
ധനുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഈ മാസം 12-ാം തീയതി തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ നൂറുകോടി കളക്ഷനിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ പുതിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തി.
തന്റെ പട്ടത്ത് യാനൈ എന്ന നോവൽ നാണമില്ലാതെ കോപ്പിയടിച്ചുവെച്ചിരിക്കുന്നതാണ് ക്യാപ്റ്റൻ മില്ലർ എന്ന് തമിഴ് ചാനലായ പുതിയ തലമുറൈക്ക് നൽകിയ അഭിമുഖത്തിൽ രാമമൂർത്തി പറഞ്ഞു. സിനിമയെടുക്കുന്നതിന് മുമ്പ് അണിയറപ്രവർത്തകർ യാതൊരുവിധത്തിലുള്ള അനുവാദവും തന്നോട് ചോദിച്ചിരുന്നില്ല. ഇക്കാര്യമുന്നയിച്ച് തമിഴ് സംവിധായകരുടെ സംഘടനയെ സമീപിക്കുമെന്നും ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
“എന്റെ നോവലായ പട്ടത്ത് യാനൈയെ അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം എടുത്തിരിക്കുന്നത്. ഈ കോപ്പിയടിയുമായി ബന്ധപ്പെട്ട് എനിക്ക് നീതി വേണം. സിനിമാ മേഖലയിൽ സത്യസന്ധതയില്ല. അതിനാൽ, ഇതിഹാസ സംവിധായകനും യൂണിയൻ പ്രസിഡന്റുമായ ഭാരതിരാജ സഹായിക്കുമെന്ന പ്രതീക്ഷയിൽ നീതിക്കായി ഞാൻ സിനിമാ സംവിധായകരുടെ യൂണിയനെ സമീപിക്കാൻ പോവുകയാണ്.” വേലാ രാമമൂർത്തി പറഞ്ഞു.
ക്യാപ്റ്റൻ മില്ലർ ടീമിനെതിരെ താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലെന്നും വേല രാമമൂർത്തി വ്യക്തമാക്കി. ബൗദ്ധിക സ്വത്തവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം തന്റെ കഠിനാധ്വാനത്തിന് നീതി വേണമെന്നും ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ധനുഷിന്റെ 47-ാമത് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. വിപ്ലവ നായകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. സംവിധായകൻ അരുൺ മാതേശ്വരൻതന്നെ തിരക്കഥയൊരുക്കിയ ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. ആക്ഷൻ ഡ്രാമയായി എത്തിയ ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ, ജയപ്രകാശ്, സുന്ദിപ് കിഷൻ, വിനോദ് കിഷൻ, ജോൺ കൊക്കെൻ, കാളി വെങ്കട്ട്, അദിതി ബാലൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.