പരീക്ഷണങ്ങളുടെ കാലത്തിലൂടെയാണ് കന്നഡ സിനിമ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഉളിദവരു കണ്ടാന്തെയും രംഗിതരംഗയും മാത്രമായിരുന്നു അവ തിയേറ്ററുകളിലെത്തുംവരെ മറ്റുഭാഷാ സിനിമാസ്വാദകർക്ക് കന്നഡ സിനിമയെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. കന്നഡ സിനിമയും നടീനടന്മാരും സംവിധായകരും ഇന്ത്യയുടെ ഏതുഭാഗത്തും പ്രത്യേകിച്ച് തെന്നിന്ത്യയിൽ ചിരപരിചിതരായിക്കഴിഞ്ഞു. കെ.ജി.എഫ് പിറന്ന അതേ മണ്ണിൽ നിന്നാണ് പിന്നീട് 777 ചാർലിയും കാന്താരയും ഹോസ്റ്റൽ ഹുഡുഗരു ബേക്കിഗദ്ദരേയുമെല്ലാം ജനിച്ചത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് വിസ്ഫോടനാത്മകമായ മറ്റൊരു ചിത്രംകൂടി. അതാണ് ടോബി.
നവാഗതനായ ബാസിൽ അൽചാലക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിച്ചിരിക്കുന്നത് കന്നഡസിനിമയെ വേറിട്ട വഴിയിലൂടെ നടത്തിയ നവയുഗ സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാമായ രാജ് ബി ഷെട്ടിയാണ്. ടി.കെ. ദയാനന്ദിന്റെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. തുളുനാടിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ വിശ്വാസങ്ങളെ കൂട്ടുപിടിച്ചാണ് ഇത്തവണയും രാജ് എത്തിയിരിക്കുന്നത്. തന്റെ മുൻചിത്രമായ ഗരുഡ ഗമന വൃഷഭ വാഹനയിൽ ബ്രഹ്മാ-വിഷ്ണു-മഹേശ്വര സങ്കല്പത്തിലൂന്നിയ ലോക്കൽ ഗ്യാങ്സ്റ്റർ കഥയായിരുന്നു പറഞ്ഞതെങ്കിൽ ഇത്തവണ മാരി എന്ന വിശ്വാസമാണ് ടോബിയിലൂടെ അദ്ദേഹം കാട്ടിത്തരുന്നത്.
ബലിമൃഗം കെട്ടഴിഞ്ഞുപോയാൽ അഥവാ ബലിപീഠത്തിൽ നിന്ന് രക്ഷപ്പെട്ടാൽ പിന്നീടതിനെ ആളുകൾ കരുതുന്നത് മാരി ആയാണ്. ഈ സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടോബിയുടെ കഥ മുന്നോട്ടുപോവുന്നത്. സംസാരിക്കാൻ ശേഷിയില്ലാത്ത ഒറ്റബുദ്ധിയാണ് ടോബി. ഒരു പള്ളി വികാരിയാണ് ആദ്യമായി അവനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതും ടോബി എന്ന പേരുനൽകുന്നതും. ടോബിയുടെ ലക്കും ലഗാനുമില്ലാത്ത ജീവിതവും അതിനിടയിലെ സംഘർഷഭരിത മുഹൂർത്തങ്ങളുമാണ് ഈ ബാസിൽ-രാജ് ബി ഷെട്ടി ചിത്രത്തിന്റെ ആകെത്തുക.
ആരാണ് ടോബി എന്ന ചോദ്യത്തിനുള്ള ഉത്തരം എന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ടോബിയുടെ കഥ നേരിട്ട് പറയാതെ പല കഥാപാത്രങ്ങളിലൂടെ അവർക്ക് ഈ കഥാപാത്രം ആരായിരുന്നുവെന്നും അവരുടെ ജീവിതത്തിൽ ഇയാൾ ഏത് രീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നുമാണ് ചിത്രം പ്രേക്ഷകന് നൽകുന്ന മറുപടി. തിരക്കഥയിലെ ഈ വേറിട്ട സമീപനവും അവതരണശൈലിയുമാണ് പതിയെ സഞ്ചരിക്കുന്ന ഒരു പ്രതികാരകഥയായി മാത്രം വിശേഷിപ്പിക്കപ്പെടുമായിരുന്ന സിനിമയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നത്.
