കൊച്ചി: താരസംഘടനയായ ‘അമ്മ’ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും സംഘടനക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ‘അമ്മ’ ജോയിന്റ് സെക്രട്ടറി ബാബുരാജ്. ലൈംഗിക പീഡന ആരോപണം നേരിടുന്ന ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് രാജിവെച്ചതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി സംസാരിക്കാമെന്നും ബാബുരാജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
“അമ്മ ജനറൽ സെക്രട്ടറി ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം സ്വമേധയാ രാജിവെച്ചല്ലോ. അതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ആരോപണങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണം. ഞാൻ ഇപ്പോൾ ഹൈദരാബാദിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്. അതിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ചൊവ്വാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിശദമായി സംസാരിക്കാം”- ബാബുരാജ് പറഞ്ഞു.
“നമ്മുടെ സംഘടന എല്ലാ മാസവും കൊടുക്കുന്ന കൈനീട്ടം, മരുന്നിന്റെ പൈസ അംഗങ്ങൾക്ക് കൊടുക്കുന്നത് ഉൾപ്പെടെ കുറേ നല്ല കാര്യങ്ങളുണ്ട്. അതെല്ലാം ഇപ്പോൾ ആരും കാണാതെ പോകുകയാണ്. ഈ സഹായങ്ങളെല്ലാം പ്രതീക്ഷിച്ചിരിക്കുന്ന കുറേ പാവങ്ങൾ സംഘടനയ്ക്ക് അകത്തുണ്ട്. അതൊന്നും മുടക്കം വരാതെ നോക്കണമെന്നുള്ളതാണ്. ‘അമ്മ’യുടെ ഓഫീസിലെ കാര്യങ്ങളടക്കം ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ ചുമതല ഏറ്റെടുക്കേണ്ടി വരുന്നത് കൊണ്ട് പുതിയതായി മാറ്റങ്ങളൊന്നുമില്ല. എല്ലാം പഴയതുപോലെ തന്നെയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന അനിശ്ചിതത്വം നേരിട്ടല്ലേ പറ്റുകയുള്ളൂ. സംഘടന മുന്നോട്ട് പോകണമല്ലോ.”- ബാബുരാജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]