ചലച്ചിത്രസംവിധാനം എന്ന കലയെ അടിമുടി നവീകരിക്കുകയും നിരന്തരം പരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തുകൊണ്ട് വിസ്മയകരമാംവിധം വൈവിധ്യം പുലർത്തിയ സിനിമകൾ സമ്മാനിച്ച പ്രതിഭയായിരുന്നു കെ.ജി. ജോർജ്. മിസ്റ്ററി ത്രില്ലർ, റൊമാന്റിക് ഡ്രാമ, കോമഡി തുടങ്ങി വിവിധ ചലച്ചിത്ര ജനുസ്സുകളെ വിജയകരമായി അവതരിപ്പിക്കാൻ കഴിഞ്ഞ മലയാളത്തിലെ ഏക സംവിധായകൻ.
പ്രമേയസ്വീകരണത്തിലും ദൃശ്യപരിചരണത്തിലും ആഖ്യാനഘടനയിലും ഒന്നിനൊന്ന് വ്യത്യസ്തമായ ജോർജിന്റെ ചിത്രങ്ങൾ സംവിധാനകല പഠിക്കുന്ന വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ പോലെയാണ്. സിനിമ എന്ന മാധ്യമത്തിൽ അസാമാന്യമായ കൈത്തഴക്കവും ശില്പഭദ്രതയുമുണ്ടായിരുന്ന ജോർജ് ആ അർഥത്തിൽ ചലച്ചിത്രാഖ്യാനകലയുടെ ആചാര്യൻ എന്ന നിലയിലാവും മലയാള സിനിമയുടെ ചരിത്രത്തിൽ ഓർമിക്കപ്പെടുക.
ജനമനസ്സിലേക്ക് വേറിട്ട വഴി
എഴുപതുകളുടെ മധ്യത്തിൽ ‘സ്വപ്നാടന’ത്തിലൂടെ (1975) ചലച്ചിത്രരംഗത്ത് പ്രവേശിക്കുമ്പോൾത്തന്നെ കെ.ജി. ജോർജ് വേറിട്ട ഒരുവഴി വെട്ടിത്തുറന്നിരുന്നു. ആ ദശകത്തിന്റെ ആദ്യപാദങ്ങളിൽ വേരുപിടിച്ച നവതരംഗ സിനിമയുടെ ആഖ്യാനശീലങ്ങൾ പിൻപറ്റുമ്പോഴും ജനസാമാന്യത്തിന് മനസ്സിലാവുന്ന ഒരു രചനാശൈലി രൂപപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.
സ്വാതന്ത്ര്യാനന്തര സിനിമ, സാഹിത്യത്താൽ പ്രചോദിതമായി ആദർശാധിഷ്ഠിത ആശയമണ്ഡലം രൂപപ്പെടുത്തുന്നതിന് മണ്ണിനെയും മനുഷ്യനെയും അവന്റെ ജീവിതപരിസരങ്ങളെയും പകർത്തി കാൽനൂറ്റാണ്ടു പിന്നിടുമ്പോൾ മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് തന്റെ ക്യാമറ തിരിച്ചുവെക്കുകയായിരുന്നു ‘സ്വപ്നാടന’ത്തിലൂടെ കെ.ജി. ജോർജ്. ജോർജിന്റെ ‘മേള’ (1980) എന്ന ചിത്രത്തിൽ മുല്ലനേഴി എഴുതിയ ഒരു ഗാനം അദ്ദേഹത്തിന്റെ സിനിമകളെ വിശദീകരിക്കാൻ പാകത്തിലുള്ള ഒന്നാണ്. ‘മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ…’. കടിഞ്ഞാണില്ലാതെ, കാലുകളില്ലാതെ തളിരും തണലും തേടിയലയുന്ന മനുഷ്യമനസ്സിനെ ഒരു ശസ്ത്രക്രിയാവിദഗ്ധന്റെ സൂക്ഷ്മതയോടെ കീറി മുറിക്കുന്ന കത്രിക ജോർജിന്റെ ക്യാമറയിലുണ്ടായിരുന്നു.
ആണധികാരവും സ്ത്രീസ്വത്വവും
കുടുംബത്തിലും സമൂഹത്തിലും പടരുന്ന ഹിംസയുടെ മനഃശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു ജോർജിന്റെ ചിത്രങ്ങൾ. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിൽ ആഴത്തിൽ വേരൂന്നിയ ഹിംസാത്മകമായ ആണധികാരത്തെയാണ് ജോർജ് പല ചിത്രങ്ങളിലും തുറന്നുകാട്ടിയത്. ഇരകൾ, മറ്റൊരാൾ, യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങൾ പുരുഷാധിപത്യവും അതിൽ അന്തർലീനമായ ആക്രമണോത്സുകതയും പ്രശ്നസങ്കീർണമാക്കിയ കേരളീയസമൂഹത്തിലെ നഗ്നയാഥാർഥ്യങ്ങൾ തുറന്നുകാട്ടി.
