അന്തരിച്ച സംവിധായകൻ ഷാഫിയെ ഹൃദയം നുറുങ്ങുന്ന വേദനയോടെ അനുസ്മരിച്ച് നടി മിയ. സ്വന്തം സിനിമകൾപോലെ നിത്യജീവിതത്തിലും എല്ലാവരേയും രസിപ്പിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു ഷാഫിയെന്ന് മിയ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അദ്ദേഹം പോയെന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ല. ഷാഫിയുടെ മരണത്തിൽ താൻ അതീവ ദുഃഖിതയാണെന്നും മിയ പറഞ്ഞു.
തന്റെ ഹൃദയം കനപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മിയ കുറിപ്പ് ആരംഭിക്കുന്നത്. താൻ എത്രമാത്രം ദുഃഖിതയാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹം എപ്പോഴും ഒരു തമാശക്കാരനായിരുന്നു. ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും ഒരു തമാശ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഫോണിൽ മറ്റൊന്നും തിരയാതെ മണിക്കൂറുകളോളം നമുക്ക് സംസാരിച്ചുകൊണ്ടിരിക്കാൻ പറ്റുന്ന ഏക മനുഷ്യൻ അദ്ദേഹമാണ്. കാരണം അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ അദ്ദേഹവും നമ്മെ എപ്പോഴും രസിപ്പിച്ചുകൊണ്ടിരിക്കുമെന്നും മിയ പറഞ്ഞു.
“സിനിമ ചെയ്യുമ്പോൾ അദ്ദേഹം സഹപ്രവർത്തകരുടെ ഫോട്ടോ എടുക്കുന്നത് കാണാം, ഇത്രയേറെ സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത മറ്റൊരു സംവിധായകൻ ഇത്തരത്തിൽ പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം കൂളായി പെരുമാറിയതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്. വളരെ വേഗം പോയിക്കളഞ്ഞല്ലോ ഷാഫി സാർ. അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അങ്ങയുടെ സിനിമകളോടൊപ്പം തന്നെ അങ്ങും ഞങ്ങളോടൊപ്പം എന്നെന്നേക്കുമായി ഇവിടെ ഉണ്ടാകും”. മിയ കൂട്ടിച്ചേർത്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.25-ഓടെയായിരുന്നു ഷാഫി(56)യുടെ അന്ത്യം. കല്യാണരാമൻ, മായാവി, ടു കൺട്രീസ് തുടങ്ങിയ ചിരിച്ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഹിറ്റ്മേക്കറായ സംവിധായകനാണ് ഷാഫി. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനാണ് ഷാഫി എന്ന എം.എച്ച്. റഷീദ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]