
ജോജുജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ‘പണി’പ്രദർശനത്തിനെത്തി. നായകനെ വിറപ്പിച്ച വില്ലൻമാർ,സിനിമകണ്ടിറങ്ങുന്നവരുടെ മനസ്സിലും ഭീതി പടർത്തുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ പകയുടെയും പ്രതികാരത്തിെന്റയും കഥ പറഞ്ഞ സിനിമ ക്ലൈമാക്സിലെത്തുമ്പോൾ, വില്ലൻമാരെ ഇല്ലാതാക്കാൻ കാഴ്ചക്കാരും നായകനൊപ്പം മനസ്സുകൊണ്ട് ഒരുങ്ങിയിറങ്ങുന്നു. കഥയുടെ പുതുമയിലല്ല, അവതരണത്തിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും രംഗങ്ങളുടെ കൈയടക്കത്തിലുമാണ് ‘പണി’ മികച്ചുനിൽക്കുന്നത്. സംവിധാനം തനിക്ക് പറ്റുന്ന പണിയാണെന്ന് അരങ്ങേറ്റസിനിമയിലൂടെ ജോജു തെളിയിച്ചു. പണി വന്ന വഴികളിലേക്ക്…
അഭിനേതാവും നിർമാതാവുമായ ജോജുവിനെ പ്രേക്ഷകർ കണ്ടിട്ടുണ്ട്, സംവിധാനത്തിലേക്കുള്ള അരങ്ങേറ്റത്തെകുറിച്ച്…
= സഹസംവിധായകനായി സിനിമയിൽവന്ന കാലം മുതൽക്കേ മനസ്സിലുള്ള ആഗ്രഹമാണ് സംവിധാനം. മമ്മൂക്ക ഉൾപ്പെടെ പലരോടും മുൻപ് കഥകൾ പറഞ്ഞിട്ടുണ്ട്. ‘പണി’ സിനിമയുടെ കഥ രൂപപ്പെട്ടപ്പോഴും സംവിധാനം ചെയ്യണമെന്ന് മനസ്സിലുണ്ടായിരുന്നില്ല. വേണുസാർ ക്യാമറ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിനോടു കഥപറഞ്ഞത്. എന്റെ കഥപറച്ചിൽ രീതി കേട്ടിട്ടാണോ എന്നറിയില്ല, ഈ സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സംവിധാനം ഏറ്റെടുത്താൽ, ക്യാമറചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി. അങ്ങനെയാണ് സത്യത്തിൽ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നത്.
സംവിധാനം ചെയ്ത സിനിമയിൽ നായകനാകണമെന്ന് മുൻകൂട്ടി ഉറപ്പിച്ചിരുന്നോ
= പണിയുടെ തിരക്കഥ തയ്യാറാക്കുന്ന സമയത്തെല്ലാം കഥാപാത്രങ്ങളായി മറ്റുചിലരൊക്കെയായിരുന്നു മനസ്സിൽ. എഴുത്ത് പൂർത്തിയായശേഷം അഭിനേതാക്കളെത്തേടി ഇറങ്ങി. എന്നാൽ, പലരും കഥകേൾക്കാൻപോലും സമയം നൽകിയില്ല, പലരെയും സമീപിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് പ്രധാനവേഷം ഞാൻതന്നെ ഏറ്റെടുത്തത്. കഥയുടെ ഒഴുക്കിനനുസരിച്ച്, കഥാപാത്രങ്ങളോടു ചേർന്നുനിൽക്കുന്ന മുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. അറുപതോളം പുതുമുഖങ്ങളെ സിനിമയിലേക്കു കൊണ്ടുവന്നു. അവർക്കായി മൂന്നുമാസം നീണ്ടുനിന്ന അഭിനയ പരിശീലനക്ലാസുകൾ സംഘടിപ്പിച്ചു. നവാഗതരായ സാഗർ, ജുനൈസ് ഉൾപ്പെടെയുള്ളവരുടെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ ഉയരുമ്പോൾ തിരഞ്ഞെടുപ്പ് ശരിയായിരുന്നെന്ന് മനസ്സിലാകുന്നു. എഴുത്തും സംവിധാനവുമായി ഇറങ്ങിയതോടെ അഭിനയത്തിന് ഇടവേള നൽകി. മറ്റു ജോലികളെല്ലാം മാറ്റിവെച്ച് കഴിഞ്ഞ ഒന്നര വർഷത്തോളമായി ‘പണി’ സിനിമയ്ക്കൊപ്പമായിരുന്നു ഞാൻ.
