
ജീൻ ഹാക്മൻ എന്ന പേരിൽ നാമെല്ലാം അറിയുന്ന യൂജിൻ അലൻ ഹാക്മന് പത്ത് വയസ്സുകാലത്തേ നടനാകാനായിരുന്നു മോഹം. പക്ഷേ, 13-ാം വയസ്സിൽ ശിഥിലമായിപ്പോയ കുടുംബം സ്വാഭാവികമായും അത് ആ കുട്ടിയുടെ അഭിലാഷങ്ങളെയും ബാധിച്ചു. അങ്ങനെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പഠനം അവസാനിപ്പിച്ച് ആ കുട്ടി 16-ാം വയസ്സിൽ പ്രായത്തെപ്പറ്റി കള്ളം പറഞ്ഞ് സൈന്യത്തിൽ ചേർന്നു. യു.എസ്. മറൈൻ കോറിൽ ഫീൽഡ് റേഡിയോ ഓപ്പറേറ്ററായി നാലു വർഷത്തിലേറെ ജോലിനോക്കിയ ശേഷം 1951-ൽ ഡിസ്ച്ചാർജ് ചെയ്യപ്പെട്ടു.
1956-ലാണ് അഭിനയം ഒരു ജീവിതവൃത്തിയായി ഹാക്മൻ സ്വീകരിച്ചത് കാലിഫോണിയയിലെ അവതരണകലകളുടെ വേദിയെന്ന നിലയിൽ പ്രസിദ്ധമായ പാസഡീന പ്ലേഹൗസിൽ അദ്ദേഹം ചേർന്നു. അഭിനയമോഹങ്ങളുമായി അവിടെയെത്തിയ മറ്റൊരു ചെറുപ്പക്കാരനായിരുന്നു അവിടെ ഹാക്മന്റെ ആത്മമിത്രം-പിൽക്കാലത്ത് ഹോളിവുഡിൽ ഹാക്മനെപ്പോലെ പ്രസിദ്ധനായ ഡസ്റ്റിൻ ഹോഫ്മൻ. ‘അഭിനയരംഗത്ത് വിജയിക്കാൻ സാധ്യതയില്ലാത്തവർ’ എന്നാണ് അക്കാലത്ത് ഇരുവർക്കും കിട്ടിയ ഒരു വിധിയെഴുത്ത്.
പാസഡീന പ്ലേഹൗസ് അവരുടെ അഭിനേതാക്കൾക്ക് നൽകുന്ന മാർക്കനുസരിച്ച് അഭിനയരംഗത്ത് ഏറ്റവും വിജയസാധ്യത കുറഞ്ഞ രണ്ട് നടന്മാരായിരുന്നു ഇരുവരും എന്നതാണ് ഏറ്റവും വലിയ തമാശ. രണ്ടുപേരും പിൽക്കാലത്ത് ഹോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടന്മാരായി മാറി എന്നത് ചരിത്രം.
നാടകവേഷങ്ങളിലുള്ള അഭിനയത്തിന്റെ ആദ്യകാലം ഹാക്മന്റെ കഷ്ടകാലമായിരുന്നു. അക്കാലത്ത് ജീവിച്ചുപോകാൻ അഭിനയമില്ലാത്ത കാലത്ത് ഹോട്ടലുകളിൽ വെയ്റ്ററുടെ ജോലിവരെ ചെയ്യേണ്ടിവന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടായത് സാൻഡി ഡെന്നീസ് എന്ന നടിക്കൊപ്പം അഭിനയിച്ച ‘എനി വെനസ്ഡേ’ എന്ന ബ്രോഡ്വേ നാടകം വമ്പൻ ഹിറ്റായി മാറിയതോടെയാണ്. ഇത് ഹാക്മന് ഹോളിവുഡിലേക്കുള്ള വാതിൽ തുറന്നുകൊടുത്തു. 1967-ൽ ബോണി ആൻഡ് ക്ലൈഡ് എന്ന ചിത്രത്തിലെ ബക്ക് ബറോയുടെ വേഷം ഹാക്ക്മന് അക്കാദമി അവാർഡ് നാമനിർദേശം നേടിക്കൊടുത്തു. ഇതോടെ ജീൻ ഹാക്ക്മൻ ആർക്കും അവഗണിക്കാൻ പറ്റാത്ത നടനായി മാറി.
