ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമെത്തുന്നു. സയൻസ് ഫിക്ഷൻ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയിൽ നിന്നും പുറത്തേക്ക് വളർന്ന നിലയിലുള്ള ചുവപ്പൻ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ അനൗൺസ്മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഗോകുൽ സുരേഷും അജു വർഗീസും ഭാഗമായ ഈ അനൗൺസ്മെന്റ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. കോമഡി കൂടി കലർന്നായിരിക്കും മലയാളത്തിന്റെ സോംബികൾ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നൽകിയത്.
ഗനനചാരിയുടെ തുടർച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ‘നമ്മളൊരു സിമുലേഷനിലാണോ, ലോകാന്ത്യം അടുത്തിരിക്കുകയാണ്, മരിച്ചവർ ഉയർത്തുവരുമ്പോൾ നിലനിൽപ് മാത്രമാണ് ഒരേയൊരു വഴി’ എന്നീ വാചകങ്ങളോടെയാണ് അണിയറ പ്രവർത്തകർ വലയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഈ വാചകങ്ങളെയും ചൂഴ്ന്ന് പരിശോധിക്കുകയാണ് സിനിമാപ്രേമികൾ.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനിൽ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്ക്രീനിൽ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോൾ വല വരാൻ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
അണ്ടർഡോഗ്സ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്സ് എന്റർടെയ്ൻമെന്റാണ്. ടെയ്ലർ ഡർഡനും അരുൺ ചന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത് എസ് പൈ, സംഗീതം ശങ്കർ ശർമ്മ, എഡിറ്റിങ് സിജെ അച്ചു, മേക്കപ്പ് ആർജി വയനാടൻ, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ്-സിദ്ധാർത്ഥൻ എന്നിവർ നിർവ്വഹിക്കുന്നു. ഫൈനൽ മിക്സ് വിഷ്ണു സുജാഥൻ, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുലൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]