‘പണി’ സിനിമയുടെ കഥ മനസ്സിലേക്കെത്തുന്നത്…
= ഒറ്റവരിയിൽ പറയാവുന്ന കഥയാണ് സിനിമയുടേത്. പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമാണ് സിനിമ. ജീവിതത്തിൽ ഞാൻ കണ്ടതും കേട്ടതും അറിഞ്ഞതുമായ സംഭവങ്ങൾ ചേർത്തുെവച്ചാണ് കഥ ചിട്ടപ്പെടുത്തിയത്. കഥമാത്രമല്ല സിനിമ എന്നൊരു ബോധ്യമുണ്ട്. കഥാപാത്രങ്ങളുടെ വൈകാരികത, പശ്ചാത്തലം അങ്ങനെ ഒരുപാട് കാര്യങ്ങൾ ചേർന്നുവരണം. പ്രേക്ഷകന് മടുപ്പുതോന്നാത്തവിധം പുതുമയോടെ അവതരിപ്പിക്കാൻ കഴിയുന്നിടത്താണ് സിനിമയുടെ വിജയം. സിനിമയ്ക്ക് ലഭിക്കുന്ന നല്ലവാക്കുകൾക്ക് നന്ദി പറയുന്നു.
ഒരുപാട് സുഹൃത്തുക്കളുടെ സഹായം ഈ യാത്രയ്ക്കു പിന്നിലുണ്ട്. കഥ എഴുതുമ്പോഴോ ചിത്രീകരണസമയത്തോ ഒന്നുംതന്നെ മറ്റുഭാഷകളിലേക്ക് ‘പണി’ പ്രദർശനത്തിനെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, അന്യഭാഷകളിലെ ചില സിനിമാ സുഹൃത്തുക്കളുടെ പ്രചോദനമാണ് മൊഴിമാറ്റത്തിനുകാരണം. മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്തു. കെ.ജി.എഫും കാന്താരയുമെല്ലാം നിർമിച്ച ഹോംബാലെ ഫിലിംസാണ് കന്നടയിൽ സിനിമ പ്രദർശനത്തിനെത്തിച്ചത്.
അഭിനയത്തിൽനിന്ന് സംവിധാനത്തിലേക്കെത്തുമ്പോൾ, ചിത്രീകരണവിശേഷങ്ങൾ
= ഞാൻ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ നാട്ടിൽ വെച്ചുതന്നെയാണ് ചിത്രീകരിച്ചത്. തിരക്കഥ പൂർത്തിയാക്കിയശേഷം ജോഷിസാറിനെ വായിച്ചു കേൾപ്പിച്ചു. അദ്ദേഹത്തിൽനിന്നു ലഭിച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വലിയ ആത്മവിശ്വാസമാണ് നൽകിയത്. അഭിനയം ഇന്നെനിക്ക് അറിയാവുന്ന ജോലിയാണ്, നല്ല തിരക്കഥയും കഥാപാത്രവും കിട്ടിയാൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാം. പക്ഷേ, സംവിധാനം അതിന്റെയെല്ലാം മുകളിലാണ്. ആദ്യമായി ചെയ്യുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ഊഹിക്കാനാകില്ല.
പടം പൂർത്തിയായപ്പോൾ വലിയൊരു യുദ്ധം അവസാനിച്ചപോലെയാണു തോന്നിയത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ കണ്ടും
െെകയടിച്ചും വളർന്നവനാണ് ഞാൻ. ആ കാലത്ത് ജീവിക്കാനായതിൽ അഭിമാനമുണ്ട്. 1980-’90-കളിലെല്ലാം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച, ഞങ്ങളുടെ തലമുറയുടെ മനസ്സിലേക്ക് സിനിമാജ്വരം പടർത്തിവിട്ട, പ്രചോദിപ്പിച്ച സംവിധായകർക്കുള്ള എന്റെ സമർപ്പണമാണ് ഈ സിനിമ.
