
മലയാള സിനിമയെ പ്രശംസിച്ച് കാന് ചലച്ചിത്രോത്സവത്തിലെ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം സ്വന്തമാക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ൻ്റെ സംവിധായിക പായൽ കപാഡിയ. പുരസ്കാരം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു പായൽ. അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘വെെവിധ്യമാർന്ന ചിത്രങ്ങൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്. അവിടെ ആര്ട്ട് ഹൗസ് ചിത്രങ്ങൾക്കുപോലും ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കുന്നില്ല. വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളെ സ്വീകരിക്കാൻ കേരളത്തിലെ പ്രേക്ഷകർ തയ്യാറാണ്’, പായൽ കപാഡിയ പറഞ്ഞു.
കേരളത്തിലെ സർക്കാർ വനിതകളായ ചലച്ചിത്രപ്രവര്ത്തകരെ പിന്തുണയ്ക്കുന്നുണ്ടെന്ന് കനി കുസൃതി പറഞ്ഞു. മുഖ്യധാരാ ചിത്രങ്ങളും സമാന്തര ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളുമെല്ലാം കാണാൻ ഇവിടെ പ്രേക്ഷകരുണ്ടെന്ന് നടി കൂട്ടിച്ചേർത്തു.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്. പായൽ സംവിധാനംചെയ്ത ‘എ നൈറ്റ് നോയിങ് നത്തിങ്’ എന്ന ചിത്രം 2021-ലെ കാന് ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലാനിയുടെ മകളാണ് പായൽ.
30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ ‘സ്വം’ ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]