പത്തനംതിട്ട: 2024-ലെ ആദ്യ നാലുമാസം മലയാള സിനിമയ്ക്ക് വലിയനേട്ടങ്ങൾ ഉണ്ടായി. 70 ചിത്രങ്ങൾ ഇറങ്ങിയതിൽ എട്ടെണ്ണം മികച്ചവിജയം നേടി. തിയേറ്റർ കളക്ഷൻ മാത്രം 900 കോടി ആയിരുന്നു. ഇതിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ നാലെണ്ണം. എന്നാൽ, തുടർന്നുള്ള നാലുമാസം കളക്ഷൻ ഗ്രാഫ് കുത്തനെ ഇടിഞ്ഞു.
ഈസമയത്ത് ഇറങ്ങിയ 71 ചിത്രങ്ങളിൽ വലിയ വിജയമായത് മേയിൽ റിലീസായ ‘ഗുരുവായൂർ അമ്പലനടയിൽ’ (90 കോടി) മാത്രം. മേയിൽ ഇറങ്ങിയ ‘തലവനും’ ‘ടർബോയും’ മോശമല്ലാത്ത കളക്ഷൻ നേടി. എന്നാൽ ആദ്യ നാലുമാസങ്ങളിലേതുപോലെ പിന്നീട് വിജയമുണ്ടായില്ലെന്ന് മാത്രമല്ല രണ്ടാംക്വാർട്ടറിൽ വലിയ പരാജയങ്ങളും വന്നു.
ജൂൺ മുതൽ ഓഗസ്റ്റുവരെ ഇറങ്ങിയ മൊത്തം ചിത്രങ്ങളുടെ കളക്ഷൻ കൂട്ടിയാലും ആദ്യ നാലുമാസം നേടിയതിന്റെ മൂന്നിലൊന്നുപോലും വരില്ല. പുതിയചിത്രങ്ങൾ പരാജയപ്പെട്ടിടത്ത് പഴയ രണ്ടുസിനിമകൾ റീമാസ്റ്റർ ചെയ്ത് ഇറക്കിയത് പ്രേക്ഷകശ്രദ്ധ നേടി. ദേവദൂതനും, മണിച്ചിത്രത്താഴും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് റീ-റിലീസ് ചെയ്തത്. രണ്ട് സിനിമകൾക്കും അത്യാവശ്യം പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാനായി. ഇതിനിടെ തെലുങ്കിൽനിന്ന് മൊഴിമാറ്റിവന്ന കൽക്കി (30 കോടി), തമിഴ് ചിത്രം മഹാരാജ (8 കോടി) എന്നിവയും കേരളത്തിൽ നല്ല കളക്ഷൻ നേടി.
ഇ.ഡി. സീൻ മാറ്റി
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന പരാതിയിൽ ഇ.ഡി. അന്വേഷണം നടത്തിയിരുന്നു. ജൂണിൽ ഇതുമായി ബന്ധപ്പെട്ട സിനിമയുടെ നിർമാതാക്കളെ ചോദ്യംചെയ്തു. സിനിമാമേഖലയിൽ കള്ളപ്പണം ഇടപാട് നടക്കുന്നുവെന്ന് ഇ.ഡി.ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാനിർമാണക്കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം ശക്തമായിരുന്നു. സിനിമ വിജയമാണെന്ന് കാണിക്കാൻ ഫ്രീയായി ടിക്കറ്റ് നൽകി ആളുകളെ തിയേറ്ററിൽ കയറ്റിയത് അടുത്തിടെ വിവാദമായിരുന്നു. ഒ.ടി.ടി. കച്ചവടം ലക്ഷ്യമിട്ടും, സിനിമയെ ശരാശരിക്ക് മുകളിൽ എത്തിക്കാനുമുള്ള ശ്രമമാണ്. എന്നാൽ എല്ലാത്തരത്തിലുള്ള അന്വേഷണവും ശക്തമായതോടെ ഈ ഏർപ്പാടും പഴയതുപോലെ ഇല്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]