യഥാർഥജീവിതത്തിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ‘അഭിനയ’യാണ് ‘പണി’യിലെ നായിക. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്…
= ‘പണി’യിലെ നായികയാകാൻ പലരെയും സമീപിച്ചിരുന്നു. പക്ഷേ, നിരാശയായിരുന്നു ഫലം, കഥകേട്ട് നടി നിത്യാമേനോൻ മാത്രമാണ് അനുകൂലമായി സംസാരിച്ചത്. അഭിനയിക്കാമെന്നവർ പറഞ്ഞങ്കിലും ആവശ്യമുള്ള സമയങ്ങളിൽ അവർക്ക് ഡേറ്റ് ഇല്ലാതായി. കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസ്സിലാക്കിയാണ് അവരെ സമീപിച്ചത്. യഥാർഥജീവിതത്തിൽ സംസാരശേഷിയും കേൾവിയുമില്ലാത്ത അവർ ക്യാമറയ്ക്കുമുന്നിൽ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വലിയൊരു അദ്ഭുതമാണ്. ശരീരികവെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും അവർ വലിയൊരു പ്രചോദനമാണ്. ഞങ്ങളുടെ ടീം നൽകുന്ന സിഗ്നൽ പിടിച്ചെടുത്താണ് അവർ അഭിനയിച്ചത്.
നടനാകാൻ കൊതിച്ച് സിനിമയിലേക്കെത്തിയ ജോജുവിനെ സഹസംവിധായകനായും ജൂനിയർ ആർട്ടിസ്റ്റായുമെല്ലാം ഒരുപാടുകാലം കണ്ടു. സംവിധാനത്തിലേക്കെത്തിനിൽക്കുന്ന സിനിമാ യാത്രയെക്കുറിച്ച്
= അഭിനയിക്കാനായി സിനിമയിലേക്കെത്തിയ ആളാണ് ഞാൻ, അവസരങ്ങൾക്കായി അലഞ്ഞെങ്കിലും ഒന്നും നടന്നില്ല. സിനിമയുടെ ഏഴയലത്തെത്താൻ പറ്റാതെവന്നപ്പോഴും തോറ്റുപിന്മാറാതെ ക്യാമറയ്ക്കുപിന്നിലൊരിടം നേടുകയായിരുന്നു. സംവിധാന സഹായിയായി സിനിമകൾക്കൊപ്പംകൂടി, സഹസംവിധായകനായി. ആ യാത്രയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. അതിലേറ്റവും പ്രധാനം നടനാകാൻ ആഗ്രഹംമാത്രം പോരാ എന്ന പാഠമായിരുന്നു.
ക്യാമറയ്ക്കുപിറകിൽ നിന്ന കാലമത്രയും മിടുക്കരായ ഒരുപാടുപേർക്കൊപ്പം അടുത്തിടപഴകാൻ കഴിഞ്ഞു. സാങ്കേതികമായ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. ആ കാലത്തെല്ലാം സിനിമയ്ക്കൊപ്പം സഞ്ചരിച്ച് പുതിയകാര്യങ്ങൾ പഠിക്കുകയായിരുന്നു. ആഗ്രഹം കൊണ്ടാണ് തൊണ്ണൂറുശതമാനം പേരും സിനിമയിലേക്കെത്തുന്നത്. എന്നാൽ, അതിൽ കുറച്ചുപേർമാത്രമാണ് ആഗ്രഹത്തിനൊപ്പം പരിശ്രമവും അറിവും നേടി മുന്നോട്ടുപോകുന്നത്. നമ്മൾ കാണുന്നതോ പറയുന്നതോ മാത്രമല്ല സിനിമ, പഠിക്കേണ്ടതായ ഒരുപാടുകാര്യങ്ങളുണ്ട്. അങ്ങനെ സിനിമയെ മനസ്സിലാക്കിയവർക്ക് ഫലമുണ്ടാകുമെന്നുറപ്പാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]