
തന്റെ പുതിയ ചിത്രമായ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ക്ലൈമാക്സ് ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം വിജയ് രണ്ടുദിവസം മുമ്പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിലെത്തിയത്. അദ്ദേഹം പോകുന്ന വഴിയിലെല്ലാം പിന്നെ വലിയ ജനസഞ്ചയമാണ് രൂപപ്പെട്ടത്. ഇപ്പോഴിതാ കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോയിലൂടെയാണ് വിജയ് കേരളത്തിലെ ആരാധകരോട് തന്റെ നന്ദിയും സ്നേഹവും അറിയിച്ചിരിക്കുന്നത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് വിജയ് സെൽഫിക്കൊപ്പം കുറിച്ചത്. പോസ്റ്റ് ചെയ്തയാൾ വിജയ് ആയതുകൊണ്ടും മലയാളത്തിലായതുകൊണ്ടും സോഷ്യൽ മീഡിയ കത്താൻ അധികസമയമെടുത്തില്ല.
പോസ്റ്റുവന്ന് ഒരുമണിക്കൂറായപ്പോഴേക്കും പത്തുലക്ഷത്തിലേറെയാളുകളാണ് സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ലൈക്ക് ചെയ്തത്. അറുപത്തെണ്ണായിരം പേർ കമന്റുംചെയ്തു. വിജയ് യുടെ എൻ നെഞ്ചിൽ കുടിയിരുക്കും എന്ന പ്രശസ്തമായ ഡയലോഗാണ് നടൻ കാളിദാസ് ജയറാം കമന്റ് ചെയ്തത്. സ്മൈലികളായിരുന്നു നടി അനു സിതാരയുടെ കമന്റ്. നേരത്തേ വിമാനത്താവളത്തിൽനിന്നുള്ള യാത്രാമധ്യേ ആരാധകരുടെ തിരക്കുകാരണം വിജയ് സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർന്നിരുന്നു.
വെങ്കട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത്.ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്. ക്ലെെമാക്സ് രംഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]