ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഖാൻ ത്രയങ്ങളുടെ പ്രതാപകാലം. കോടി ക്ലബ് കണക്കുകളും അമ്പരിപ്പിക്കുന്ന വിഷ്വൽ കോറിയോഗ്രഫികളുമുണ്ടായിരുന്ന ബോളിവുഡ് പക്ഷേ ഇന്നാ പ്രതാപമില്ല. കാലം മാറി, സിനിമ മാറി. പതുക്കെ ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യൻ ചലച്ചിത്രലോകത്തിലെ കളംവാണുതുടങ്ങി. രാജമൗലിയും ശങ്കറും സൂപ്പർ സംവിധായകരായി. പ്രഭാസും വിജയിയും അല്ലു അർജുനും ഇന്ത്യയിലെവിടെയും തീയേറ്ററിൽ ആളെക്കയറ്റാനുതകുന്ന താരമുഖങ്ങളായി.
ഇപ്പോഴിതാ, ഇന്ത്യൻ താരങ്ങളുടെ പ്രതിഫല കണക്കിൽ വൻ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അർജുൻ. 300 കോടി രൂപ പുഷ്പ 2-വിനായി അല്ലു പ്രതിഫലം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ന് വേണ്ടി വിജയ് 275 കോടി രൂപ പ്രതിഫലം കൈപ്പറ്റുമെന്ന് വിവരമുണ്ടായിരുന്നു. ഷാരൂഖ് ഖാൻ കൈപ്പറ്റിയ 250 കോടി പ്രതിഫലത്തെ പിന്തള്ളിയായിരുന്നു വിജയ് ഇന്ത്യയിലെ ഏറ്റവും വാങ്ങുന്ന നടനായതായി ആയിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.
ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂൾ. ഡിസംബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രം പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻബോക്സ് ഓഫീസ് വലിയ വിജയമായ പുഷ്പ: ദി റൈസ് (2021) വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. സുകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ നിർമണ ചെലവ് 500 കോടി രൂപയാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]