ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന വിക്രം-ഗൗതം മേനോൻ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. സംവിധായകൻ ഗൗതം മേനോൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസ് മാറ്റിവെയ്ക്കുന്നതിൽ ആരാധകരോട് അദ്ദേഹം ക്ഷമ ചോദിച്ചു. സാമ്പത്തികമായ ചില പ്രശ്നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്താനിരിക്കെയാണ് ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റിയത്. സ്പൈ ത്രില്ലറായി രണ്ടു ഭാഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ യുദ്ധകാണ്ഡമായിരുന്നു പ്രദർശനത്തിനെത്തേണ്ടിയിരുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നതിന് മുന്നോടിയായി ഓൺലൈൻ ബുക്കിങ് ഉൾപ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ക്ഷമാപണ കുറിപ്പുമായി ഗൗതം മേനോൻ എത്തിയത്. ചിത്രം നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളിലെത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.
‘‘ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാൻ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുൻകൂർ ബുക്കിങ്ങും അടക്കം മികച്ച രീതിയിൽ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയംഗമമായ പിന്തുണ ഞങ്ങളെ മുന്നോട്ടുനയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും.’’ –ഗൗതം മേനോൻ കുറിച്ചു.
സിനിമ ചെയ്യുന്നതിനായി ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പണം കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് 2018-ൽ ഷൂട്ട് നിർത്തിവെച്ചു. കുറച്ച് നാൾക്ക് മുൻപാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിനായകനാണ് വില്ലൻ വേഷത്തിൽ. റിതു വർമയും ഐശ്വര്യ രാജേഷുമാണ് നായികമാർ. പാർത്ഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിർവഹിക്കുന്നു. പി. മദൻ, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]