പ്രിയപ്പെട്ട എസ്.പി.ബി,
അങ്ങേയ്ക്ക് ആദരവോടെ കൂപ്പുകൈ…
ഞങ്ങള്‍ക്കായി താരാട്ട് പാടിയതിന്,
ഞങ്ങളുടെ കൗമാര-യൗവ്വനങ്ങളെ പ്രണയാര്ദ്രമാക്കുന്നതിന്,
സായാഹ്നത്തില്‍ കൂട്ടിരിക്കുന്നതിന്.
അങ്ങ് ഇന്നും, എപ്പോഴും ഒരു പുഴ പോലെ ഒഴുകുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകളെല്ലാം ആ ഒഴുക്കില്‍ അലിഞ്ഞില്ലാതെയാകുന്നു.
ഈ വരികളിലൂടെയായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് എസ്പിബിയുടെ വിയോഗത്തെ അടയാളപ്പെടുത്തിവെച്ചത്. ഇന്നും എന്നും ഇതേ വരികള്‍ക്കപ്പുറം എസ്പിബിയെ എങ്ങനെ വരച്ചിടും?
കാലത്തിനും ദേശത്തിനുമെല്ലാമപ്പുറത്ത് ഹൃദയങ്ങളിലൊരു തിരികൊളുത്തിവെച്ചല്ലേ ആ മനുഷ്യന് ജീവിച്ചതും ഇപ്പോഴും ജീവിക്കുന്നതും.
മൂന്ന് വര്‍ഷം മുന്‍പത്തെ കനത്ത ആ ദുഃഖത്തിന്റെ പകലും ആ രാത്രിയും ഒരിറ്റുപോലും മങ്ങിപ്പോകാതെ ഓര്‍മ്മയിലുണ്ട്. എസ്പിബി ഇനിയില്ല എന്ന വാര്‍ത്ത 2020 സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചെന്നൈ എംജിഎം ആശുപത്രിയുടെ മുന്നില്‍ നെല്ലൈ മുരുകനൊപ്പം നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയിലും അതിനു ശേഷം കോടമ്പാക്കത്തെ വീട്ടിലും ആളുകള്‍ എസ്പിബിയെ കാണാനെത്തി. കോവിഡിന്റെ പേടിയിലും മാസ്ക് ധരിച്ച ആയിരങ്ങള്‍ വരിനിന്ന് കോയമ്പേട്ടെ കാംദ തെരുവിലെ വീടിന്റെ വരാന്തയിലെത്തി എസ്പിബിയെ കണ്ട് കരഞ്ഞ് തിരിച്ച് പോയി.
രാത്രി എട്ട് മണിയോടെ കോയമ്പേട്ടിലെ വീട്ടില്‍ നിന്ന് എസ്പിബി അവസാന യാത്ര തുടങ്ങി. താമരൈപ്പാക്കത്തെ ഫാം ഹൗസിലേയ്ക്ക്, അവിടെ കുഴിമാടമൊരുങ്ങുന്നു.
ശവഘോഷയാത്രകളെത്ര നടന്ന തെരുവാണ് മദിരാശിയുടേത്. ജീവിച്ചിരുന്നപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട എത്രയെത്ര മനുഷ്യരാണെന്നോ ആളും ആരവവും ഒന്നുമില്ലാതെ അവസാനയാത്ര നടത്തിയത്. ആളുണ്ടാവുക എന്നതല്ല, ഉണ്ടാകുന്ന ആ ആളുകള്‍ ആരൊക്കെയാണ് എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
എസ്പിബിയെ ഹൃദയത്തിലേറ്റിയ മനുഷ്യരെ ഒന്നൊന്നായി ഞാനാ തെരുവ് നീളെ കണ്ടു. കോടമ്പാക്കത്ത് നിന്ന് ശവമഞ്ചമേറ്റിയ വാഹനം താമരൈപ്പാക്കത്തേയ്ക്ക് തിരിച്ച നിമിഷം മുതല്‍ വഴിയോരത്ത് മനുഷ്യര്‍ തടിച്ച് കൂടി.
ആ തെരുവിലെ കൂലിപ്പണിക്കാര്‍, പൂക്കച്ചവടക്കാര്‍, ചെരുപ്പുകുത്തി, കടയിലെ ചായപ്പണിക്കാര്‍ ചേരിയിലേയും കോളനികളിലേയും മനുഷ്യര്‍, ഓട്ടോറിക്ഷകള്‍ ഒതുക്കി നിര്‍ത്തിയവര്‍. എല്ലാവരും എല്ലാവരും എസ്പിബിയെ കാണാനായി മാത്രം മണിക്കൂറുകള്‍ കാത്ത് വഴിയോരങ്ങളില്‍ നിന്നു.
