കൊച്ചി: റാഹേൽ മകൻ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിങ് കേസിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്. ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിൽ പോലീസ് കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകൾ പലതും അപ്രത്യക്ഷമായിരുന്നു. ഇതോടെ സൈബർ വിദഗ്ധരുടെ സഹായത്തോടെ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.
അഞ്ച് യൂട്യൂബ് ചാനലുകൾക്കും രണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അക്കൗണ്ട് വിശദാംശങ്ങൾ ശേഖരിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യുക. ഇതിനായി ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി നെഗറ്റീവ് റിവ്യൂ കൊടുത്തതിന്റെ പേരിലാണ് സോഷ്യൽ മീഡിയ ചാനലുകൾക്കും പേജുകൾക്കുമെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ കേസെടുക്കുന്നത് ആദ്യമായാണ്. റിവ്യൂകളുടെ പേരിൽ പണം തട്ടിപ്പ് നടത്തിയതായുള്ള പരാതിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകർക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയലാണ്. സിനിമ നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമാണെന്നും ഇത്തരത്തിലുള്ള ‘റിവ്യൂ ബോംബിങ്’ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും സമർപ്പിച്ചു. ഇതിനുപിന്നാലെയാണ് റിവ്യൂ ബോംബിങ്ങിന്റെ പേരിൽ പോലീസ് കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]