
ഹൊറർ സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ആരാധകവിഭാഗമുണ്ട്. ഇപ്പോഴത്തെ കാലത്താണെങ്കിൽ ഏതുഭാഷയിലേയും ഹൊറർ സിനിമകളും സീരീസുകളും ഡോക്യുമെന്ററികളുമെല്ലാം വിരൽത്തുമ്പിൽ കിട്ടുകയുംചെയ്യും. ഈ സാഹചര്യത്തിലാണ് ചിത്തിനി എന്ന ഹൊറർ-ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനും സംഘവും എത്തിയിരിക്കുന്നത്. കെ.വി.അനിലും ഈസ്റ്റ് കോസ്റ്റ് വിജയനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പലപ്പോഴും നാട്ടുകഥകളാണ് ഹൊറർ സിനിമകൾക്ക് അധികവും പ്രമേയമാവാറുള്ളത്. കള്ളിയങ്കാട്ട് നീലി മുതൽ ആകാശഗംഗ വരെ ഇതിനുദാഹരണങ്ങളാണ്. ഇക്കൂട്ടത്തിലേക്കാണ് ഒരു നാടിനെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്തിനിയുടെ കഥയുമെത്തുന്നത്. നൂൽപ്പുഴ എന്ന ഒരു ഗ്രാമം. ഇവിടെ പാതിരിക്കാട് എന്ന സ്ഥലത്ത് തളയ്ക്കപ്പെട്ട ചിത്തിനി എന്ന യക്ഷി. ബന്ധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടിനുശേഷം അവൾ ആ ബന്ധനം തകർത്ത് പുറത്തേക്കെത്തുകയാണ്. ഇത്തവണ ആരായിരിക്കും ചിത്തിനിയുടെ കോപത്തിന് പാത്രമാവുക എന്നതാണ് ചിത്രത്തിന്റെ ആകെത്തുക.
സി.ഐ. അലൻ ആന്റണി, ഗോസ്റ്റ് ഹണ്ടർ വിശാൽ എന്നിവർ ചില പ്രത്യേക സാഹചര്യങ്ങൾ കാരണം നൂൽപ്പുഴയിലെത്തുകയാണ്. ഇതിൽ അലൻ എത്തുന്നത് ജോലി സംബന്ധമായ കാരണങ്ങൾകൊണ്ടാണ്. വന്ന ദിവസം മുതൽ ഇവർക്കും ഒപ്പമുള്ളവർക്കും നേരിടേണ്ടിവരുന്ന ദുരൂഹമായ സംഭവവികാസങ്ങളാണ് ചിത്തിനി എന്ന ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ചിത്തിനി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഈ കഥാപാത്രത്തിന്റെ രഹസ്യങ്ങളിലേക്ക് മറ്റുകഥാപാത്രങ്ങൾ എത്തിച്ചേരുന്ന രീതിയിലാണ് സിനിമയുടെ അവതരണം. അതുകൊണ്ടാണ് ഹൊറർ സിനിമ എന്നതിനപ്പുറം സസ്പെൻസ് ത്രില്ലർ എന്ന തലംകൂടി ചിത്തിനിക്ക് അവകാശപ്പെടാനാവുന്നത്.
സാധാരണഗതിയിൽ സിനിമയിലെ യക്ഷിക്കഥ എന്നുകേൾക്കുമ്പോൾ പൊതുവേ ആളുകളുടെ മനസിലേക്ക് വരുന്ന ഒരു കാര്യമുണ്ട്. പ്രതികാരദാഹിയായ ഒരു ആത്മാവ് തനിക്കൊത്ത ഒരു ശരീരം കിട്ടുമ്പോൾ അതിൽ പ്രവേശിക്കുകയും അവരിലൂടെ തന്റെ എതിരാളികളെ ഇല്ലാതാക്കി പ്രതികാരംചെയ്ത് മോക്ഷമടയുന്ന രീതിയാണത്. ഈ ക്ലീഷേയേ വിജയകരമായി മറികടക്കുന്നുണ്ട് ചിത്തിനി. പ്രേക്ഷകർ അത്രകണ്ടുപരിചയിക്കാത്ത സംഭവവികാസങ്ങളും ട്വിസ്റ്റുകളും ചിത്തിനിയെ വ്യത്യസ്തമായ ചലച്ചിത്രാനുഭവമാക്കുന്നു.
പ്രധാന കഥാപാത്രങ്ങളായ ചിത്തിനിയെ പുതുമുഖതാരം എനാക്ഷിയും സി.ഐ അലനെ അമിത് ചക്കാലക്കലും സീതയെ മോക്ഷയും അവതരിപ്പിച്ചിരിക്കുന്നു. ആതിരയാണ് മറ്റൊരു പ്രധാനതാരം. നാലുപേരും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചു. പോലീസ് വേഷം ഭംഗിയായി അവതരിപ്പിക്കാൻ അമിത് ചക്കാലക്കലിലൂടെ ഒരു യുവതാരത്തെക്കൂടി മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്. നായികമാരായ മോക്ഷയേയും എനാക്ഷിയേയും ആതിരയേയും പാട്ടിൽ മാത്രം ഒതുക്കിനിർത്താതെ സിനിമയിലെ എല്ലാ മർമപ്രധാനരംഗങ്ങളിലും ഉൾപ്പെടുത്തിയത് അഭിനന്ദനാർഹംതന്നെയാണ്. വിനയ് ഫോർട്ട് അവതരിപ്പിച്ച വിശാൽ, ജോണി ആന്റണിയുടെ സേവ്യർ മുതലാളി, മണികണ്ഠൻ ആചാരിയുടെ ഗണേശൻ, പ്രമോദ് വെളിയനാട് അവതരിപ്പിച്ച കാട്ടി, സുധീഷിന്റെ എസ്.ഐ, പൗളി വൽസന്റെ ഒറോത, രാജേഷ് ശർമയുടെ മൂപ്പൻ തുടങ്ങിയവരും സിനിമയിലെ നിർണായക കഥാപാത്രങ്ങളാണ്. സുജിത് ശങ്കർ, ജയകൃഷ്ണൻ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജോയ് മാത്യു, ശ്രീകാന്ത് മുരളി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
രഞ്ജിൻ രാജ് ഒരുക്കിയ പശ്ചാത്തലസംഗീതത്തേക്കുറിച്ചും രതീഷ് രവിയുടെ ക്യാമറയേക്കുറിച്ചും എടുത്തുപറയേണ്ടിയിരിക്കുന്നു. പാതിരിക്കാട്ടിലെ ചിത്തിനിയുടെ വിളയാട്ടത്തിന് ഇവർ രണ്ടുപേരും ചേർന്നൊരുക്കിയ സിംഫണിയെ സിനിമയുടെ നട്ടെല്ല് എന്ന് വിളിച്ചാലും തെറ്റുപറയാനാവില്ല. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള ചിത്തിനിയുടെ രംഗപ്രവേശം തിയേറ്ററിൽ കാണേണ്ട കാഴ്ചയാണ്. സംവിധായകൻ എന്ന നിലയിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച സിനിമയും ചിത്തിനി തന്നെയാണെന്ന് നിസംശയം പറയാം.