
തിരുവനന്തപുരം : ഗുരുത്വമാണ് അദൃശ്യശക്തിയായി തന്നെ ഇന്നും മുന്നോട്ടു നയിക്കുന്നതെന്നും പദ്മരാജൻമുതൽ ആദ്യമായി മുഖത്ത് മേക്കപ്പിട്ട മോഹൻദാസിനെവരെ സ്മരിച്ചാണ് ഇന്നും താൻ അഭിനയം തുടങ്ങുന്നതെന്നും നടൻ ജയറാം. പി.പദ്മരാജൻ ട്രസ്റ്റിന്റെ പുരസ്കാരങ്ങൾ വിതരണംചെയ്തു സംസാരിക്കുകയായിരുന്നു ജയറാം.
37 വർഷങ്ങൾക്കുമുൻപ് ഇതുപോലൊരു ഒക്ടോബറിൽ അവസരം ചോദിച്ച് താൻ ആദ്യമായി പദ്മരാജന്റെ വീട്ടിലെത്തിയതുമുതലുള്ള സംഭവങ്ങൾ പങ്കുവെച്ച ജയറാം ചടങ്ങിനെ ഓർമ്മകളുടെ സായാഹ്നമാക്കി.
തന്നെ കണ്ടെത്തിയത് പദ്മരാജനാണെങ്കിലും അതിനു വഴിവെച്ചത് അദ്ദേഹത്തിന്റെ മകൻ അനന്തപദ്മനാഭനായിരുന്നു. മിമിക്രി കലയോട് ഇഷ്ടക്കേടുണ്ടായിരുന്ന പദ്മരാജനെ തന്റെ മിമിക്രി കാസറ്റ് അനന്തൻ നിർബന്ധപൂർവം കാണിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്.
സിനിമയിലെ തന്റെ ആദ്യ ഡയലോഗ് ‘ദൈവമേ രക്ഷിക്കണേ’ എന്നായിരുന്നു. അത് പറഞ്ഞുതന്ന ഉണ്ണിത്താനെ ഇന്നും ഗുരുത്വത്തോടെ ഓർക്കാറുണ്ട്. പദ്മരാജന്റെ പേരിലുള്ള ഈ പുരസ്കാരം ദേശീയ അവാർഡിനേക്കാൾ മുകളിലാണെന്നും കാലം കഴിയുന്തോറും ഈ പുരസ്കാരത്തിനു വീര്യം കൂടുമെന്നും ജയറാം പറഞ്ഞു.
മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്കാരം ‘ആട്ട’ത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് ജയറാം സമ്മാനിച്ചു.
മികച്ച നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ(ആനോ), ചെറുകഥാകൃത്ത് ഉണ്ണി ആർ.(അഭിജ്ഞാനം), നവാഗത എഴുത്തുകാരൻ എം.പി.ലിപിൻരാജ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. ‘ആട്ടം’ സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ എഡിറ്റർ മഹേഷ് ഭുവനേന്ദി, നായിക സറിൻ ഷിഹാബ് എന്നിവരെയും ആദരിച്ചു. പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, എഴുത്തുകാരൻ വി.ജെ.ജെയിംസ്, ബൈജു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]