ഇരുട്ടിലൊരുപിടി പൂച്ചെണ്ടുമായി വഴിവക്കില്‍ കാത്ത ജനസഞ്ചയത്തില്‍ കുട്ടികളുണ്ട്, പ്രായമേറെയായവരുണ്ട്. യുവജനങ്ങള്‍ ഏറെയുണ്ട്. നീലയില്‍ വെള്ളപ്പുള്ളിയുള്ള സാരിയുടുത്ത ഒരമ്മ പറഞ്ഞു. ‘ ഒരു നോക്ക് കണ്ടാമതി, ഒരു നോക്ക് മാത്രം കണ്ടാമതി.’ മറ്റൊരു ചേട്ടന് മൈക്ക് ബലത്തോടെ പിടിച്ചൊരു പാട്ടുപാടി, ആ പാട്ടിന്റെ പാതിയില്‍ കരഞ്ഞു. കണ്ണീരോടെ എത്ര പേരാണെന്നോ ആ തെരുവീഥികളില്‍ അന്ന് ആ ശവഘോഷയാത്രയെ കാത്ത് നിന്നത്.
ജീവിതത്തില്‍ ഇതിന് മുന്‍പ് ഒരു തവണ പോലും എസ്പിബി ഈ ജനങ്ങളെയാരെയും നേരിട്ട് കണ്ടിട്ടുണ്ടാവില്ല, ഇവരാരും എസ്പിബിയേയും. എന്നിട്ടുമേത് ചരടാകും ഈ മനുഷ്യരെയാകെയും എസ്പിബിയേയും ഈ ഇരുട്ടില്‍ ഈ തെരുവില്‍ പരസ്പരം ബന്ധിപ്പിച്ച് നിര്‍ത്തുന്നത്?
സംഗീതം.
സ്നേഹത്തില്‍, ദുഃഖത്തില്‍, വിഷാദത്തില്‍, സന്തോഷത്തില്‍, ഉന്മാദത്തിലെല്ലാം ഒപ്പമുണ്ടായിരിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ശബ്ദമല്ലേ നമുക്കെല്ലാം എസ്പിബി. ഈ അവസ്ഥകളിലെല്ലാം ഒപ്പമുണ്ടായിരിക്കുന്നവരെ ആരാണ് മറക്കുക? മുന്നിലെ ഇരുട്ടില്‍ എത്രവട്ടം വെളിച്ചത്തിന്റെ ഒരു ചാല് വെട്ടിത്തന്നിട്ടുണ്ട് ആ ശബ്ദം. ഹൃദയങ്ങള്‍ തമ്മില്‍ കോര്‍ത്ത ആ ചരടാണ് കണ്ണിപൊട്ടാതെ ഈ ഇരുട്ടില്‍ മനുഷ്യരെ പൂച്ചെണ്ടുമായി വഴിയിലിറക്കി നിര്‍ത്തിയിരിക്കുന്നത്.
വിങ്ങിപ്പൊട്ടുന്ന മനുഷ്യര്‍ ഉയര്‍ത്തിയെറിഞ്ഞ പൂച്ചെണ്ടുകളുടെ മഴയില്‍ നനഞ്ഞ് എസ്പിബി കവലകള്‍ തോറും കടന്ന് താമരെപ്പാക്കത്ത് എത്തിയത് രാത്രി 11.30ന്. പുലര്‍ച്ചെയും പിന്നെ പകലുമെല്ലാം ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. എല്ലാവരുടേയും മനസ്സില്‍ ആ സംഗീതം പിന്നേയും പിന്നേയും പിടച്ചുയര്ന്ന് കാണണം.
മാവും നെല്ലിയും സപ്പോട്ടയും ഓറഞ്ചുമെല്ലാമുള്ള വലിയൊരു തോട്ടമാണ് താമരൈപ്പാക്കത്തെ ഫാം ഹൗസ്. നഗരത്തിരക്കുകള്‍ വിട്ട് എസ്പിബി ശാന്തതയിലാണ്ടിരുന്ന വയലോരം. എസ്പിബിയെ കിടത്തിയ പന്തലിനിപ്പുറത്തെ ചായ്പ്പിന് മുകളിലേയ്ക്ക് നിറയെ മുല്ലവള്ളി പടര്‍ന്ന് കയറിയിട്ടുണ്ട്.
അപ്പുറത്ത് ചെറിയൊരു മാഞ്ചുവട്ടില്‍ എസ്പിബിയ്ക്ക് അന്ത്യവിശ്രമമൊരുങ്ങുന്നു. മനുഷ്യര്‍ കൂടി നിന്ന് യാത്രയോതി. ആ വയലിലെ വീതികുറഞ്ഞ വഴിയിലൂടെ തലകുനിച്ച് വിജയ് നടന്ന് കയറിപ്പോയി. കണ്ണ് കലങ്ങി എത്രയോ പേര് കുറേ നേരം അവിടെത്തന്നെ നിന്നു, പിന്നെ എല്ലാവരും പിരിഞ്ഞ് പോയി. ആ മാവ് വളര്‍ന്ന് വലുതാകും വലിയ തണലാകും. അതിനുമപ്പുറത്തെ സപ്പോട്ടമരങ്ങളും നെല്ലിയും ഓറഞ്ചുമെല്ലാം ഇനിയും പൂത്ത് കായ്ക്കും. എസ്പിബി ആ തണലിലും വസന്തങ്ങളിലും ഇവിടെ വിശ്രമിക്കും. അപ്പോഴൊക്കെയും നമ്മിലൂടെയെല്ലാം ആ മനുഷ്യനിങ്ങനെ ജീവിക്കും!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]