
കുറുപ്പ് എന്ന മലയാള ചിത്രത്തിലൂടെയും പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ തമിഴിലും ഒരുപിടി ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശോഭിത ധുലിപാല. തന്റെ ഹോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് ഇപ്പോഴവർ. ശോഭിതയുടെ ആദ്യ ഹോളിവുഡ് ചിത്രമായ മങ്കി മാന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
സ്ലം ഡോഗ് മില്ല്യണയർ എന്ന ഒരേയൊരു ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ ദേവ് പട്ടേൽ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും മങ്കി മാനുണ്ട്. ദേവ് തന്നെയാണ് ചിത്രത്തിലെ നായകനും. തന്റെ അമ്മയെ വകവരുത്തിയവർക്കെതിരെയുള്ള നായകന്റെ പോരാട്ടമായിരിക്കും ചിത്രം എന്നാണ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ നൽകുന്ന സൂചന.
മകരന്ദ് ദേശ്പാണ്ഡേ, സികന്ദർ ഖേർ, ഷാൾട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുൽക്കാണ്ടേ, അശ്വിനി ഖലേസ്കർ എന്നിവരാണ് മറ്റുതാരങ്ങൾ. ദേവ് പട്ടേലും ജോമോൻ തോമസും ചേർന്നാണ് മങ്കി മാൻ നിർമിക്കുന്നത്. ദേവ് പട്ടേൽ, പോൾ അങ്കുണാവെലാ, ജോൺ കോളീ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം ഈ വർഷം ഏപ്രിൽ അഞ്ചിന് പുറത്തിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]