മുരളി ഗോപി- പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാംഭാഗത്തില്‍ കഥ അവസാനിക്കില്ലെന്ന സൂചന നല്‍കുകയാണ് ഇപ്പോള്‍ സംവിധായകന് പൃഥ്വിരാജ്. എല്‍2ഇ: എമ്പുരാന് പ്രേക്ഷകര്‍ മികച്ച വിജയം സമ്മാനിച്ചാല്‍ മൂന്നാംഭാഗം സംഭവിക്കുമെന്ന് ടീസര്‍ ലോഞ്ച് ചടങ്ങില്‍ സംവിധായകന് പറഞ്ഞു.
ചടങ്ങില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ സദസ്സില്‍നിന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മൂന്നാംഭാഗത്തെക്കുറിച്ച് ചോദിച്ചത്. ഇതുപോലെയല്ല, കുറച്ചുകൂടി വലിയ സിനിമയാണെന്ന് പറഞ്ഞൊഴിയാന്‍ പൃഥ്വിരാജ് ശ്രമിച്ചെങ്കിലും ആന്റണി ചോദ്യം ആവര്‍ത്തിച്ചു. ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ, കഥ തീരേണ്ടേയെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഇതിന് മഹാവിജയം പ്രേക്ഷകര്‍ സമ്മാനിച്ചാലാണ് മൂന്നാംഭാഗം സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രണ്ടാംഭാഗം ഇല്ലാതിരിക്കാം എന്ന രീതിയിലാണ് ഒന്നാം ഭാഗം തീര്‍ത്തത്. മൂന്നാം ഭാഗം ഇല്ലാതെ കഥ മുഴുവനാവില്ല എന്ന വ്യക്തമായ പോയിന്റിലാണ് രണ്ടാംഭാഗം അവസാനിക്കുന്നത്’, പൃഥ്വിരാജ് വ്യക്തമാക്കി.
‘സംവിധായകന്റെ മുകളില്‍ വിശ്വാസം എന്ന് പറയുമ്പോള്‍ എനിക്ക് പേടിയാണ്. തന്റെ മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ് ഞാന്‍. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിങ് പഠിക്കുകയാണ്. അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും എനിക്ക് ഒരു ട്യൂഷന് തന്നെയായിരുന്നു’, അദ്ദേഹം പറഞ്ഞു.
‘സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. എന്റെ സിനിമ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാട് മാസങ്ങള്‍ കുടുംബത്തെ കാണാതെ മാറിനില്‍ക്കേണ്ടിവരും. അഭിനയം ആണെങ്കില്‍ ഷൂട്ടിങ് ഇല്ലാത്ത ദിവസം വീട്ടില്‍ പോകാം. മോള് എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കില്‍ അയ്യോ വീണ്ടും പോയി എന്നാവും പറയുക’, പൃഥ്വിരാജ് പങ്കുവെച്ചു.
‘വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ കുറച്ച് വട്ടുള്ള ആള്‍ക്കാരാണെന്ന് തോന്നുന്നു. എന്റത്ര വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ ആശയം പറയുന്നതുമുതല്‍ ഏറ്റവും കൂടുതല്‍ മനസിലാവുന്ന ആള് ആന്റണി പെരുമ്പാവൂര്‍ ആണ്. ദുബായിലെ ആശീര്‍വാദിന്റെ ഓഫീസില്‍ വെച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി സ്ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുന്നത്. ആന്റണീ, കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നില്ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി’, അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുസംവിധായകന്‍ പോലുമാകുമോയെന്ന് ഉറപ്പില്ല. ലൂസിഫറിന് പ്രേക്ഷകര്‍ തന്ന വിജയമാണ് എമ്പുരാന് ഉണ്ടാവാനുള്ള ഏറ്റവും വലിയ കാരണം. ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം എന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]