ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ‘ദേവര’യുടെ റിലീസ് ദിനത്തിൽ അതിരുകടന്ന് ആരാധകരുടെ ആവേശപ്രകടനം. തിയേറ്റർ പരിസരത്ത് ആടിനെ ബലി കൊടുത്തും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ ആവേശം പ്രകടിപ്പിച്ചു. കെെയിൽ രക്തവുമായി വികാരപ്രകടനം നടത്തുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
തിയേറ്റർ പരിസരത്തുവെച്ച് ജനക്കൂട്ടത്തിനെ സാക്ഷിയാക്കിയാണ് കുറച്ച് ആരാധകർ ചേർന്ന് ആടിനെ അറുത്തത്. പിന്നാലെ ആരവങ്ങളോടെ സിനിമയുടെ പോസ്റ്ററുകളുമേന്തി ഇവർ ആഘോഷം തുടങ്ങി. മുൻപ് ജൂനിയർ എൻ ടി ആറിന്റെ പിറന്നാളിനും പൊതുസ്ഥലത്ത് വെച്ച് ആരാധകർ ആടിനെ അറുത്തിരുന്നു. ആടിനെ ബലികൊടുത്ത സംഭവത്തിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട് സിനിമയിലെ താരങ്ങളും എത്തിയിട്ടുണ്ട്.
കട്ടൗട്ടിന് തീപിടിച്ച സംഭവത്തിൽ ആളപായം ഒന്നുമില്ലെന്നാണ് വിവരങ്ങൾ. ആരാധകർ പടക്കം പൊട്ടിക്കുന്നതിനിടെ ജൂനിയർ എൻ.ടി.ആറിൻ്റെ കട്ടൗട്ടിന് തീപ്പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കട്ടൗട്ട് പൂർണമായും കത്തിനശിച്ചു.
കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ആദ്യഭാഗമാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയത്.
‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ജാൻവി കപൂറാണ്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]