
രാം ഗോപാൽ വർമ സംവിധാനംചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് കമ്പനി. അജയ് ദേവ്ഗൺ, വിവേക് ഒബ്റോയി, മോഹൻലാൽ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. വിവേക് ഒബ്റോയിയുടെ ആദ്യചിത്രം കൂടിയായിരുന്നു കമ്പനി. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തേണ്ടിയിരുന്നത് ഇവർ മൂന്നുപേരും അല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് കമ്പനിക്കുവേണ്ടി മനസിൽ കണ്ടിരുന്ന ആദ്യ താരനിരയേക്കുറിച്ച് രാം ഗോപാൽ വർമ മനസുതുറന്നത്. അജയ് ദേവ്ഗൺ അവതരിപ്പിച്ച ദാവൂദ് ഇബ്രാഹിമിനെ അനുസ്മരിപ്പിക്കുന്ന മാലിക് എന്ന വേഷത്തിലേക്ക് ഷാരൂഖ് ഖാനെയാണ് മനസിൽ കണ്ടിരുന്നതെന്ന് വർമ വ്യക്തമാക്കി.
“ഒരു പ്രത്യേക പോയിന്റെത്തിയപ്പോൾ ആ കഥാപാത്രം ചെയ്യാൻ ഷാരൂഖ് ഖാൻ വേണമെന്ന് തോന്നി. ഷാരൂഖ് ഖാനെ കണ്ടു, അദ്ദേഹം വളരെയധികം അദ്ഭുതപ്പെട്ടു. ഷാരൂഖ് ദാവൂദ് ആകണമെന്ന് ഞാനാഗ്രഹിച്ചു. പക്ഷേ അദ്ദേഹം വളരെ ഊർജസ്വലനാണ്. അതാണ് പ്രേക്ഷകർക്ക് ഇഷ്ടവും. അങ്ങനെയുള്ള ഒരാളെ അധികം ചലിക്കാതെയും സംസാരിക്കാതെയും സ്ക്രീനിൽ കാട്ടുന്നത് വിചിത്രമാവുമെന്ന് തോന്നി. ഞാൻ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയിട്ടേയുള്ളൂ. അദ്ദേഹത്തിൻ്റെ ശരീരഭാഷ ശരിയല്ലെന്ന് എനിക്ക് തോന്നി.” രാം ഗോപാൽ വർമ പറഞ്ഞു.
ഷാരൂഖ് ഹൈപ്പർ ആക്ടീവായ ഒരു അഭിനേതാവാണ്. അതാണ് പ്രേക്ഷകരെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ അജയ് ദേവ്ഗണിന്റെ ശരീര ഭാഷ കുറച്ച് അലസത നിറഞ്ഞതാണ്. അതുകൊണ്ടാണ് ദാവൂദിന്റെ റോളിലേക്ക് അജയ് കൂടുതൽ ചേരുമെന്ന് തോന്നിയത്.
കമ്പനിയിലെ ചന്തു, മുംബൈ പോലീസ് കമ്മീഷണർ എന്നീ വേഷങ്ങളിലേക്കും ആദ്യം വിചാരിച്ചത് മറ്റുചില താരങ്ങളെയാണെന്ന് വർമ പറഞ്ഞു. തുടക്കത്തിൽ പോലീസ് വേഷത്തിലേക്ക് കമൽ ഹാസനെയാണ് വിചാരിച്ചിരുന്നത്. അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു. പക്ഷേ ഷാരൂഖ് ഖാന്റെ കാര്യത്തിൽ നേരിട്ട അതേ പ്രശ്നംതന്നെ അവിടെയും വന്നു. റിയലിസ്റ്റിക് ചിത്രത്തിൽ താരപരിവേഷമുള്ള ഒരാൾ വന്നാൽ ശരിയാകുമോ എന്നതായിരുന്നു അലട്ടിയത്. അതോടെയാണ് ആ വേഷം ചെയ്യാൻ മോഹൻലാലിനെ സമീപിച്ചത്. വിവേക് ഒബ്റോയി അവതരിപ്പിച്ച വേഷത്തിലേക്ക് അഭിഷേക് ബച്ചനെയായിരുന്നു പരിഗണിച്ചിരുന്നതെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.