വലിയ സ്വപ്നങ്ങൾ കാണുന്നവർ കുറച്ച് വട്ടുള്ള ആൾക്കാരാണെന്ന് തോന്നുമെന്ന് പൃഥ്വിരാജ് സുകുമാരൻ. എമ്പുരാൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ തലമുതിർന്ന സംവിധായകരുടെ ചിത്രങ്ങളാണ് തന്റെ പ്രചോദനം. വീട്ടിൽനിന്ന് ഒരുപാട് മാസങ്ങൾ മാറിനിൽക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് സുപ്രിയയ്ക്കും മോൾക്കും താൻ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
സംവിധായകന്റെ മുകളിൽ വിശ്വാസം എന്നൊക്കെ പറയുമ്പോൾ തനിക്ക് പേടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ്. താൻ സിനിമാ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകൾ പറയും. എന്നാൽ, ഫിലിം മേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോൾ താൻ ഫിലിം മേക്കിങ് പഠിക്കുകയായിരുന്നെന്നും അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും തനിക്ക് ഒരു ട്യൂഷൻ തന്നെയായിരുന്നുവെന്നും താരം പറഞ്ഞു.
“എന്റെ ഓരോ സിനിമകളും കാണുമ്പോൾ ആളുകൾ ചോദിക്കും, ആരാണ് പ്രചോദനമെന്ന്. പ്രത്യേകിച്ചും എമ്പുരാന്റെ കഥ നടക്കുന്ന രാജ്യത്തിന്റെ വെളിയിലൊക്കെ ആയതുകൊണ്ട് ഹോളിവുഡ് സിനിമകളാണോ പ്രചോദനമെന്ന് പലർക്കും സംശയമുണ്ടാകും. ഇവിടെ ഇരിക്കുന്ന ജോഷി സാറും ഷാജി സാറും സത്യൻ സാറും സിബി സാറുമൊക്കെയാണ് എന്റെ പ്രചോദനം.
സുപ്രിയയ്ക്കും മോൾക്കും ഞാൻ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. കാരണം ആ സമയത്ത് വീട്ടിൽ നിന്നും ഒരുപാട് ദിവസം മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സിനിമ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാട് മാസങ്ങൾ കുടുംബത്തെ കാണാതെ മാറിനിൽക്കേണ്ടിവരും. അഭിനയം ആണെങ്കിൽ ഷൂട്ടിങ് ഇല്ലാത്ത ദിവസം വീട്ടിൽ പോകാം. മോൾ എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കിൽ ‘അയ്യോ വീണ്ടും പോയി’ എന്നാവും പറയുക.
വലിയ സ്വപ്നങ്ങൾ കാണുന്നവർ കുറച്ച് വട്ടുള്ള ആൾക്കാരാണെന്ന് തോന്നും. എന്റെയത്ര വട്ടുള്ള ആളുകൾ ആരുമില്ലെന്ന് ഞാൻ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാൾ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂർ. സിനിമയുടെ ആശയം പറയുന്നതുമുതൽ ഇത് ഏറ്റവും കൂടുതൽ മനസിലാവുന്ന ആൾ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ദുബായിലെ ആശിർവാദിന്റെ ഓഫിസിൽ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാൻ സ്ക്രിപ്റ്റ് വായിച്ചുകേൾപ്പിക്കുന്നത്. ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റർ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനിൽ മൂപ്പർക്ക് മനസ്സിലായതാണ് ഈ സിനിമ.
അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കും. എന്റെ സിനിമ മനസിലാക്കി കൂടെ നിൽക്കുന്ന നിർമാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം.” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]