ഏറ്റവും പ്രിയപ്പെട്ട കവിതയിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടു വരികൾ ചൊല്ലാമോ എന്നാണ് ചോദ്യം.
“ഇത്തവണ ശരിക്കും കുടുങ്ങിയെടാ നീ. നിനക്കെന്ത് കവിത?” — ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചപോലെ. ഒരു പരിഹാസച്ചിരി മുഴങ്ങിയോ പശ്ചാത്തലത്തിൽ?
ബുദ്ധിജീവിസദസ്സാണ്. ആധുനിക കവിതയും ഉത്തരാധുനിക കവിതയും ഉത്തരമില്ലാത്ത ആധുനികാനന്തര കവിതയുമൊക്കെയാണ് ചൂടുള്ള ചർച്ചാവിഷയങ്ങൾ. വളരെ കുറച്ചു മാത്രം കവിത വായിച്ചു പരിചയമുള്ള, ആധുനിക കവിതയുടെ ഏഴയൽപക്കത്തുകൂടി പോലും സഞ്ചരിക്കാത്ത, മഴ ചാറിയാൽ പോലും അവിടെ കയറിനിൽക്കാൻ ധൈര്യമില്ലാത്ത ഒരുവൻ ഓർമ്മയിൽ നിന്ന് ഏതു വരിയെടുത്തു വീശാൻ?
എങ്കിലും ദൈവാനുഗ്രഹത്താൽ ആ നിമിഷം രണ്ടു വരി മനസ്സിൽ തടഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് യുവജനോത്സവ വേദിയിൽ ഒരു പെൺകുട്ടി ചൊല്ലിക്കേട്ടതാണ്: “ആലപ്പുഴയ്ക്കു പോയ് വന്നാലെനിക്കച്ഛനാറഞ്ചു കൊണ്ടത്തരാറുള്ളതോർത്തു ഞാൻ, അച്ഛൻ മരിച്ചതേയുള്ളൂ — മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ..” ആത്മാവിൽ ഒരു ചിത എന്ന വയലാർ കവിതയിലെ വരികൾ.
ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ കവിതകൾ എടുത്തു വീശിക്കൊണ്ടിരുന്നവർ പൊടുന്നനെ നിശ്ശബ്ദരായി. ചെറിയൊരു പുച്ഛവും വന്നു നിറഞ്ഞോ അന്തരീക്ഷത്തിൽ എന്ന് സംശയം. “എവിടുന്നു കിട്ടിയെടാ നിനക്കീ പൈങ്കിളിക്കവിത?”– അടുത്തിരുന്ന കോളേജധ്യാപക സുഹൃത്ത് കാതിൽ ചോദിക്കുന്നു. എന്നിട്ട് സഹബുജികളോടായി ഉറക്കെ ഇത്ര കൂടി: “ഇവനിവിടെ കവിതാലോകത്ത് നടക്കുന്ന വിപ്ലവമൊന്നും അറിഞ്ഞ മട്ടില്ല. എന്താ ചെയ്യുക? സിനിമാപ്പാട്ടല്ലേ കേൾക്കുന്നുള്ളൂ. ക്ഷമിച്ചുകളയാം നമുക്ക്.”
പറയണമെന്നുണ്ടായിരുന്നു: “ഇതൊരു പൈങ്കിളിക്കവിതയാണെങ്കിൽ ഈ പൈങ്കിളിയെ നെഞ്ചോടു ചേർത്തു പിടിച്ചു ജീവിച്ചോളാം ശിഷ്ടകാലം. അതിന്റെ ചിറകടിയൊച്ച മധുരസംഗീതമായി കരുതി ഉള്ളിൽ കൊണ്ടുനടന്നോളാം.” മനസ്സിന്റെ ശാദ്വല തീരങ്ങളെ ആർദ്രമാക്കുന്നതാണ് ഏറ്റവും മഹത്തായ സാഹിത്യ സൃഷ്ടി എന്ന് വിശ്വസിക്കുന്ന ഒരു പഴഞ്ചൻ ആസ്വാദകന് അതല്ലേ പറയാനാകൂ? മനുഷ്യസ്നേഹവും കാരുണ്യവുമാണല്ലോ ഈ ഉത്തരാധുനിക സൈബർ ഗുണ്ടായിസക്കാലത്തും അവന്റെ കണ്ണിലെ ഏറ്റവും വലിയ “വിപ്ലവ”ങ്ങൾ.
“അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം നിശബ്ദത പോലുമന്നു നിശ്ശബ്ദമായ്, വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി” എന്ന് കുട്ടിത്തം മാറാത്ത ശബ്ദത്തിൽ പെൺകുട്ടി പാടിത്തുടങ്ങിയപ്പോൾ സദസ്സിൽ പടർന്ന നിശ്ശബ്ദത ഇപ്പോഴുമുണ്ട് കാതിൽ. ആ ചെറുപ്രായത്തിലും മനസ്സിൽ ഒരു നേർത്ത ഗദ്ഗദം വന്നു തടഞ്ഞു അപ്പോൾ.
അച്ഛന്റെ നിശ്ചേതനമായ ശരീരത്തിന് മുന്നിൽ നിന്നുകൊണ്ട് ചുറ്റുമുള്ളവരുടെ ഭാവഭേദങ്ങൾ നോക്കി നിഷ്കളങ്കമായി വിസ്മയം കൊള്ളുന്ന വയലാറിന്റെ കുരുന്നുമനസ്സ് അന്നത്തെ ആറാം ക്ലാസുകാരനെ എത്ര കണ്ടു നൊമ്പരപ്പെടുത്തി എന്ന് വിശദീകരിക്കുക അസാധ്യം.
എന്നെ മാത്രമല്ല എന്റെ തലമുറയിലെ എത്രയോ പേരെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാകും ആ കവിത. ഇന്നും അത് വായിക്കുമ്പോൾ, ചൊല്ലിക്കേൾക്കുമ്പോൾ മനസ്സിലെങ്ങോ ഒരു നൊമ്പരക്കിളി ചിറകടിക്കുന്നു. ഉള്ളിലെ ഏകാകിയായ കുട്ടി കാലത്തിനൊത്ത് വളരാത്തതുകൊണ്ടാണോ? എങ്കിൽ വളർച്ച മുരടിച്ച ആ കുട്ടിയാകാനാണ് എനിക്കിഷ്ടം. നൊസ്റ്റാൾജിയ എന്ന അസുഖമുള്ളതുകൊണ്ടു കൂടിയാകാം.
“വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?
ഒന്നുമെനിക്കു മനസ്സിലായില്ല, അച്ഛൻ
ഇന്നുണരാത്തതുമുമ്മ തരാത്തതും
ഒച്ചയുണ്ടാക്കുവാൻ പാടില്ല ഞാനെന്റെ
അച്ഛനുറങ്ങിയുണർന്നെണീക്കും വരെ….”
ദൂരെയേതോ അദൃശ്യബിന്ദുവിൽ കണ്ണുനട്ട് പാടിക്കൊണ്ടിരിക്കുകയാണ് പെൺകുട്ടി. വിഷാദമധുരമായ ആ ശബ്ദവും മുഖവും ഇന്നുമുണ്ട് ഓർമ്മയിൽ.
മാസത്തിലൊരിക്കൽ കോഴിക്കോട്ട് പോയി വരുമ്പോൾ മധുരപലഹാരങ്ങൾ കൊണ്ടുവരും അച്ഛൻ; നെയ്യിലുണ്ടാക്കിയ മൈസൂർ പാക്ക്, ക്രീം ബിസ്കറ്റ്, ഓറഞ്ചു നിറമുള്ള ചെറിയ ജിലേബി … അങ്ങനെ പലതും. വയനാട്ടിൽ അത്ര സുലഭമല്ലാത്ത ഇനങ്ങൾ. “ആലപ്പുഴയ്ക്കു പോയ് വന്നാലെനിക്കച്ഛനാറഞ്ചുകൊണ്ടത്തരാറുള്ളതോർത്തു ഞാൻ” എന്ന വരി പാടിക്കേട്ടപ്പോൾ മനസ്സിൽ വന്നു നിറഞ്ഞത്, “ബാലേട്ടനി”ലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനരംഗത്തെ നെടുമുടി വേണുവിനെപ്പോലെ മുണ്ട് മടക്കിക്കുത്തി വളഞ്ഞകാലൻ കുട കയ്യിൽ തൂക്കി നെഞ്ചോടടുക്കിപ്പിടിച്ച പൊതികളുമായി പടി കയറിവരുന്ന അച്ഛന്റെ രൂപമാണ്.
