മുംബൈ: നടന് സെയ്ഫ് അലിഖാനെ ആക്രമിച്ചകേസില്‍ സംശയത്തിന്റെപേരില്‍ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ച ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ (31) തന്റെ ജീവിതം പോലീസ് നശിപ്പിച്ചെന്നാരോപിച്ച് രംഗത്ത്. തനിക്കുവന്ന വിവാഹാലോചന മാറിപ്പോയെന്നും ജോലി നഷ്ടമായെന്നും കനോജിയ പരാതിപ്പെടുന്നു. ജോലിക്കായി സെയ്ഫ് അലിഖാന്റെ വീടിനുമുന്പില് സമരംനടത്തുമെന്നും കനോജിയ പറഞ്ഞു.
മുംബൈയില്‍ ഒരു ടൂര്‍കമ്പനിയുടെ ഡ്രൈവറായ ആകാശ് കനോജിയയെ ജനുവരി 18-നാണ് പോലീസില്നിന്നുലഭിച്ച വിവരത്തെത്തുടര്‍ന്ന് റെയില്‍വേ സംരക്ഷണസേന കസ്റ്റഡിയിലെടുത്തത്. സെയ്ഫ് അലിഖാന്റെ വീട്ടില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ക്കണ്ട വ്യക്തിയുമായിട്ടുള്ള രൂപസാദൃശ്യത്തിന്റെ പേരിലായിരുന്നു ഇത്. 19-ന് ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്തതോടെ കനോജിയയെ വിട്ടയച്ചു.
ചാനലുകള്‍ തന്റെ ചിത്രംസഹിതം വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയതോടെ കുടുംബം ഞെട്ടിപ്പോയതായി കനോജിയ പറയുന്നു. പോലീസിന്റെ ഒരു തെറ്റ് തന്റെ ജീവിതം തകര്‍ത്തു. തനിക്ക് മീശയുണ്ടായിരുന്ന കാര്യംപോലും പോലീസ് ശ്രദ്ധിച്ചില്ല. നടന്റെ കെട്ടിടത്തില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ക്കണ്ട ആള്‍ക്ക് മീശയില്ലായിരുന്നെന്ന് കനോജിയ പറയുന്നു. പെണ്ണുകാണാന്‍ പോകുമ്പോഴാണ് തന്നെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുന്നത്. മാധ്യമങ്ങള്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചതോടെ പെണ്ണിന്റെ വീട്ടുകാര്‍ പിന്മാറി. തൊഴിലുടമ ഇനിമുതല്‍ ജോലിക്കുവരേണ്ടെന്നും പറഞ്ഞു. തന്റെ വിശദീകരണം കേള്‍ക്കാന്‍പോലും അദ്ദേഹം തയ്യാറായില്ല.
ബംഗ്ലാദേശ് പൗരന്റെ അറസ്റ്റിനെ ദൈവിക ഇടപെടല്‍ എന്ന് കനോജിയ വിശേഷിപ്പിച്ചു. ഇല്ലെങ്കില്‍ താന്‍ ഈ കേസില്‍ പെട്ടുപോകുമായിരുന്നു. തനിക്കെതിരേ മുംബൈയിലെ കഫ്പരേഡിലും ഹരിയാണയിലെ ഗുരുഗ്രാമിലും ഓരോ കേസുകള്വീതമുണ്ട്. എന്നാല്‍ തന്നെ ‘ഇത്തരത്തില്‍ വലിച്ചിഴയ്ക്കേണ്ടതുണ്ടോ’ എന്ന് കനോജിയ ചോദിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]