സാമൂഹികശ്രേണിയുടെ മൂന്നു തലങ്ങളിൽപ്പെട്ട മൂന്ന് സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതത്തെ അവതരിപ്പിച്ച ആദാമിന്റെ വാരിയെല്ല് (1984) മലയാളചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയാണ്. റെസ്ക്യൂഹോം വിട്ടിറങ്ങി ഓടിപ്പോവുന്ന വേലക്കാരിയായ കീഴാളപ്പെൺകുട്ടി കെ.ജി. ജോർജിനെയും ക്യാമറയെയും തട്ടിമാറ്റുന്നതാണ് അവസാനഫ്രെയിമിൽ നാം കാണുന്നത്.
സ്ത്രീശാക്തീകരണത്തിന് പുരുഷന്റെ രക്ഷാകർത്തൃത്വം ആവശ്യമില്ലെന്ന് ന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ സീൻ മലയാള ചലച്ചിത്രചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദൃശ്യകലാപം തന്നെയായിരുന്നു. ഫോർത്ത് വാൾ ബ്രേക്കിങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ രംഗം കെ.ജി. ജോർജിന്റെ ഉറച്ച സ്ത്രീപക്ഷനിലപാടുകളുടെ സർഗാത്മകമായ പ്രതിഫലനമാണ്. സിനിമ എന്ന മാധ്യമത്തിനുമേൽ ജോർജ് നടത്തിയ ധീരനൂതനമായ ഒരു പരീക്ഷണം കൂടിയായിരുന്നു ഇത്.
ആൺകോയ്മ പ്രതിക്കൂട്ടിൽ
സിനിമ എന്ന കലയുടെയും വ്യവസായത്തിന്റെയും ഭാഗമായി നിൽക്കുമ്പോഴും അതിന്റെ ഇരുണ്ട മറുപുറങ്ങളിലേക്ക് വെള്ളിവെളിച്ചംവീശാനുള്ള അസാമാന്യമായ ധൈര്യവും ജോർജിനുണ്ടായിരുന്നു. ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ (1983) ചലച്ചിത്ര വ്യവസായത്തിന്റെ ആണധികാര പ്രമത്തതയെ അതിരൂക്ഷമായി വരച്ചുകാട്ടി. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽനിന്ന് സിനിമ എന്ന മായികലോകത്തേക്ക് പറക്കാൻ തുനിഞ്ഞ് ഈയാംപാറ്റകളെപ്പോലെ ചിറകുകരിഞ്ഞുവീണ കുറെയേറെ പെൺകുട്ടികളുണ്ടായിരുന്നു അക്കാലത്ത്. കോടമ്പാക്കം തെരുവിൽ ജീവിതം ഹോമിക്കപ്പെട്ട എണ്ണമറ്റ, പേരറിയാത്ത, ആ പെൺകുട്ടികൾക്കുള്ള സ്മരണാഞ്ജലി കൂടിയാണ് ശോഭ എന്ന നടിയുടെ ആത്മഹത്യയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട ഒരു നാട്ടിൻപുറത്തുകാരിയുടെ ഉപകഥ ‘കോലങ്ങൾ’ (1981) എന്ന ചിത്രത്തിലും കാണാം. സ്വന്തം പ്രവർത്തനമണ്ഡലത്തിന്റെ ആന്തരികവൈരുധ്യങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ ജോർജ് കാണിച്ച ധൈര്യം അന്യാദൃശമാണ്.
വീടു വിട്ടിറങ്ങിപ്പോവുന്ന കുടുംബിനിയുടെ കഥ പറഞ്ഞുകൊണ്ട് സാമ്പ്രദായികമായ കുടുംബവ്യവസ്ഥയെ ചോദ്യംചെയ്യുകയായിരുന്നു ‘മറ്റൊരാൾ’ (1988) എന്ന ചിത്രം. പുറമേക്കു സംതൃപ്തം എന്നു തോന്നിക്കുന്ന ഇടത്തരം കുടുംബങ്ങളിലെ ദാമ്പത്യങ്ങൾക്കുള്ളിൽ പുകയുന്ന അഗ്നിപർവതങ്ങളുണ്ടെന്നും ശമനമില്ലാത്ത സ്നേഹദാഹങ്ങളുണ്ടെന്നും ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. ഈ ചിത്രങ്ങളിലെല്ലാം സ്ത്രീസമൂഹത്തോട് അനുഭാവപൂർണമായ സമീപനം പുലർത്തുകയും ആൺകോയ്മയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു അദ്ദേഹം.
