
രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്സ് ഓഫിസില്‍ ഗംഭീരവിജയം നേടിയിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 870 കോടിയോളം വരുമാനം നേടിയിരിക്കുകയാണ്.
‘അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്. രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സിനിമ വിജയം നേടിയ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് സന്ദീപ് റെഡ്ഡി വാങ്ക. സിനിമയുണ്ടാക്കുന്നത് ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പിക്കാനല്ലെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞു. സിനിമ ഒരു കലയാണെന്നും അത് സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
”സിനിമ ജനങ്ങളെ മൂല്യങ്ങള്‍ പഠിപ്പാക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനമല്ല. ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. സത്യത്തില്‍ അയാളാണ് ഡോക്ടറെ കാണേണ്ടത്. ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങളല്ല ഞാന്‍ യഥാര്‍ഥ ജീവിതത്തില്‍ ചെയ്യുന്നത്. ഇത് സിനിമയാണ്, ഒരു കലാരൂപമാണ്, ഇതെന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. സിനിമയിലെ ഏതാനും രംഗങ്ങളിലൂടെ ഞാന്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍, പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് സിനിമയുടെ വിജയം. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനത് ചെയ്യുകയാണെങ്കില്‍, അതായത് ഞാനൊരു തോക്കുമെടുത്ത് നിരൂപകരുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറുകയാണെങ്കില്‍, ആ അവസരത്തില്‍ നിങ്ങള്‍ക്ക് എന്നോട് ഒരു മാനസിരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ പറയാം.
സത്യത്തില്‍ ഈ സിനിമയിലെ പലരംഗങ്ങളില്‍ ഞാന്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്. കാരണം അങ്ങനെ ചെയ്തില്ല എങ്കില്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത് താങ്ങാനാകില്ല. കാരണം ഞാനും ഇവിടുത്തെ ഒരു പ്രേക്ഷകനാണ്”- സന്ദീപ് റെഡ്ഡി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]