തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.)യിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ജി.എസ്.ടി. ഏർപ്പെടുത്തി. ഇതോടെ പ്രതിനിധിഫീസ് വിദ്യാർഥികൾക്ക് അഞ്ഞൂറിൽനിന്ന് 590 രൂപയായും മറ്റുള്ളവർക്ക് ആയിരത്തിൽനിന്ന് 1180 രൂപയുമായി വർധിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തിയേറ്ററുകളിലെ ആകെ സീറ്റിന്റെ 70 ശതമാനമാക്കി പരിമിതപ്പെടുത്തി. 30 ശതമാനം സീറ്റ് തിയേറ്ററുകളിൽ നേരിട്ടെത്തുന്നവർക്ക് നീക്കിവെച്ചു.
ലാറ്റിനമേരിക്കൻ സിനിമകൾ തിരഞ്ഞെടുക്കാനുള്ള ചുമതല ചലച്ചിത്രനിരൂപകനും എഴുത്തുകാരനും പ്രോഗ്രാമറുമായ ഫെർണാണ്ടോ ബർണർക്കും നൽകി. അക്കാദമി ചെയർമാൻ രഞ്ജിത്തും മുൻചെയർമാനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണും നടത്തിയ കൂടിയാലോചനകളിലാണ് തീരുമാനം.
അതേസമയം, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകാൻ ശുപാർശചെയ്തതിന്റെപേരിൽ തന്നെ പുറത്താക്കിയെന്ന പ്രചാരണത്തിനെതിരേ കഴിഞ്ഞ മേളയിൽ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ദീപിക സുശീലൻ പ്രതികരണം നടത്തിയിട്ടുണ്ട്. തന്നെ പുറത്താക്കിയതല്ലെന്നും ഇറങ്ങിപ്പോന്നതാണെന്നും സാമൂഹികമാധ്യമത്തിലെ കുറിപ്പിലൂടെ ദീപിക പ്രതികരിച്ചു.
അക്കാദമി ചെയർമാനും സെക്രട്ടറിയും താനും ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ബേലയെ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധനായ ബേല താറിന് പുരസ്കാരം നൽകിയെന്നായിരുന്നു വിവാദം. ബേലയ്ക്കെതിരേ വന്ന വിമർശനം തിരുത്താൻ അക്കാദമി ഇടപെട്ടില്ലെന്നാണ് ദീപികയുടെ കുറ്റപ്പെടുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]