കൊച്ചി : ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ആലുവയിൽ നിന്നാണ് പ്രതി അക്വിബ് ഫനാൻ പിടിയിലായത്. ബി.ടെക് വിദ്യാർഥിയാണ് ഇയാൾ.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഇയാൾ പോസ്റ്റ് ചെയ്തത്. സിനിമ തീയേറ്ററിൽ പോയി ഇയാൾ ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇൻസ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റാളുകളില്ലേക്ക് അയക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് അറിയാൻ സാധിച്ചതെന്ന് സിറ്റി സൈബർ പോലീസ് വ്യക്തമാക്കുന്നു. ആരിൽ നിന്ന് സിനിമയുടെ ലിങ്ക് ലഭിച്ചുവെന്നും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പോലീസിനെ സമീപിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇദ്ദേഹം പോലീസിന് കൈമാറിയിരുന്നു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാർക്കോ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ 20ന് റിലീസ് ചെയ്ത ചിത്രം 50 കോടിയിലധികം രൂപയാണ് തീയേറ്ററുകളിൽ നിന്ന് ഇതിനകം വാരിയത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സനാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റർടെയിൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]