ദതയായിരിക്കും മറുപുറത്ത്. പിന്നെ ശബ്ദം കുറച്ച് ഒരു ചോദ്യവും: “അപ്പോൾ ഞാൻ കേട്ടത് ശരിയല്ല അല്ലേ ?”
കുറച്ചുകാലം മുൻപൊരു നാൾ കാലത്തെഴുന്നേറ്റ് ഫേസ് ബുക്ക് തുറന്നയുടൻ കണ്ണിൽ പെട്ടത് ജി. വേണുഗോപാലിന്റെ “വിടവാങ്ങൽ വാർത്ത”. വളരെ ബുദ്ധിമുട്ടി സമയം ചെലവിട്ട് മിനുക്കിയെടുത്ത ഒരു വാർത്താ കാർഡ്. “നമ്മുടെ പ്രിയതാരം ജി. വേണുഗോപാൽ അന്തരിച്ചു” എന്നാണ് ശീർഷകം.” താരമോ അതോ ഗായകനോ എന്നോർത്ത് അന്തം വിട്ടുപോയെങ്കിൽ സംശയം തീർക്കാൻ കെ. എസ്. ചിത്രയുടെയും ശരത്തിന്റെയുമൊക്കെ വാവിട്ടു കരയുന്ന മുഖങ്ങൾ കൊടുത്തിട്ടുണ്ട് മുകളിൽ. ഒപ്പം ഹൃദയഭേദകമായ ഒരു അറിയിപ്പും: “ഞെട്ടലിൽ സിനിമാ സംഗീത ലോകം. അവസാനമായി ഒന്നു കാണാൻ തിരക്ക്.”
ഉദയഭാനു ചേട്ടന്റെ അനുഭവം തെറ്റിദ്ധാരണയിൽ നിന്നുണ്ടായതെങ്കിൽ, വേണുവിന്റേത് അങ്ങനെയല്ല. കരുതിക്കൂട്ടിയുള്ള വധശ്രമം തന്നെ അത്. രണ്ടു ദിവസം മുൻപ് അന്തരിച്ച പത്രപ്രവർത്തകനും നടനുമായ വേണുജിയുടെ മരണവാർത്തയെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ മാറ്റിയെടുത്തു കാർഡ് ഉണ്ടാക്കി പറത്തിവിട്ടിരിക്കുകയാണ് ഏതോ വികലമനസ്കൻ. ആളുകൾ അതുകണ്ട് ഗായകൻ വേണുവെന്നു ധരിച്ചു ഞെട്ടണം. ഷെയർ ചെയ്ത് വൈറൽ ആക്കണം. ഈ കോപ്രായങ്ങളെല്ലാം കണ്ട് ദൂരെയെങ്ങോ അജ്ഞാതനായിരുന്ന് ആത്മനിർവൃതി അനുഭവിക്കുന്ന ക്രൂരനായ ഒരു “കുസൃതിക്കാര”നെ മനസ്സിൽ കാണാം നമുക്ക്.
“കാലത്തു മുഴുവൻ ഫോൺ കോളുകളായിരുന്നു. മറുപടി പറഞ്ഞു മടുത്തു.” — വേണുഗോപാൽ പറഞ്ഞു. എങ്കിലും ഇടക്ക് ചില രസികൻ അനുഭവങ്ങളും ഉണ്ടായി. “ഫോൺ എടുത്ത് ഹലോ പറഞ്ഞയുടൻ വിളിച്ചയാളുടെ ചോദ്യം: ചേട്ടാ, ഈ കേൾക്കുന്നത് നേരാണോ?”
നേരല്ല എന്ന് ബോധ്യപ്പെടുത്താൻ പ്രയാസപ്പെടേണ്ടി വന്നു എന്ന് വേണു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]