
വിവാഹ വാർഷികദിനത്തിൽ തന്റെ ഭാര്യ അനൂജയെ നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും താലികെട്ടിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പതിനാറു വർഷം മുൻപ് നടന്ന തങ്ങളുടെ പ്രണയവിവാഹത്തെ നിയമ സാധുതയുള്ളതാക്കി മാറ്റുന്നതിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ ധർമജനും അനൂജയ്ക്കും ആശംസകളുമായെത്തിയിരിക്കുകയാണ് നടനും ധർമജന്റെ ഉറ്റ സുഹൃത്തുമായ രമേഷ് പിഷാരടി.
“ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു – ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ റജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ. ഗംഭീരമായി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്.’’ രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.
ധർമജന്റെയും ഭാര്യ അനൂജയുടെയും പതിനാറാം വിവാഹ വാർഷികമായിരുന്നു തിങ്കളാഴ്ച. കല്യാണച്ചെറുക്കന്റെയും പെണ്ണിന്റെയും വേഷത്തിലായിരുന്നു ഇരുവരും കൊങ്ങോർപ്പിള്ളി കുറ്റിക്കുളങ്ങര ബാലമുരളി ക്ഷേത്രത്തിലെത്തിയത്. മക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ താലികെട്ടി, വരണമാല്യവുമണിഞ്ഞ് വിവാഹ ചിത്രങ്ങളെടുത്തു. തുടർന്നാണ് കൊങ്ങോർപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിലെത്തി. അവിടെ സാക്ഷികളായി ഒപ്പിടാൻ അടുത്ത സുഹൃത്തുക്കൾ മാത്രം. അവരോടു മാത്രമാണ് വിവാഹത്തിന്റെ കാര്യം പറഞ്ഞത്.
കാലങ്ങളായുള്ള ഒരു മോഹമാണ് പൂവണിഞ്ഞതെന്നു ധർമജൻ പിന്നീട് പറഞ്ഞു. “വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെൺകുട്ടിയുടെ മോഹമാണ്. അനൂജയും അതു സ്വപ്നം കണ്ടുകാണും. അന്ന് അനൂജയുടെ വീട്ടുകാരുടെ എതിർപ്പോടെയുള്ള പ്രണയവിവാഹമായതിനാൽ അതൊന്നും നടന്നില്ല. വർഷങ്ങൾക്കുശേഷം ആ സ്വപ്നം ചെറുതായൊന്നു പൂവണിയുകയാണ്” – ധർമജൻ പറഞ്ഞു. ഞങ്ങളുടെ രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വീണ്ടും വിവാഹം കഴിച്ചപ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നും ഇരുവരും പറഞ്ഞു.
വിവാഹിതരായി എന്ന വാചകത്തോടെ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചതിന്റെ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു ധർമജൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]