
അല്ലു അര്ജുന് നായകനാകുന്ന ‘പുഷ്പ 2’ സെറ്റില്‍ എത്തിയ അപ്രതീക്ഷിത അതിഥിയെ വരവേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തെലുങ്കിലെ സ്റ്റാര്‍ ഡയറക്ടര്‍ എസ്എസ് രാജമൗലിയാണ് ‘പുഷ്പ 2’ സെറ്റ് സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നത്. രാജമൗലിക്കൊപ്പം സംവിധായകന് സുകുമാറും ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക്കും നില്ക്കുന്ന ചിത്രം ഊഷ്മളമായ അടിക്കുറിപ്പോടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ട്വീറ്റ് ചെയ്തത് നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
”പുഷ്പയുടെ സെറ്റില്‍ നിന്നുള്ള ഒരു ഐക്കണിക്ക് ചിത്രം. ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ് എസ് രാജമൗലി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍” എന്ന് കുറിച്ചുകൊണ്ടാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘സംവിധായകരുടെ ബാഹുബലി’ തന്റെ സെറ്റിലെത്തി എന്ന് കുറിച്ചുകൊണ്ടാണ് സുകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ‘പുഷ്പ 2 ന്റെ സെറ്റില്‍ വച്ച് രാജമൗലി ഗാരുവിനെ കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി”, ചിത്രം പങ്കുവെച്ചുകൊണ്ട് സുകുമാര്‍ കുറിച്ചിരിക്കുകയാണ്.
അല്ലു അര്ജുന് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ‘പുഷ്പ 2’ ഡിസംബര്‍ 6 ന് ഗ്രാന്‍ഡ് റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗം വന്‍ വിജയം നേടിയതോടെ പുഷ്പയുടെ അടുത്ത അധ്യായത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ 2 ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയാകുമെന്നാണ് സൂചന. ദേവി ശ്രീ പ്രസാദ് സംഗീതം നല്കുന്ന ചിത്രത്തില്‍ അല്ലു അര്ജുന്, രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]