
ഗർഭകാലത്ത് സിനിമാ പ്രമോഷനും മറ്റുമായി ആവേശത്തോടെ ഓടി നടക്കുന്നതിന്റെ രഹസ്യം പങ്കുവച്ച് നടി അമല പോൾ. അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അമല. മുമ്പത്തേക്കാളേറെ സ്നേഹവും പരിഗണനയും ഇപ്പോൾ ലഭിക്കുന്നുണ്ട്, അത് ആസ്വദിക്കുന്നു. അത് തരുന്ന ഊർജം വലിയ കാര്യമാണെന്നും അമല പറയുന്നു.
‘ഗർഭകാലത്തെക്കുറിച്ച് നല്ലൊരു സന്ദേശം പകരാനും കൂടിയാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗർഭകാലം എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമായോ ടാസ്ക് ആയോ എനിക്ക് തോന്നിയിട്ടില്ല, ഈ സമയത്ത് ആക്ടീവ് ആയിരിക്കാനാണ് എനിക്ക് തോന്നുന്നത്, മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ വെറുതേ വീട്ടിലിരുന്ന് ചിന്തിച്ച് കൂട്ടേണ്ടെ കാര്യമില്ല. ഗർഭിണി ആയതിന് ശേഷമാണ് എന്റെ പല ചിത്രങ്ങളുടെയും പ്രമോഷനും റിലീസുമെല്ലാം വരുന്നത്. അതെല്ലാം ഒരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. ഇതെല്ലാം ഞാൻ ആസ്വദിക്കുന്നു’- അമല പറയുന്നു.
ലെവൽ ക്രോസിലൂടെ ഗായികയായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല. ചിത്രത്തിനായി വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ ഗാനം പാടിയ അനുഭവവും അമല പങ്കുവച്ചു. “ഒമ്പതാം മാസത്തിലാണ് ഞാനീ പാട്ട് റെക്കോർഡ് ചെയ്യുന്നത്. ഭയങ്കര ആവേശത്തിലാണ് സത്യത്തിൽ. ആ ക്രെഡിറ്റ് എന്റെ കുഞ്ഞുമായി പങ്കുവയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ പള്ളിയിലെ ഗായകസംഘത്തിലെ അംഗമായിരുന്നു. എന്റെ അമ്മയും നിനക്ക് പാടിക്കൂടേ എന്ന് എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട് അത്ര വലിയ ഗായിക ഒന്നുമല്ലെങ്കിലും.”
“ലെവൽ ക്രോസിന്റെ സംവിധായകൻ അർഫാസിനും സംഗീത സംവിധായകൻ വിശാലിനും ഞാൻ നന്ദി പറയുന്നു. ടുണീഷ്യയിലെ ഷൂട്ടിങ്ങ് ബ്രേക്കിനിടയ്ക്ക് ഞാൻ മൂളിപ്പാട്ട് പാടുന്നത് കേട്ടിട്ടാകണം ഒരു പാട്ട് ഈ സിനിമയിൽ പാടിക്കൂടെ എന്ന് അർഫാസ് ചോദിക്കുന്നത്. എന്നാൽ ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നത് കൊണ്ട് പിന്നീടാവാം എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് ഷൂട്ട് തീർന്നു, എന്റെ വിവാഹം കഴിഞ്ഞു, ഞാൻ ഗർഭിണി ആയി. പിന്നീടെന്റെ ഒമ്പതാം മാസത്തിലാണ് അർഫാസ് വീണ്ടും പാട്ട് പാടിക്കൂടെ എന്ന ചോദ്യവുമായി എത്തുന്നത്, എന്തോ വല്ലാത്ത ധൈര്യവും ആത്മവിശ്വാസവും അന്നേരം എനിക്ക് തോന്നി. അങ്ങനെയാണ് ലെവൽ ക്രോസിലെ ഗായികയായി മാറുന്നത്.”
അമല പോളിന് പുറമേ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരാണ് ‘ലെവൽ ക്രാേസി’ൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ വിശാൽ ചന്ദ്രശേഖറാണ്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസിന്റെ നിർമാണം അഭിഷേക് ഫിലിംസ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]