19 വർഷങ്ങൾക്കുശേഷം വീണ്ടുമെത്തിയ ശക്തിമാൻ സീരിയലിനെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. യൂട്യൂബിൽ അടുത്തിടെ റിലീസ് ചെയ്ത സീരിയലിലെ ആദ്യ എപ്പിസോഡ് മൂന്നുലക്ഷത്തോളം ആളുകളാണ് കണ്ടത്. അൾട്രാ മലയാളം എന്ന യൂട്യൂബ് ചാനൽവഴിയാണ് ശക്തിമാൻ പ്രദർശിപ്പിക്കുന്നത്. ഹിന്ദി പതിപ്പ് നേരത്തെ തന്നെ ഇവർ റിലീസ് ചെയ്തിരുന്നു. അതിന് യൂട്യൂബിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
പിന്നാലെ പ്രാദേശികഭാഷയിൽ മലയാളം പതിപ്പാണ് കമ്പനി ഇറക്കിയത്. അഞ്ചുദിവസം കൂടുമ്പോൾ ഓരോ എപ്പിസോഡ് വീതമാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. 1997-2005 കാലഘട്ടത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ശക്തിമാൻ വലിയ ഹിറ്റായിരുന്നു. അന്നത്തെ അതെ സീരിയൽ തന്നെ മലയാളം ഡബ്ബിങ് മാത്രം പുതുതായി ചെയ്താണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്.
തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയ കഥാപാത്രമായിരുന്നു ശക്തിമാൻ. ഇപ്പോൾ വന്ന യൂട്യൂബ് പതിപ്പിന്റെ അടിയിലും ഏറ്റവും കൂടുതൽ കമന്റ് ഇടുന്നത് അന്ന് ടിവിയിൽ കണ്ടിട്ടുള്ളവർ തന്നെയാണ്.
ശക്തിമാൻ വീണ്ടും കണ്ടപ്പോൾ അവരുടെ ഗൃഹാതുര ഓർമ്മകളാണ് കമന്റുകളായി പോസ്റ്റ് ചെയ്യുന്നവർ. ‘ടു കെ പിള്ളേർ വന്ന് കാണടാ നമ്മുടെ നയൻന്റീസ് സൂപ്പർ ഹീറോയെ’, ‘നയൻന്റീസ് കിഡ്സ് വന്നോളൂ ലൈക്ക് അടിച്ചോളൂ.. ഇത് നമ്മുടെ യൂണിവേഴ്സ്’, ‘യാ മോനേ അന്ന് ദൂരദർശനിൽ ആന്റിന പിടിച്ച് കറക്കും ക്ലിയർ ആകാൻ.. ഉഫ് രോമാഞ്ചം നൊസ്റ്റാൾജിയ’ ഇങ്ങനെ പോകുന്നു കമന്റുകൾ.
തമിഴ്, തെലുങ്ക്, കന്നട പോലുള്ള പ്രാദേശിക ഭാഷകൾക്ക് മുൻപേ കമ്പനി ശക്തിമാൻ മലയാളം പതിപ്പ് ഇറക്കിയതിലൂടെ മലയാളത്തിലെ വലിയ വിപണന സാധ്യതയെപ്പറ്റി മനസ്സിലാക്കിയെന്ന് കരുതാം.. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യ എപ്പിസോഡ് ദൂരദർശനിൽ സംപ്രേഷണംചെയ്തത്. മുകേഷ് ഖന്നയാണ് ശക്തിമാൻ സീരിയൽ നിർമിക്കുകയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തത്. ശക്തിമാൻ മലയാളം എന്ന യൂട്യൂബിൽ സെർച്ച് ചെയ്താൽ എപ്പിസോഡുകൾ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]