പെട്ടെന്ന് വീട്ടിൽ ചെന്ന് അച്ഛനെ കാണണം എന്ന് തോന്നി അപ്പോൾ. ഏതെങ്കിലുമൊരു ദിവസം ഞങ്ങൾക്കുള്ള പലഹാരങ്ങളുമായി കുട്ട്യോളേ എന്ന വിളിയുമായി അച്ഛൻ മടങ്ങിവന്നില്ലെങ്കിലോ എന്ന് ഭയന്നുപോയ നിമിഷം.
“പച്ചപ്പിലാവിലത്തൊപ്പിയും വച്ചുകൊണ്ട —
ച്ഛന്റെ കൺപീലി മെല്ലെത്തുറന്നു ഞാൻ
പെയ്തു തോരാത്ത മിഴികളുമായെന്റെ
കൈ തട്ടി മാറ്റീ പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു
കൊണ്ടു പോയ്;കണ്ണീരയാളിലും കണ്ടു ഞാൻ.
“എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെ”-
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ
“കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ”യെന്നയാൾ
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി…”
വികാരസാന്ദ്രമായി ആ വരികൾ പെൺകുട്ടി ആലപിച്ചുകേട്ടപ്പോൾ തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു. വരികൾ കൊണ്ട് വയലാർ വരച്ചിട്ട ദൃശ്യങ്ങൾ അത്രകണ്ട് മനസ്സിനെ പിടിച്ചുലച്ചിരിക്കാം.
“അമ്മ ബോധം കെട്ടു വീണുപോയ്, തൊട്ടടുത്തങ്ങേപ്പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ അച്ചിതാഗ്നിക്കു വലം വച്ചു ഞാനെ,ന്തിനച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ? ഒന്നും മനസ്സിലായില്ലെനിക്കപ്പൊഴും ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ” എന്ന വരിയെത്തിയപ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞു. അന്നു രാത്രി മാത്രമല്ല പിന്നീടെത്രയോ രാത്രികൾ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് ആ വരികൾ യാഥാർഥ്യമാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.
അമ്മയാണ് ആദ്യം യാത്രയായത്. 92 വയസ്സിലും വലിയ ആരോഗ്യപ്രശ്നങ്ങളില്ലാതെ സന്തുഷ്ടനായി ജീവിക്കുന്നു അച്ഛൻ. എങ്കിലും ഇന്നും ആ കവിത വായിക്കുമ്പോൾ, ആരെങ്കിലും പാടിക്കേൾക്കുമ്പോൾ ഉള്ളിലൊരു ഭയമാണ്. ജീവിതത്തിൽ എന്നെങ്കിലും ഒറ്റക്കായിപ്പോകുമോ എന്ന ഭയം…
അമ്മ പോയാൽ നമ്മൾ ശരിക്കും അനാഥരാകും. അച്ഛൻ കൂടി യാത്രയായാൽ ആ അനാഥത്വത്തിൽ ഒറ്റപ്പെടലിന്റെ ശൂന്യത കൂടി കലരും. ബന്ധുക്കളും സുഹൃത്തുക്കളുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്നവർ പലരുണ്ടാകാം; പക്ഷേ അച്ഛനമ്മമാർക്ക് പകരം നിൽക്കാനാവില്ല അവർക്കൊന്നും. നിരുപാധികമാണല്ലോ അവരുടെ സ്നേഹം.
ഇത്രയുമൊക്കെ മനസ്സിനെ തൊടാൻ, സ്വാധീനിക്കാൻ ഒരു കവിതക്ക് കഴിഞ്ഞുവെങ്കിൽ അതെങ്ങനെ കാലഹരണപ്പെടും? അതുകൊണ്ടുതന്നെ ഇന്നും ഏറ്റവും പ്രിയപ്പെട്ട കവിതകളിലൊന്ന് “ആത്മാവിൽ ഒരു ചിത” തന്നെ. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ കവികൾ പൊറുക്കട്ടെ.
സിനിമാപ്പാട്ടെഴുത്തുകാർ കൊള്ളാവുന്ന കവികൾ ആകണമെന്നില്ല; തിരിച്ചും. വയലാർ രണ്ടുമായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗാനകവിയുടെ ത്രാസ് കുറച്ചധികം താഴ്ന്നു നിന്നു എന്നുമാത്രം. കവിമനസ്സിൽ സംഗീതവും പ്രണയവും കുറച്ചധികം ഉള്ളതുകൊണ്ടാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]