സിനിമയിലെ റേപ്പ് അഭിനയം അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞിട്ടുണ്ട് പ്രേംപ്രകാശ്; അര നൂറ്റാണ്ട് മുന്‍പേ. വര്‍ഷം 1974. എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്യുന്ന ‘സുപ്രഭാതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നടക്കുന്നു. ഹിന്ദിയില്‍ ഹിറ്റായ ‘അന്ദാസ്’ എന്ന രാജേഷ് ഖന്ന ചിത്രത്തിന്റെ റീമേക്കാണ്. നായകന് പ്രേംനസീര്‍. നായിക ഉഷാകുമാരി.
പടത്തില്‍ ചെറുകിട വില്ലന്‍ റോളുകളിലാണ് പ്രേംപ്രകാശും വിന്‍സന്റും. തലേക്കെട്ടും ബനിയനും കൊമ്പന് മീശയുമൊക്കെയുള്ള നാടന്‍ റൗഡികള്‍. ‘ലൊക്കേഷനില്‍ ചെന്നപ്പോഴാണറിയുന്നത് ചെയ്യേണ്ടത് ബലാല്‍സംഗമാണെന്ന്. ഇരയാകാന്‍ സാധന തയ്യാറായി നില്ക്കുന്നു. പ്രത്യേകിച്ച് റിഹേഴ്സലിന്റെ ഒന്നും ആവശ്യമില്ല. സാധാരണ റേപ്പ് ചെയ്യുന്ന പോലങ്ങു ചെയ്താല്‍ മതിയെന്ന് സംവിധായകന്.’
മുഖത്തോടു മുഖം നോക്കി യുവതാരങ്ങളായ പ്രേംപ്രകാശും വിന്‍സന്റും. മുന്‍പ് ചെയ്തു ശീലമില്ല. അതുകൊണ്ടുതന്നെ ആകെയൊരു ജാള്യം. അന്നത്തെ മലയാള സിനിമയിലെ മാദകസുന്ദരിമാരില്‍ ഒരാളായ സാധനയാകട്ടെ, വേഗം തീര്‍ത്തിട്ട് വേണം സ്ഥലം വിടാന്‍ എന്ന ഭാവത്തോടെ നില്ക്കുന്നു.
സംവിധായകന്റെ ‘ആക്ഷന്‍’ ഗര്‍ജനം കേട്ടതും രണ്ടും കല്‍പ്പിച്ച് റേപ്പ് തുടങ്ങുന്നു യുവ ശിങ്കങ്ങള്‍. ‘ഒരു കുന്നിന്റെ മുകളിലാണ് സംഭവം. നാട്ടുകാര്‍ മുഴുവന്‍ നോക്കിനില്ക്കുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ വല്ലാത്ത ചമ്മല്. എത്ര ശ്രമിച്ചിട്ടും റേപ്പിന് പെര്ഫെക്ഷന് വരുന്നില്ല. ആകെയൊരു പന്തികേട്. സാധനക്കും സാമാന്യം ബോറടിച്ചു കാണണം.’ – പ്രേംപ്രകാശ്.
പിടിയും വലിയും തണുപ്പന്‍ മട്ടില്‍ നീണ്ടുപോയപ്പോള്‍ സംവിധായന് കട്ട് പറയുന്നു. എന്നിട്ടൊരു ചോദ്യം: ‘ഇതിപ്പോ നിങ്ങള്‍ അവരെ റേപ്പ് ചെയ്യുകയാണോ അതോ അവര്‍ നിങ്ങളെയോ?’
വിയര്‍പ്പില്‍ കുളിച്ചു നിന്ന പ്രേംപ്രകാശിനെ അടുത്തുവിളിച്ച് കൃഷ്ണന് നായര്‍ ഒന്നുകൂടി ചോദിച്ചു; ജീവിതത്തിലൊരിക്കലും പ്രേംപ്രകാശ് മറക്കാനിടയില്ലാത്ത ചോദ്യം:
‘തനിക്ക് നാണമില്ലേ? ജോസ് പ്രകാശിന്റെ അനിയനായിട്ട് ഒന്ന് നേരാംവണ്ണം റേപ്പ് ചെയ്യാന്‍ പോലും അറിയില്ലാന്നു പറഞ്ഞാല്‍…..?’
തമാശയായാണ് കൃഷ്ണന് നായര്‍ പറഞ്ഞതെങ്കിലും സത്യാംശം ഉണ്ടായിരുന്നു അതില്‍. അന്നത്തെ മലയാള സിനിമയിലെ മുഖ്യ വില്ലന്മാരില് ഒരാളാണ് ജോസ് പ്രകാശ്. മിക്ക സിനിമകളിലും കാണും ജോസ് പ്രകാശിന് ഒരു ബലാത്സംഗം. കല്യാണ വീടുകളിലൊക്കെ ചെല്ലുമ്പോള്‍ സ്ത്രീകള്‍ ഭയന്നൊളിക്കുക വരെ ചെയ്തിരുന്നു എന്ന് ജോസ് പ്രകാശ് തന്നെ ഒരിക്കല്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വെള്ളിത്തിരയിലെ റേപ്പ് വിദഗ്ദരില്‍ എന്‍ ഗോവിന്ദന്‍കുട്ടി, കെ.പി ഉമ്മര്‍, ജി.കെ പിള്ള എന്നിവര്‍ക്കൊപ്പമോ ഒരു പടി മുകളിലോ ആയിരുന്നു ജോസ് പ്രകാശിന്റെ സ്ഥാനം.
എന്തായാലും കൃഷ്ണന് നായരുടെ ‘വെല്ലുവിളി’ അതിന്റെ സ്പിരിറ്റില്‍ തന്നെ ഏറ്റെടുത്തു പ്രേംപ്രകാശും വിന്‍സന്റും. ആക്ഷന്‍ കേട്ടതും ഇരുവരും ‘ഇര’യ്ക്ക് മേല്‍ ചാടിവീഴുന്നു. ഇത്തവണ സംഭവം കുറേക്കൂടി റിയലിസ്റ്റിക് ആയി. സംവിധായകനും സംതൃപ്തന്‍.
ചില സിനിമകളില്‍ കൂടി വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത ശേഷം ‘ന്യൂജന്‍’ നായകന്റെ റോളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു വിന്‍സന്റിന്. അധികവും ആക്ഷന്‍ സിനിമകള്‍. അതോടെ നായികമാരെ വെറുപ്പിക്കല്‍ നിര്‍ത്തി അവരുടെ രക്ഷകനായി മാറി അദ്ദേഹം. പ്രേംപ്രകാശ് ആകട്ടെ ക്ലാസ്സിക് സിനിമകളുടെ നിര്‍മാതാവും സ്വഭാവനടനും ഒക്കെയായാണ് സിനിമയില്‍ പില്ക്കാലത്ത് മുദ്ര പതിപ്പിച്ചത്. ‘നിര്‍ണായക’ത്തിലെ റോളിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ഇന്നിപ്പോള്‍ സിനിമ തന്നെ മാറി; കഥ പറച്ചിലിന്റെ രീതിയും. എങ്കിലും പുതുകാലത്തിനൊത്ത രൂപഭാവങ്ങളോടെ റേപ്പ് ഇന്നുമുണ്ട് സിനിമയില്‍; റേപ്പിസ്റ്റുകളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]