ഹിംസയും ഹാസ്യവും ഒരുപോലെ
അധികാരവും സഹജമായ സവിശേഷാനുകൂല്യങ്ങളും മനുഷ്യനെ എങ്ങനെ ദുഷിപ്പിക്കുന്നുവെന്ന് ഒരു കുടുംബത്തിന്റെ കഥയിലൂടെ അവതരിപ്പിച്ച ചിത്രമാണ് ഇരകൾ(1985). സഞ്ജയ് ഗാന്ധിയുടെ അധികാരദുർവിനിയോഗത്തിൽനിന്നാണ് ഈ കഥ രൂപംകൊണ്ടത് എന്ന് പിന്നീടൊരിക്കൽ കെ.ജി. ജോർജ് വെളിപ്പെടുത്തിയിട്ടുണ്ട്. അത്യാർത്തിയും ധനമോഹവും അധികാരദുരയും ചേർന്ന് കലുഷിതമാക്കിയ മനുഷ്യമനസ്സുകളുടെ സങ്കീർണമായ സഞ്ചാരപഥങ്ങളെ ഒരു മധ്യതിരുവിതാംകൂർ ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ തീക്ഷ്ണമായി അവതരിപ്പിച്ച ഈ ചിത്രം ഇരുണ്ട ചലച്ചിത്രാഖ്യാനങ്ങൾക്ക് മികച്ച ഒരു മാതൃകയാണ്.
രാഷ്ട്രീയരംഗത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പുഴുക്കുത്തുകൾ ആക്ഷേപഹാസ്യരൂപത്തിൽ ചിത്രീകരിച്ച ‘പഞ്ചവടിപ്പാലം’(1984) കാലാതിവർത്തിയായ ഒരു ചലച്ചിത്ര ശില്പമാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് ഇതിലും മികച്ച ഒരു മാതൃക 95 വർഷം പിന്നിട്ട മലയാള സിനിമാചരിത്രത്തിൽ വേറെയില്ല. കഥാപാത്രങ്ങളുടെ ചലനങ്ങളിൽപ്പോലും ഒരു കാരിക്കേച്ചർ സ്വഭാവം കൊണ്ടുവന്ന് കറുത്ത ഫലിതത്തിന്റെ നാനാർഥങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു അത്. യവനിക ഉൾപ്പെടെയുള്ള പല ചിത്രങ്ങളും പ്രദർശനവിജയം നേടിയതിനാൽ മധ്യവർത്തി സിനിമയുടെ പ്രയോക്താവായാണ് കെ.ജി. ജോർജ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഈ മധ്യധാരയിലുള്ള ചലച്ചിത്രകാരന്മാർക്ക് സഹജമായിരുന്ന തരള കാല്പനികഭാവം കുടഞ്ഞെറിഞ്ഞുകൊണ്ടാണ് ജോർജ് ആ വഴിയിൽ നടന്നത്. മൗലികമായ ഒരു ചലച്ചിത്രഭാഷയിലൂടെ പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുകയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
രാജശില്പിയുടെ കൈെയാപ്പുകൾ
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന ധാരണയെ തിരുത്തിക്കുറിച്ച ചിത്രമാണ് ‘കോലങ്ങൾ’. സർക്കസിലെ പൊക്കം കുറഞ്ഞ കോമാളിയെ മുഴുനീള കഥാപാത്രമാക്കി ഒരുക്കിയ ‘മേള’ മുഖ്യധാരയിലെ നായകസങ്കല്പങ്ങളോടുള്ള കലാപമായിരുന്നു. യുവത്വത്തിന്റെ വിഹ്വലതകളെ പ്രതിഫലിപ്പിച്ച ‘ഉൾക്കടൽ’(1979) സ്ത്രീപുരുഷബന്ധങ്ങളെയും പ്രണയത്തെയും ആഴത്തിലറിയാനുള്ള സർഗാത്മക ശ്രമമായിരുന്നു. ഈ കണ്ണികൂടി, കഥയ്ക്കു പിന്നിൽ തുടങ്ങിയ, അധികം ശ്രദ്ധിക്കപ്പെടാതെപോയ ചിത്രങ്ങളിൽപ്പോലും കെ.ജി. ജോർജ് എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കടുംനിറത്തിലുള്ള കൈയൊപ്പുകൾ പതിഞ്ഞുകിടപ്പുണ്ട്.
(കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്) ആണ് ലേഖകൻ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]