
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനെ(95)യും ഭാര്യ ബെറ്റ്സി അരക്കാവ(63)യെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വളര്‍ത്തുനായയെയും വീട്ടിനുള്ളില്‍ ചത്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രാദേശികസമയം ബുധനാഴ്ച വൈകീട്ടോടെയാണ് നടന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മറ്റുദുരൂഹതകളൊന്നും നിലവില്‍ സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, ദമ്പതിമാരുടെ മരണകാരണം സംബന്ധിച്ചോ എങ്ങനെ, എപ്പോള്‍ മരണംസംഭവിച്ചുവെന്നതോ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ, രണ്ടുതവണ ഓസ്കര് അവാര്‍ഡ് നേടിയ നടനാണ് ജീന്‍ ഹാക്ക്മാന്. 1930-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം 16-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. നാലരവര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം ന്യൂയോര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ‘പസദേന പ്ലേഹൗസില്‍’ ചേര്‍ന്ന് അഭിനയം പഠിച്ചു.
1961-ല്‍ പുറത്തിറങ്ങിയ ‘മാഡ് ഡോഗ് കോള്‍’ ആണ് ആദ്യചിത്രം. ഒട്ടേറെ ചിത്രങ്ങളിലും ടി.വി. സീരിസുകളിലും നാടകങ്ങളിലും അഭിനയിച്ചു. 1970-80 കാലഘട്ടത്തില്‍ സൂപ്പര്മാന് ചിത്രങ്ങളില്‍ ‘ലെക്സ് ലൂതര്‍’ ആയി വേഷമിട്ടു. 1971-ല്‍ ‘ദി ഫ്രഞ്ച് കണക്ഷന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കി. 1992-ല്‍ മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരവും ജീന്‍ ഹാക്ക്മാനെ തേടിയെത്തി. ഇതിനുപുറമേ നാല് ഗോള്‍ഡന്‍ ഗ്ലോബ്, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരം എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ജീന്‍ ഹാക്ക്മാന് സ്വന്തമാക്കിയിട്ടുണ്ട്. 2004-ല്‍ പുറത്തിറങ്ങിയ ‘വെല്‍കം ടൂ മൂസ്പോര്‍ട്ട്’ ആണ് അവസാനമായി അഭിനയിച്ച സിനിമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]