പ്രശസ്തിയുടെ കൊടിമുടിയില്‍ നില്ക്കുന്ന, നിരവധി ആരാധകരുള്ള എ.ആര് റഹ്മാന് എന്ന ഐക്കണിനെയാണ് നമുക്ക് പരിചിതം. വികാരങ്ങളുടെ കാലമായ കൗമാരത്തിൽ പാട്ടിന്റെ മായാ ലോകത്തേക്കെത്തിയ റഹ്മാന് കടന്നു പോയ സംഘര്‍ഷങ്ങള്‍ ആരാധകര്‍ക്ക് പരിചിതമല്ല.
തന്റെ പത്തൊന്‍പതാം വയസ്സിലുണ്ടായ ഒരു അനുഭവം ഏറെ കാലങ്ങള്‍ നീണ്ട വലിയ തിരിച്ചറിവിലേക്ക് നയിച്ചതിനെ കുറിച്ച് എ.ആര് റഹ്മാന് സംസാരിച്ചിരിക്കുകയാണ്. ഒന്നിച്ച് പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെകുറിച്ച് താന്‍ തിരിച്ചറിഞ്ഞത് തന്റെകൂടെ പ്രവര്‍ത്തിച്ചിരുന്ന ഗിത്താറിസ്റ്റ് മദ്യപിച്ച് ലക്ക് കെട്ട് നടത്തിയ ഒരു ചോദ്യം ചെയ്യലിലാണെന്ന് റഹ്മാന് പറയുന്നു.
ഒരു ബാന്‍ഡുമായി ചേര്‍ന്ന് ചില സംഗീതജ്ഞര്‍ക്കുവേണ്ടി ജോലി ചെയ്യുന്ന കാലമായിരുന്നു അത്. നിങ്ങളെന്ത് സംഗീതമാണ് ചെയ്യുന്നതെന്നും സിനിമയ്ക്കായുള്ള ഗാനമാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് അയാള്‍ അന്നെന്നോട് പറഞ്ഞത്. 1985-ലോ 86 ലോ ആണ് ഇത് സംഭവിക്കുന്നതെന്നും റഹ്മാന് ഓര്‍ത്തെടുക്കുന്നുണ്ട്.
അയാള്‍ പറഞ്ഞതിന്റെ അര്‍ഥം തനിക്ക് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് അയാളുടെ ഭാഗത്തായിരുന്നു ശരിയെന്ന് തിരിച്ചറിഞ്ഞു. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞര്‍ തന്റെ വര്‍ക്കുകളെ പരിധിയില്‍ കവിഞ്ഞ് സ്വാധീനിക്കുന്നതായി മനസ്സിലായി. പിന്നീട് ഇത് മാറ്റാനായി താന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. തുടര്‍ന്നാണ് സ്വന്തമായ സ്റ്റൈല്‍ എന്താണെന്ന് കണ്ടെത്താനുളള യാത്ര ആരംഭിച്ചത്. ഏഴു വര്‍ഷമെടുത്താണ് ആ സ്വാധീനത്തില്‍ നിന്നും താന്‍ മാറിയതെന്നും റഹ്മാന് പറയുന്നുണ്ട്.
മദ്യപിച്ച് ബോധമില്ലാത്ത ഗിത്താറിസ്റ്റ് നടത്തിയ ഒരു പരാമര്‍ശം പാടെ തകര്‍ത്തുകളയുന്നതിനു പകരം സ്വയം കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗമായി മാറുകയായിരുന്നുവെന്നും റഹ്മാന് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]