
വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് മനോജ് ബാജ്പേയി. ജൊറം ആണ് അദ്ദേഹത്തിന്റേതായി ഈയിടെ പുറത്തുവന്ന ചിത്രം. സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയത്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ സ്വന്തം അമ്മയേക്കുറിച്ച് താരം നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്.
അച്ഛനും അമ്മയ്ക്കും തങ്ങൾ ആറുമക്കളാണെന്ന് മനോജ് ബാജ്പേയി പറഞ്ഞു. എപ്പോഴും സ്വതന്ത്രയായിരിക്കാനാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യനാളുകളിൽപ്പോലും അവർ അതിനേക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആരെയും ആശ്രയിച്ചുജീവിക്കാൻ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ തന്റെ സഹോദരിയോട് അല്പം വിഷം വാങ്ങിത്തരാൻ അവർ ആവശ്യപ്പെട്ടിരുന്നതായും മനോജ് പറഞ്ഞു. മക്കളെ ആശ്രയിച്ചുകഴിയാൻ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നതിനാലാണ് ഇങ്ങനെയൊരാവശ്യം സ്വന്തം മകളോട് പറഞ്ഞതെന്നും നടൻ പറഞ്ഞു.
ബോക്സ് ഓഫീസിനോടുള്ള ആളുകളുടെ അമിതമായ താത്പര്യത്തോട് താനെതിരാണെന്ന് മനോജ് ബാജ്പേയി പറഞ്ഞു. രാജ്യത്തെ സിനിമാ നിർമാണ സംസ്കാരത്തെ ഇത് നശിപ്പിച്ചു. ആളുകളുടെ മുഖത്തേക്ക് അക്കങ്ങൾ എറിഞ്ഞുകൊടുക്കുന്നത് ശരിയായ കാര്യമല്ല. നൂറുകോടിക്കോ അതിന് മുകളിലോ കളക്ഷൻ നേടുന്ന ചിത്രം ഗംഭീരമാണെന്നും രാജ്യത്തെ എല്ലാ പുരസ്കാരങ്ങൾക്കും ആ ചിത്രം അർഹമാണെന്നും വിചാരിക്കുന്നവരുണ്ടെന്നും മനോജ് ബാജ്പേയി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]