
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബന്’ എന്ന സിനിമ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. മറ്റ് വരുമാനുമുള്ളതുകൊണ്ട് നഷ്ടം വന്നില്ല. ഒ.ടി.ടിയും സാറ്റ്ലൈറ്റും മ്യൂസിക്കും എല്ലാംകൂടെ വലിയൊരു തുക ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ തീയേറ്ററില്‍ ഇറങ്ങി ആ രണ്ടുമണിക്കൂര്‍ സാധനം കൊള്ളാമെങ്കില്‍ ആളുകേറും. സാധനം കൊള്ളില്ലെങ്കില്‍ ആളുകേറില്ല. അതിന്മേല് കയറി ചര്‍ച്ച ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ?’, സിനിമാമേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തോട് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
‘വാലിബന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ല. ഒന്നാമത് ഞാനതില്‍നിന്ന് പൂര്‍ണമായി മാറി. ആദ്യം തുടങ്ങിയപ്പോള്‍ അതുമായി കുറച്ചുസമയം ചെലവഴിച്ചു എന്നതല്ലാതെ ഇപ്പോള്‍ പൂര്‍ണമായും യാതൊരു ബന്ധവുമില്ല. രണ്ടാംഭാഗം എന്നത് ഇപ്പോള്‍ ആലോചനയിലില്ല എന്ന് തറപ്പിച്ച് പറയാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തിലും വാലിബന് ഫ്ളോപ്പായിരുന്നെന്ന് പ്രചാരണം അദ്ദേഹം തള്ളിയിരുന്നു. വാലിബന് ഫ്ളോപ്പല്ലെന്ന് പറഞ്ഞ അദ്ദേഹം തങ്ങള്‍ പ്രതീക്ഷിച്ച ലെവലിലേക്ക് പടം പോയിട്ടില്ലെന്നേയുള്ളൂവെന്നും പടത്തിന്റെ റവന്യൂ നോക്കുമ്പോള്‍ അതൊരു പരാജയപ്പെട്ട ചിത്രമല്ലെന്നും വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഫൈനല്‍ പ്രൊഡക്ടില്‍ തങ്ങള്‍ സന്തുഷ്ടരാണ്. വാലിബന് രണ്ടാം ഭാഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]