——————————————————————————————————————-
അച്ഛൻ ഉപേക്ഷിച്ചു, അമ്മ തീകൊളുത്തി മരിച്ചു; ദുരിതബാല്യം
‘ദ ഫ്രഞ്ച് കണക്ഷൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1971-ൽ മികച്ച നടനുള്ള ഓസ്കർ ഹാക്മന് ലഭിച്ചു. 21 വർഷത്തിനുശേഷം ‘അൺഫൊർഗിവണി’ലെ അഭിനയം സഹനടനുള്ള ഓസ്കറിനും അർഹനാക്കി. 2008-ൽ അഭിനയരംഗത്തുനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച ഹാക്മൻ പിന്നീട് പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലായിരുന്നു.
‘ഗ്രേറ്റ് ഡിപ്രഷൻ’ എന്ന സാമ്പത്തികമാന്ദ്യത്തിന്റെകാലത്ത് ഇലിനോയിയിലാണ് ജനിച്ചത്. 13-ാംവയസ്സിൽ അച്ഛൻ ഉപേക്ഷിച്ച് പോയി. 1962-ൽ അമ്മ സ്വയം തീകൊളുത്തി മരിച്ചു. 16-ാംവയസ്സിൽ പ്രായം മറച്ചുവെച്ച് യു.എസ്. മറീൻ കോറിൽ ചേർന്ന് നാലരക്കൊല്ലം സേവനംചെയ്തു. അതിനുശേഷം ഇലിനോയി സർവകലാശാലയിൽ പത്രപ്രവർത്തനവും ടി.വി. പ്രൊഡക്ഷനും പഠിച്ചു. പല ജോലികൾ നോക്കിയശേഷം പ്രായം മുപ്പതുകളിലെത്തിയപ്പോഴാണ് അഭിനയമെന്ന ബാല്യകാലമോഹം സാക്ഷാത്കരിക്കാനിറങ്ങിയത്.
1950-കളിൽ കാലിഫോർണിയയിലെ പസഡീന പ്ലേഹൗസിൽ അഭിനയം പഠിക്കാൻ ചേർന്നു. ‘അഭിനയരംഗത്ത് വിജയിക്കാൻ സാധ്യതയില്ല’ എന്ന വിധിയെഴുത്തുമായി ഏറ്റവും കുറഞ്ഞ സ്കോർ നേടിയ വിദ്യാർഥിയായിരുന്നു ഹാക്മൻ. ആ ബിരുദവുമായി ബ്രോഡ്വേ നാടകങ്ങളിൽ അഭിനയിക്കാനിറങ്ങി.
1964-ലിറങ്ങിയ ‘ലിലിത്’ ആണ് ഹാക്മന്റെ ആദ്യ സിനിമ. 1967-ൽ ‘ബോണി ആൻഡ് ക്ലൈഡ്’, അതിനുശേഷം ‘ഐ നെവർ സാങ് ഫോർ മൈ ഫാദർ’, ‘ദ ഫ്രഞ്ച് കണക്ഷൻ’, ‘ദ കോൺവർസേഷൻ’, ‘നൈറ്റ് മൂവ്സ്’, ‘ദ പൊസൈഡൻ അഡ്വഞ്ചർ’ അങ്ങനെ എൺപതോളം സിനിമകൾ. ആദ്യവിധിയെഴുത്ത് ഹോളിവുഡിലെ മഹാനടന്മാരിലൊരാൾ എന്ന പ്രകീർത്തനത്തിന് വഴിമാറി. 2001-ൽ പുറത്തിറങ്ങിയ ‘ദ റോയൽ ടെനെബോംസി’ലെ അഭിനയത്തിന് ഉൾെപ്പടെ മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചു. 1956-ൽ ഫെയെ മാൾട്ടീസിനെ വിവാഹംകഴിച്ചു. മക്കൾ: ക്രിസ്റ്റഫർ അലൻ, എലിസബത്ത് ജീൻ, ലെസ്ലി ആൻ. 1986-ൽ വിവാഹമോചിതനായി. 1991-ലാണ് പിയാനോവാദകയായ ബെറ്റ്സിയെ ജീവിതസഖിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]