ദാമസ്കട്ടെ എന്ന കന്നഡ ഗ്രാമത്തിലാണ് കഥ നടക്കുന്നതെങ്കിലും കേരളത്തിനെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയാണ് ടോബിക്ക് പശ്ചാത്തലമാകുന്നത്. അതുകൊണ്ടുതന്നെ അപരിചിതമായ ഏതോ നാട്ടിലാണ് കഥ നടക്കുന്നത് എന്ന ചിന്ത ആസ്വാദകന് വരില്ല. ഇക്കാര്യം ഉടനീളം നിലനിർത്തുന്നതിൽ സംവിധായകൻ ബാസിൽ വിജയിച്ചിട്ടുണ്ട്. ക്ലീഷേ രംഗങ്ങളെ മാറ്റിപ്പിടിക്കാനുള്ള ധൈര്യം സംവിധായകനും തിരക്കഥാകൃത്തും പ്രകടിപ്പിച്ചതായി കാണാം. ഗരുഡ ഗമനയിലേതുപോലെ തന്നെ വൈകാരിക രംഗങ്ങളെ കൂട്ടുപിടിച്ചാണ് ടോബിയുടെ ജീവിതം ബാസിലും രാജും മെനഞ്ഞെടുത്തിരിക്കുന്നത്. മാരി എന്ന വിശ്വാസത്തെ വേണമെങ്കിൽ മുന്നോട്ടുകൊണ്ടുവന്ന് ടോബി എന്ന വ്യക്തിയുടെ ജീവിതവുമായി കൂട്ടിക്കെട്ടി ഫാന്റസിയുടേതായ തലം കൂടി സൃഷ്ടിക്കാമായാരുന്നിട്ടും രാജ് ബി ഷെട്ടി അതിന് മുതിർന്നിട്ടില്ല. പകരം ടോബി എന്ന മുന്നും പിന്നും നോക്കാതെ എടുത്തുചാടുന്ന യുവാവിന്റെ രണ്ട് കാലഘട്ടങ്ങൾ മറ്റുകഥാപാത്രങ്ങളിലൂടെ കാണിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
വാക്കുകൾക്ക് പകരം അവ്യക്തമായ ശബ്ദം മാത്രമാണ് ടോബിയുടെ വായിൽനിന്ന് പുറത്തുവരിക. അതേസമയം തന്നെ വന്യമായ എന്തോ ഒന്ന് അയാൾക്കുള്ളിൽ ഓടിക്കൊണ്ടേയിരിക്കുന്നുണ്ട്. ഇങ്ങനെയൊരു കഥാപാത്രത്തെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാൻ രാജ് ബി ഷെട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മാസ് രംഗങ്ങളിൽ കന്നഡ സിനിമയിലെ സ്ഥിരം ചട്ടക്കൂടുകൾ പൊളിച്ചെഴുതുന്നുമുണ്ട് അദ്ദേഹം. കന്നഡയിലെ പതിവ് നായികമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നുണ്ട് ചൈത്രയുടെ ജെനിയും സംയുക്ത ഹോർണാഡിന്റെ സാവിത്രിയും. ഗോപാൽ ദേശ്പാണ്ഡേ, ദീപക് ഷെട്ടി, ഭര്ത ജി.ബി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
മിഥുൻ മുകുന്ദന്റെ സംഗീതവും പശ്ചാത്തലസംഗീതവും സന്ദർഭത്തിനോട് ചേർന്നുനിൽക്കുന്നവയായിരുന്നു. പക്ഷേ അവയ്ക്കും ധീരമായ പരീക്ഷണാത്മക സ്വഭാവമുണ്ടായിരുന്നു എന്ന് പറയാതെ വയ്യ. പ്രവീൺ ശ്രീയന്റെ ക്യാമറക്കും നിതിൻ ഷെട്ടിയുടെ എഡിറ്റിങ്ങിനും നല്ല കയ്യടി നൽകേണ്ടിയിരിക്കുന്നു. ഒപ്പം ഇങ്ങനെയൊരു ചിത്രത്തിന്റെ ഗുണമേന്മ കണ്ടറിഞ്ഞ് കേരളത്തിൽ വിതരണം ചെയ്ത വേഫേറർ ഫിലിംസിനും. പതിഞ്ഞ താളത്തിൽ സിരകളിൽ ലഹരി നിറയ്ക്കുന്ന വ്യത്യസ്തമായ ചലച്ചിത്രാനുഭവം കണ്ടറിയാൻ താത്പര്യമുള്ളവർക്ക് ടിക്കറ്റെടുക്കാം ടോബിയെ കാണാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]