
കൊച്ചി: തിരസ്കാരങ്ങളില്‍ തോല്‍ക്കാതെയാണ് താന്‍ പുരസ്കാരങ്ങളിലെത്തിയതെന്ന് ശ്രീകുമാരന്‍ തമ്പി. അവഹേളനങ്ങളിലൂടെ മാത്രമേ അഭിനന്ദനങ്ങളുടെ സോപാനത്തിലെത്താന് സാധിക്കൂ. മനസ്സിലെന്നും കെടാതെ സൂക്ഷിക്കുന്ന അഗ്നിയുണ്ട്. അത് അണയുന്നത് ഞാന്‍ എരിയുന്ന അഗ്നിയിലായിരിക്കും- അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്ത ‘ചന്ദ്രകാന്തം’ എന്ന സിനിമ അന്പതുവര്ഷം തികയ്ക്കുന്നതിന്റെ ഭാഗമായി ഫൈന്‍ ആര്‍ട്സ് സൊസെറ്റിയൊരുക്കിയ ചന്ദ്രകാന്തം@50 എന്ന ആദരച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. എം.കെ. സാനുവിന്റെ സാന്നിധ്യത്തില്‍ വയലാര്‍ അവാര്‍ഡിനെക്കുറിച്ചുള്ള കയ്പേറിയ ഓര്‍മയും അദ്ദേഹം പങ്കുവെച്ചു. ‘ഭാഷയുടെ മഹാഗുരുവാണ് എം.കെ. സാനു മാഷ്. അദ്ദേഹം അധ്യക്ഷനായിരുന്നപ്പോള്‍ രണ്ടുതവണ വയലാര്‍ അവാര്‍ഡ് എനിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷേ, അടുത്തവര്‍ഷം തരാമെന്നായിരുന്നു സംഘാടകര്‍ അവസാനം പറഞ്ഞത്. അവസാനം ആ അവാര്‍ഡ് കിട്ടിയത് കവിതയ്ക്കല്ല. പ്രസിദ്ധീകരിച്ച് വായനക്കാര്‍ ഏറ്റെടുത്ത ആത്മകഥയ്ക്കാണ്. വയലാറിന്റെ കൂട്ടത്തില്‍ കവിയായി അംഗീകരിക്കേണ്ട, വേണമെങ്കില്‍ ആത്മകഥയ്ക്ക് കൊണ്ടുപൊയ്ക്കോട്ടെ എന്ന് കരുതിക്കാണും’- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പതിനഞ്ചാം വയസ്സില്‍ ആറുരൂപ ഫീസടയ്ക്കാനില്ലാതെ ഉറങ്ങാതിരുന്നപ്പോഴും സിനിമയെ സ്വപ്നം കണ്ട കുട്ടിയാണ് ഞാന്‍. 33-ാം വയസ്സില്‍ സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തു. അതാണ് ‘ചന്ദ്രകാന്തം.’ ആ എടുത്തുചാട്ടം കാലൊടിച്ചു. ‘ചന്ദ്രകാന്തം’ പരാജയപ്പെട്ടപ്പോള്‍ മദ്യപിച്ച് ബുദ്ധിജീവിയായി നടക്കാമായിരുന്നു. ഈ 84 വയസ്സുവരെ ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല-ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കവിയെന്ന നിലയില്‍ നേരത്തേതന്നെ അംഗീകരിക്കപ്പെടേണ്ടയാളായിരുന്നു ശ്രീകുമാരന്‍ തമ്പിയെന്നും വിധിയുടെയോ മനുഷ്യന്റെയോ ദുഷ്ചെയ്തികള്‍ മൂലം അത് തെന്നിമാറുകയായിരുന്നെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫ. എം.കെ. സാനു പറഞ്ഞു. മലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയും ഗദ്യകാരനും ഗാനരചയിതാവുമാണ് അദ്ദേഹമെന്നും സാനു പറഞ്ഞു.
സംഗീത സംവിധായകന് ബിജിബാല്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഭാരവാഹികളായ ടി.പി. രമേശ്, കെ. ആനന്ദ്, പി.എം. വീരമണി എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]